അക്ബർ എന്ന സൗഹൃദത്തിന്റെ ഒറ്റമരം

'മരിച്ചവരും ജീവിച്ചിരിപ്പവരും  തമ്മിലെന്തന്തരം ജീവിച്ചിരിപ്പവരെ കാണുമ്പോൾ നാമോർക്കും മരിച്ചവരെ ഓർക്കുമ്പോൾ കാണും അത്രമാത്രം.'ആർക്കും എങ്ങനെയും കൂടുകൂട്ടാൻ പാകത്തിൽ സൗഹൃദത്തിന്റെ ചില്ലകൾ വിരിച്ചിട്ട ഒറ്റമരമാണ് അക്ബർ മാഷ്. എഴുത്തുജീവിതത്തിനു പുറമെ അക്ബർ കക്കട്ടിലിനെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം. ലസിത സംഗീത് എഡിറ്റിങ് നിർവഹിച്ച 'അക്ബർ ദേശഭാവനയുടെ കഥാകാരൻ' എന്ന പുസ്തകം അത് അന്വർഥമാക്കുന്നുണ്ട്. സൗഹൃദത്തിന്റെ ഒരു നീണ്ടനിരയാണ് ഇതിൽ കടന്നുവരുന്നത്.

എം.ടിയും സത്യൻ അന്തിക്കാടും അടൂരും മുകുന്ദനും പി. ഹരീന്ദ്രനാഥും വീരാൻ കുട്ടിയും ഖദീജ മുംതാസും മുതുകാടും തുടങ്ങി ചെറുതും വലുതുമായ നാനാതുറയിലുള്ള 75ഓളം ആളുകളുടെ സൗഹൃദം തുളുമ്പുന്ന കുറിപ്പുകൾ.അതിലെ ഓരോ കുറിപ്പും വായിക്കുമ്പോൾ സൗഹൃദം മനസ്സിൽ നനവായി സൂക്ഷിക്കുന്ന ഏതൊരാളുടെയും കണ്ണുകൾ ഈറനണിയും. അത്രമാത്രം വൈകാരികമാവുന്നു ആ കുറിപ്പുകൾ എന്നതുകൊണ്ടു തന്നെയാണത്. അത് സംഭവിച്ചത് അക്ബർ മാഷ് എന്നും മനസ്സിൽ കൊണ്ടുനടന്ന സൗഹൃദത്തിന്റെയും നന്മയുടെയും മാന്ത്രികതയുടെ അനന്തര ഫലംകൊണ്ടു മാത്രമാണ്.ഓരോ കുറിപ്പിലും എഴുത്തുകാരനിലൂടെ അനിയന്ത്രിതമായി പുറത്തേക്ക് പൊട്ടിയൊലിക്കുന്ന സൗഹൃദത്തിന്റെ വേലിയേറ്റങ്ങൾ വായനക്കാരനെയും അക്ബർ മാഷിന്റെ പ്രിയപ്പെട്ട ചങ്ങാതിമാരാക്കി മാറ്റുന്നു. അത്രമാത്രം സൗഹൃദത്തിന്‍റെ നീരൊഴുക്ക് ഉള്ളതുകൊണ്ടാണ് ഒരു ഓർമപ്പുസ്‌തകം എന്നതിലുപരി ഇതൊരു സൗഹൃദത്തിന്റെ കൈപ്പുസ്തകമായി മാറുന്നത്. മാഷ് വന്നുപോകുന്ന ഓരോ നിമിഷത്തിലും നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിയുന്ന ഓർമകൾ നിക്ഷേപിക്കുന്നു. ആ ഓർമകൾ വിത്തായും അതു പിന്നെ മരമായും ഫലമായും പൂത്തുതളിർത്തു നിൽക്കുന്നുണ്ട്.

ഈ പുസ്തകം തന്റെ ഗുരുദക്ഷിണയെന്നാണ് എഡിറ്റർ ലസിത പറയുന്നത്. 'എനി എനിക്ക് എഴുതാനൊന്നും ആവൂല മാഷേ, ഞാൻ എഴുതുന്നോന്നും നന്നാവൂല' എന്ന് പറഞ്ഞപ്പോൾ അതേ നാടൻ ഭാഷയിൽ തന്നെ മാഷ് പറഞ്ഞു: 'നീ എഴ്ത്... നന്നാവുന്നുണ്ടോ എന്നൊക്കെ പിന്നെ ആലോചിക്കാം.' അതൊരു സൗഹൃദത്തിന്റെ പാലമായിരുന്നു. മുതുകാടിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇതുപോലെ ചെറുതും വലുതുമായ ഏതൊരു മനുഷ്യന്റെയും ഉള്ളിലേക്ക് കടന്നുചെല്ലാൻ പാകത്തിൽ തന്നെ രൂപപ്പെടുത്തിയ ഒരു മജീഷ്യൻ കൂടിയായിരുന്നു അക്ബർ. അക്ബർ കക്കട്ടിൽ ഒരാളല്ല, പല അക്ബറുമാരുണ്ട് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. 'എഴുത്തുകാരനായ അക്ബർ, സുഹൃത്തായ അക്ബർ, അധ്യാപകനായ അക്ബർ, സംഘാടകനായ അക്ബർ, പ്രഭാഷകനായ അക്ബർ, പാഠപുസ്തക കമ്മിറ്റിയിലെ അക്ബർ, നർമ സംഭാഷകനായ അക്ബർ... ഇതിൽ ഏത് അക്ബറാണ് നമ്മെ വിട്ടുപിരിഞ്ഞതെന്ന് അറിയില്ല. ഇതിൽ ഏതോ ഒരക്ബർ മാത്രമാണ് നമ്മെ വിട്ടുപിരിഞ്ഞത്'.മാഷിന്റെ സ്നേഹവും സൗഹൃദവും സാന്നിധ്യവും ഒരു ഔഷധംപോലെ മനസ്സിന് സാന്ത്വനം നൽകുന്നുണ്ടെന്ന് എം. മുകുന്ദൻ ഓർക്കുന്നു. ഒടുക്കം, സൗഹൃദ ലോകത്തെ മൊത്തം നോവിലാഴ്ത്തി സ്നേഹത്തിന്റെ ആ വന്മരം തണൽ ബാക്കിയാക്കി പിരിഞ്ഞുപോയി. സ്നേഹത്തിന്റെ പല തലങ്ങൾ നമുക്ക് പരിചയപ്പെടുത്തിത്തരുന്നതാണ് ഈ പുസ്തകം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT