ജിദ്ദ: ജിദ്ദ പുസ്തകമേളക്ക് ഉജ്ജ്വല തുടക്കം. ഈ മാസം 16 വരെ നീളുന്ന പുസ്തകമേള ജിദ്ദ സൂപ്പർ ഡോമിൽ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. 34,000 ചതുരശ്ര വിസ്തീർണത്തിലാണ് സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി മേള ഒരുക്കിയിരിക്കുന്നത്. രണ്ടാംതവണയാണ് സൂപ്പർ ഡോമിൽ പുസ്തകമേള അരങ്ങേറുന്നത്. അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അൽവാനാണ് ഉദ്ഘാടനം ചെയ്തത്. നിരവധി എഴുത്തുകാർ, ചിന്തകന്മാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
1000ത്തിലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണശാലകളും 400 പവലിയനുകളുമാണ് മേളയിലുള്ളത്. സാംസ്കാരിക പരിപാടിയിൽ 31 ഡയലോഗ് സെമിനാറുകൾ, 24 ശിൽപശാലകൾ, ഒമ്പത് നാടക അവതരണങ്ങൾ, നാല് കവിതാ സായാഹ്നങ്ങൾ, കുട്ടികൾക്കായി 10 ശിൽപശാലകൾ, മൂന്ന് പാനൽ ചർച്ചകൾ എന്നിവ നടക്കും. കൂടാതെ പുതിയ പുസ്തകങ്ങൾ എഴുത്തുകാർ ഒപ്പിട്ടുനൽകുന്ന വേദിയുമുണ്ടാവും. പ്രദർശനത്തിന്റെ ആദ്യ ദിവസം വിവിധ സാംസ്കാരിക പരിപാടികളോടെയാണ് പുസ്തകമേള ആരംഭിച്ചത്. ‘സാഹിത്യ നിരൂപണത്തിന്റെ സൗന്ദര്യശാസ്ത്രം’ എന്ന ശീർഷകത്തിൽ സംവാദവും ‘ഭാവനയും കഥയുടെ കലയും’ എന്ന ശീർഷകത്തിൽ ഒരു സിമ്പോസിയവും നടന്നു.
ഇരുപരിപാടിയിലും സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പെങ്കടുത്തു. വായന, ശ്രവണ വൈകല്യമുള്ള കുട്ടികളുമായുള്ള ആശയവിനിമയം, ബാലസാഹിത്യം എന്നിവ ഉൾക്കൊള്ളുന്ന മൂന്ന് ശിൽപശാലകളും അരങ്ങേറി. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം നിരവധി കവിതാ സായാഹ്നങ്ങൾക്ക് സാക്ഷ്യം വഹിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശനിയാഴ്ച രാത്രി എട്ടിന് കവി ഡോ. അബ്ദുൽ അസീസ് ഖോജയുടെ നവാൽ അൽറഷീദി മോഡറേറ്ററായ കവിതാ സായാഹ്നമായിരിക്കും.
സന്ദർശകർക്കുള്ള സമയം വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ അർധരാത്രി 12 വരെയാണ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ അർധരാത്രി 12 വരെയുമാണ്. ഈ വർഷം ലിറ്ററേച്ചർ, പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തകമേളയാണ് ജിദ്ദയിലേത്. ഈ വർഷം മാർച്ചിലാണ് സൗദി കിഴക്കൻ പ്രവിശ്യ പുസ്തകമേള നടന്നത്. ജൂണിൽ മദീന പുസ്തകമേളയും സെപ്റ്റംബറിൽ റിയാദ് പുസ്തകമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.