തിരുവനന്തപുരം: കനോലി കനാലിന്റെ തീരത്തുനിന്നുള്ള കഥയും കഥാപാത്രങ്ങളും വായനക്കാരുടെ ഹൃദയങ്ങളിലെത്തിച്ച നോവൽ മാത്രമായി ചുരുങ്ങുന്നില്ല അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’. 1960കൾ മുതലുള്ള ഒരു പ്രദേശത്തെ ജീവിതവും സമരവും അതിന്റെ തുടർചലനങ്ങളും പലതലങ്ങളിൽ ഓർമപ്പെടുത്തുന്ന കൃതി ഇടതുപക്ഷത്തിന്റെ ഇന്നലെകളിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനൊപ്പം വിമർശനാത്മകമായി സമീപിക്കുകകൂടി ചെയ്യുന്നു. വായനക്കാർക്കിടയിൽ ഏറെ സ്വീകാര്യത നേടിയ നോവലിനെ തേടി ഇക്കൊല്ലത്തെ വയലാർ അവാർഡ് എത്തിയത് അപ്രതീക്ഷിതമായാണ്. നിർദേശിക്കപ്പെട്ട 330 കൃതികളിൽ നിന്നാണ് ‘കാട്ടൂർകടവ്’ മുൻനിരയിലേക്കെത്തിയത്.
ഇത് തന്റെ ദേശവുമായി ബന്ധപ്പെട്ട കൃതിയാണെന്നാണ് നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് വേണ്ടത്ര സാഹിത്യത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്ന അഭിപ്രായമുള്ള അശോകൻ ചരുവിൽ, ഇടത് സമരങ്ങളിലും പോരാട്ടമുഖങ്ങളിലും മുന്നണിയിൽ നിന്ന ദലിത് വിഭാഗങ്ങൾക്ക് അർഹമായത് നേടാനായോ എന്ന ചോദ്യവും നോവലിലൂടെ ഉയർത്തുന്നു.
ഫ്ലാഷ് ബാക്കുകളുടെ തുടർച്ചകളും അവതരണവുംകൊണ്ട് വേറിട്ട രചനാരീതികളിലൂടെ കടന്നുപോകുന്നുമുണ്ട് ‘കാട്ടൂർകടവ്’. കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും ഒരു പ്രദേശം നോവലിൽ നിറയുന്നു. ഇതുവരെ എഴുതിയതിൽ പ്രധാന രചനയായി എഴുത്തുകാരനും കൃതിയെ വിലയിരുത്തുന്നു.
‘കാട്ടൂർകടവ്’ കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്ക്കൊള്ളുന്നതാണെന്നാണ് വയലാർ അവാർഡ് ജൂറിയുടെ വിലയിരുത്തൽ. 2018ലെ പ്രളയകാലത്താണ് നോവൽ തുടങ്ങുന്നത്. സമൂഹമാധ്യമങ്ങളുടെ സാന്നിധ്യമടക്കമുള്ള നവലോക വ്യവസ്ഥകൾ നോവലിൽ ഉൾച്ചേർത്തിരിക്കുന്നു.
ഇടത് നിലപാടിനൊപ്പം സഞ്ചരിച്ചപ്പോഴും കമ്യൂണിസവും വിമർശിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം തുറന്നുപറയാറുള്ള എഴുത്തുകാരൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പോലെ വിമർശനം ഏറ്റുവാങ്ങിയ മറ്റൊന്നും ലോകത്ത് വെറെയുണ്ടെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കുന്നു. അർഹിക്കുന്നവിധം ഉത്തരവാദിത്തമുള്ള വിമർശനം ഏറ്റുവാങ്ങാനുള്ള ഭാഗ്യം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കില്ലെന്ന അഭിപ്രായവും അഭിമുഖങ്ങളിൽ അശോകൻ ചരുവിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.