1. പൈതൃക ലൈബ്രറിയിലെ പ്രദർശനങ്ങളിൽ നിന്ന് 2. പൈതൃക ലൈബ്രറി

വിദ്യാർഥികളുടെ പഠനകേന്ദ്രമായി പൈതൃക ലൈബ്രറി പ്രദർശനം

ദോഹ: ഖത്തറിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും ഉൾപ്പെടെ അറബ്, ഇസ്ലാമിക ലോകത്തെക്കുറിച്ച് ആഴത്തിൽ അറിയാനും പഠിക്കാനുമാഗ്രഹിക്കുന്നവർക്കുള്ള പൈതൃക ലൈബ്രറിയിലെ സ്ഥിരം പ്രദർശനം വിദ്യാർഥികളെ ആകർഷിക്കുന്നു. ഖത്തർ നാഷണൽ ലൈബ്രറിയുടെ ഹൃദയഭാഗത്താണ് പൈതൃക ലൈബ്രറി സ്ഥിതി ചെയ്യുന്നത്. 400ഓളം പൈതൃക, ചരിത്ര ശേഷിപ്പുകളാണ് ലൈബ്രറിയിലെ സ്ഥിരം പ്രദർശനത്തിലുൾപ്പെടുന്നത്.

ഖത്തറിന്റെ സമ്പന്നമായ ചരിത്രത്തെയും ജീവിത രീതികളെയും അറിയാനും ആഴത്തിൽ പഠിക്കാനും ആഗ്രഹിച്ചെത്തുന്ന പുതുതലമുറക്ക് ഏറ്റവും മികച്ച അനുഭവമാണ് ഇവിടം നൽകുന്നതെന്ന് ക്യു.എൻ.എൽ ഉദ്യോഗസ്ഥനായ സ്‌റ്റെഫാൻ ജെ ഐപെർട്ട് പറഞ്ഞു.

പൈതൃക ശേഖരം അടുത്തറിയുന്നതിനായി വ്യത്യസ്ത പ്രായത്തിലുള്ള നിരവധി സന്ദർശകരാണ് ലൈബ്രറിയിലെത്തുന്നതെന്നും സെകൻഡറി വിദ്യാർഥികളിൽ നിന്നുള്ള സന്ദർശകരും അവരിലുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വിദ്യാർഥികളുമായുള്ള അധ്യാപനരീതികൾ കൂടുതൽ മെച്ചപ്പെടുത്താൻ അധ്യാപകരെ ഈ സന്ദർശനം പ്രചോദിപ്പിച്ചെന്ന് ഐപെർട്ട് പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾ അവരുടെ കോഴ്‌സുകളുടെ ഭാഗമായും ഖത്തറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അവരുടെ അസൈൻമെന്റുകളുമായി ബന്ധപ്പെട്ടും ലൈബ്രറിയിൽ സ്ഥിര സന്ദർശകരാണ്. കൂടാതെ ഖത്തർ സർവകലാശാലയിലെ ചരിത്ര വിദ്യാർഥികളെ അവരുടെ ഫീൽഡ് ട്രിപ്പുകളിൽ, പ്രത്യേകിച്ചും കൈയെഴുത്ത് പ്രതികളുമായി ബന്ധപ്പെട്ട് പഠിക്കുവാനും ഉപയോഗപ്പെടുത്തുന്നു.

കൈയെഴുത്ത് പ്രതികളുമായി ബന്ധപ്പെട്ട കോഡിക്കോളജിയെക്കുറിച്ച് കൂടുതൽ അറിയാൻ അനുവദിക്കുന്ന നിരവധി കൈയെഴുത്ത് പ്രതികൾ പൈതൃക ലൈബ്രറിയിലുണ്ട്.

ശാസ്ത്രം, ഗണിതം, ജ്യാമിത, എഞ്ചിനിയറിംഗ് തുടങ്ങിയ മേഖലകളിൽ മുസ്ലിം പണ്ഡിതരുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി കൈയെഴുത്ത് പ്രതികളാണ് ശേഖരത്തിലുള്ളത് -ഐപെർട്ട് ചൂണ്ടിക്കാട്ടി.

ഹെറിറ്റേജ് ലൈബ്രറിയിൽ 3500ലധികം ഇസ്ലാമിക കൈയെഴുത്ത് പ്രതികളും 500 കാലിഗ്രഫിക് പാനലുകളും പുരാവസ്തുക്കളുമുണ്ട്. ശ്രദ്ധാപൂർവം ക്യുറേറ്റ് ചെയ്ത ശേഖരത്തിൽ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Exhibition of heritage library as a study center for students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT