ഷാര്‍ജ: ഈഗോയില്ലാത്ത നല്ല കൂട്ടുകെട്ടില്‍നിന്നും സൗഹൃദത്തില്‍നിന്നുമാണ് പലപ്പോഴും മികച്ച സിനിമകള്‍ പിറക്കുന്നതെന്ന് നടൻ ജയസൂര്യ. ഷാര്‍ജ പുസ്തകോത്സവത്തില്‍ അതിഥിയായെത്തിയ ജയസൂര്യ സിനിമ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു. സംവിധായകൻ പ്രജേഷ് സെന്നും ഒപ്പമുണ്ടായിരുന്നു.
കൊണ്ടും കൊടുത്തും അഭിപ്രായങ്ങള്‍ സ്വീകരിച്ചും ചെയ്യുന്ന സിനിമാ കൂട്ടുകള്‍ ഉണ്ടാകണമെന്ന് ജയസൂര്യ പറഞ്ഞു. മലയാളത്തില്‍ മിക്കവാറും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുണ്ടായത് മികച്ച സൗഹൃദത്തില്‍നിന്നാണ്. പ്രജേഷ് സെന്നില്‍നിന്നും അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹം. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദര്‍ഭവും കാമറയും എഡിറ്റിങ്ങും വരെ മലയാള പ്രേക്ഷകര്‍ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്‍റെ മാത്രം പ്രത്യേകതയാണ്.
'വെള്ളം' പോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രം ചെയ്തപ്പോള്‍ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയില്‍ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധി പേര്‍ക്ക് പ്രചോദനമായെന്നറിഞ്ഞപ്പോള്‍ സിനിമാജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളുടെ അംശം ജീവിതത്തില്‍നിന്നും ഇറക്കിവിടാന്‍ കഴിയില്ല. ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. ലോകമറിയേണ്ട കഥാപാത്രങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.
പ്രവാസ ലോകത്ത് വേറിട്ട സേവനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ കഥാപാത്രം ആരെങ്കിലും അവതരിപ്പിക്കണം.
വി.പി. സത്യനെ അവതരിപ്പിച്ചപ്പോഴാണ് താനടക്കമുള്ളവര്‍ക്ക് അദ്ദേഹത്തിന്‍റെ മഹത്വം മനസ്സിലായത്. തന്‍റെ അടുത്ത ചിത്രം കോമഡിയായിരിക്കും. കോവിഡ് കാലത്ത് പ്ലാന്‍ ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.കത്തനാര്‍ എന്ന സിനിമക്കുശേഷം ഹാസ്യചിത്രത്തില്‍ അഭിനയിക്കും. ആട് എന്ന സിനിമയുടെ മൂന്നാം ഭാഗവും വരുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.