ഭാഷയാണ് ഒരെഴുത്തുകാരിയുടെ അല്ലെങ്കിൽ എഴുത്തുകാരന്റെ ആയുധം. പല ഭാഷകളിലും സംസാരിക്കാനും ആശയവിനിമയം നടത്താനും സാധിച്ചേക്കാമെങ്കിലും, ഒരു കഥ പറയാൻ, അല്ലെങ്കിൽ ഒരു വിഷയം അവതരിപ്പിക്കാൻ നമുക്കേറ്റവും ആത്മവിശ്വാസം തരുന്നത് മാതൃഭാഷയോ അല്ലെങ്കിൽ സ്ഥിരോപയോഗം കൊണ്ട് മാതൃഭാഷ പോലെയായി തീർന്ന ഒരു ഭാഷയോ ആയിരിക്കും. എന്നാൽ, പശ്ചിമ ബംഗാളിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാർത്ത കുടുംബത്തിലെ അംഗമായ ജുമ്പാ ലാഹിരി എന്ന അമേരിക്കൻ എഴുത്തുകാരി ഒടുവിൽ എഴുതാനായി തിരഞ്ഞെടുത്തത് ഇറ്റാലിയൻ ഭാഷയാണ്.
ഇൻ അദർ വേർഡ്സ്, വേർ എബൗട്ട്സ് തുടങ്ങിയ അവരുടെ പുസ്തകങ്ങൾ രചിച്ചിരിക്കുന്നത് ഇറ്റാലിയൻ ഭാഷയിലാണ്. ഇൻ ആൾട്ടർ പരോൾ എന്ന ഇറ്റാലിയൻ രചനയുടെ ഇൻ അദർ വേർഡ്സ് എന്ന ആൻ ഗോസ്റ്റിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഞാൻ വായിച്ചത്. ഇംഗ്ലീഷിൽ വളരെയേറെ വായിക്കപ്പെട്ട പുസ്തകങ്ങൾ എഴുതിക്കൊണ്ടിരുന്ന ഒരാൾ, തീർത്തും പുതിയൊരു ഭാഷയും വ്യാകരണവുമൊക്കെ പഠിച്ച് ആ ഭാഷയിൽ എഴുതിത്തുടങ്ങുക എന്നാൽ എത്ര കഠിനമായ ശ്രമങ്ങളാണ് അതിനു പിറകിലെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഇൻ അദർ വേർഡ്സ് എന്നത് ഓർമക്കുറിപ്പ് അല്ലെങ്കിൽ ആത്മകഥാപരമായ സ്മരണകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന പുസ്തകമാണ്. ഇറ്റാലിയൻ ഭാഷയിലേക്ക് താൻ എങ്ങനെയാണ് ആകൃഷ്ടയായതെന്നും എങ്ങനെയാണ് ആ ഭാഷ പഠിച്ച് അതിൽ പ്രാവീണ്യം നേടി പുസ്തകരചനയിലേക്ക് തിരിഞ്ഞതെന്നും വിശദമാക്കുന്ന കുറിപ്പുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വർഷങ്ങൾക്കു മുമ്പ് വിദ്യാർഥിനി ആയിരിക്കുമ്പോൾ ഇറ്റലി സന്ദർശിച്ചിരുന്ന ജുമ്പക്ക് അന്നേ ഈ ഭാഷയിൽ കൗതുകം ജനിച്ചിരുന്നു. പിന്നീട് ഈ ഭാഷ വശത്താക്കണം എന്ന ആഗ്രഹത്തിൽ ഇറ്റലി പല തവണ സന്ദർശിച്ച് ഭാഷ പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, പൂർണമായി ഒരു ഭാഷയെ അധീനപ്പെടുത്തണമെങ്കിൽ ആ ഭാഷയാൽ ചുറ്റപ്പെട്ടുനിൽക്കുന്ന പ്രദേശത്ത് അഥവാ ഭാഷ സംസാരിക്കുന്ന മനുഷ്യർക്കിടയിൽ സ്ഥിരമായി താമസിക്കേണ്ടിയിരിക്കുന്നു എന്ന് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ, അതുവരെ ജീവിച്ച അമേരിക്കയിൽനിന്ന് യൂറോപ്യൻ പ്രദേശമായ റോമിലേക്ക് അവർ കുടുംബത്തോടെ കുടിയേറി. ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവർക്കിടയിൽ സ്ഥിര താമസമാക്കിയതോടെ തന്റെ ഭാഷ മെച്ചപ്പെടുന്നുണ്ടെന്ന് ജുമ്പ തിരിച്ചറിഞ്ഞു.
ജുമ്പയെ സംബന്ധിച്ച് ഭാഷ പഠിക്കുക എന്നാൽ അതിനർഥം കേവലം ആ ഭാഷയിൽ ആശയവിനിമയം നടത്തുക എന്നല്ല, മറിച്ച് ആ ഭാഷയിൽ സാഹിത്യരചന നടത്തുക എന്നതായിരുന്നു. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും അവർ താമസിയാതെ ആ ഉദ്യമത്തിൽ വിജയിച്ചു. ഇൻ അദർ വേർഡ്സ് എന്ന ഈ പുസ്തകത്തിൽ ഇറ്റാലിയൻ ഭാഷയിലേക്കുള്ള അവരുടെ ചുവടുവെപ്പിന്റെ ഘട്ടങ്ങളാണ് അധ്യായങ്ങളായി തിരിച്ചെഴുതിയിരിക്കുന്നത്. പിച്ചവെച്ച് ആ ഭാഷയിലേക്ക് പ്രവേശിച്ച്, സാഹിത്യ രചനകൾ സൃഷ്ടിക്കാനും, മികച്ച പ്രസംഗകയാകാനും സാധിച്ച ജുമ്പ ലാഹിരിയുടെ വിജയഗാഥയാണ് ഇൻ അദർ വേർഡ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.