മാർച്ച് രണ്ട് രാജെൻറ ഓർമ്മദിനമാണ്. ഈ ദിനത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ആത്മകഥയാണ് പ്രഫ. കെ.കെ. അബ്ദുൾ ഗഫാർ എഴുതിയ ``ഞാൻ സാക്ഷി'' എന്ന പുസ്തകം. അടിയന്തരാവസ്ഥക്കാലത്ത് കാൽവിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യൻ രാജനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂർ കോടതിയിലും അവനുവേണ്ടി മുന്നിട്ടിറങ്ങിയ മുഴുവൻ ജനസമൂഹത്തിന് മുന്നിലും സാക്ഷി പറയാൻ ധീരത കാട്ടിയ ജീവിതകഥയാണിത്. കേരളത്തെ പിടിച്ചുകുലുക്കിയ രാജൻ കേസ് പ്രതിപാദനങ്ങളിൽ രാഷ്ട്രീയനിറമില്ലാത്തതുകൊണ്ടു മാത്രം അകറ്റിനിർത്തപ്പെട്ട ആ ജീവിതം ഒരിക്കൽക്കൂടി കേരളസമൂഹത്തിന്റെ മുന്നിൽ വന്നുനിന്ന് പറയുകയാണ്. അവന് ഞാൻ സാക്ഷിയെന്ന്.
ഈ പുസ്തകത്തിലെ രാജൻ പ്രിയപ്പെട്ട വിദ്യാർഥിയെന്ന അധ്യായത്തിൽ നിന്ന്: - കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് എന്നു കേള്‍ക്കുമ്പോള്‍ മലയാളിയുടെ ഓര്‍മ്മയില്‍ മറ്റൊരു പേരും ഉണരില്ല. പി.രാജന്‍, അവിടത്തെ വെറുമൊരു മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പേരു മാത്രമല്ല. ആധുനിക കേരളചരിത്രം കണ്ട ഏറ്റവും വലിയ നീതിനിഷേധത്തിന്റെയും ഭരണകൂടവേട്ടയുടെയും മനുഷ്യാവകാശ വിരുദ്ധതയുടെയും പ്രതീകമാണ്. അതുകൊണ്ട് ആര്‍.ഇ.സി. എന്നാല്‍ റീജിയണല്‍ എന്‍ജിനീയറിങ് കോളേജെന്നല്ല, രാജന്‍സ് എന്‍ജിനീയറിങ് കോളേജ് എന്നുതന്നെയാണ് നമ്മുടെയെല്ലാം മനസ്സില്‍ കൊത്തിവെച്ചിരിക്കുന്നതും.
രാജന്‍ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു. എന്നെഅറിയുന്ന പലര്‍ക്കും അതൊരു പുതിയ അറിവായിരിക്കാം. കാരണം അത്യാവശ്യഘട്ടങ്ങളില്ലാതെ ഞാന്‍ അതെവിടെയും പറഞ്ഞിട്ടില്ല. പക്ഷേ, കേസിന്റെ ചരിത്രത്തിലും അവനെ തേടിയുള്ള വേദനയുടെയും കണ്ണീരിന്റെയും സഞ്ചാരവഴികളിലും ആഴ്ന്നിറങ്ങിയവര്‍ എന്റെ അലച്ചിലിനെയും പല ഭാഗങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ പരമ്പരകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
അപ്പോഴൊന്നും എന്തെങ്കിലുമൊരു പ്രതികരണവുമായി ഞാന്‍ പ്രത്യക്ഷപ്പെടാതിരുന്നത് ബോധപൂര്‍വ്വമായിരുന്നു. നിറം പിടിപ്പിക്കപ്പെട്ട പല കഥകള്‍ക്കും കൂടുതല്‍ നിറം നല്‍കാനല്ലാതെ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിക്ക് അതില്‍ നിന്ന് എന്തു ലഭിക്കുമെന്നാണ് ഞാന്‍ ആലോചിച്ചത്. ചരിത്രം കുഴിച്ചെടുത്ത രേഖകള്‍ ആളുകള്‍ വായിച്ച് ഹരം കൊള്ളുന്നതിനപ്പുറത്ത് നീതിനിഷേധിക്കുന്നവര്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നു മാത്രമല്ല, അത് പില്‍ക്കാലത്തിന് ഒരു പാഠംപോലുമാകുന്നില്ലെന്നുതന്നെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. രാജന്മാര്‍ പലരൂപത്തിലും ഭാവത്തിലും അതിനുശേഷവും എത്ര സംഭവിച്ചിരിക്കുന്നു!
ഇനിയും എനിക്കാ നിശ്ശബ്ദത ഭഞ്ജിക്കാതിരിക്കാനാവില്ല. എന്റെ ജീവിതകഥയിലെ ഏറ്റവും നടുക്കമുള്ള ആ കാലഘട്ടത്തെ കടന്നുചാടാനുള്ള അഭ്യാസങ്ങളൊന്നും ഞാന്‍ വശത്താക്കിയിട്ടില്ല. രാജനെക്കുറിച്ച് പറയുമ്പോഴെല്ലാം വലിയൊരു കരിങ്കല്ല് നെഞ്ചില്‍ കയറ്റിവെച്ചതുപോലെ വാക്കുകള്‍ അസാധാരണമായ ഭാരം അനുഭവിപ്പിക്കുന്നുവെങ്കിലും സത്യത്തിലേക്കുള്ള പാതകള്‍ വിളിച്ചു പറയാന്‍ അതൊന്നും തടസ്സമല്ല.
പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെന്ന് രാജനെ ഞാന്‍ വിശേഷിപ്പിച്ചത് വെറുതെയല്ല. നല്ല അനുസരണയും അച്ചടക്കവുമുള്ള വിദ്യാര്‍ത്ഥിതന്നെയായിരുന്നു അവന്‍. കോളേജില്‍ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്നു രാജന്‍. ഞാനായിരുന്നു അന്ന് വകുപ്പു തലവന്‍. ഗുരുത്വം ഓരോ ചലനങ്ങളിലും കാത്തുസൂക്ഷിച്ച ഒരു മാതൃകാ വിദ്യാര്‍ത്ഥി. എന്നോടു മാത്രമല്ല എല്ലാ അധ്യാപകരോടും രാജന് വലിയ ആദരവായിരുന്നു. തിരിച്ച് അധ്യാപകര്‍ക്കും അവനോടും വലിയ മതിപ്പായിരുന്നു. രാജനും ജോസഫ് ചാലിയും ജോണുമെല്ലാം നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികളായതുകൊണ്ടു ഒരു പ്രത്യേക പരിഗണനയും വാത്സല്യവും അവര്‍ക്ക് വേണ്ടുവോളം ഞാന്‍ നല്‍കിയിരുന്നു.
രാജന്‍ നന്നായി പാടുമായിരുന്നു. രാജന്റെ പാട്ടുകള്‍ക്ക് നല്ല താളവും ഈണവുമുണ്ടായിരുന്നു. ഒരു പ്രൊഫഷണല്‍ ഗായകനെപ്പോലെയാണ് അവന്‍ പാടിയിരുന്നത്. കോളേജിലെ ആഘോഷ പരിപാടികളിലെ ആകര്‍ഷകമായ ഇനം രാജന്റെ പാട്ടുതന്നെയായിരുന്നു. പഠനത്തിലും കലയിലും ഒരുപോലെ തിളങ്ങാന്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി എന്ന നിലയില്‍ സഹപാഠികള്‍ക്കിടയിലെ താരമായാണ് രാജന്‍ വളര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.