മലയാളത്തിന്റെ ഭക്തിസാഹിത്യ ചരിത്രത്തിൽ മുഹമ്മദ് നബിയെ കുറിച്ചുള്ള മദ്ഹ് കൃതികൾ ഒട്ടനവധി രചിക്കപ്പെട്ടിട്ടുണ്ട്. അറബിമലയാളത്തിലെ അറിയപ്പെട്ട ആദ്യ കൃതിയായ മുഹ് യിദ്ദീൻമാലയിൽ അബ്ദുൽ ഖാദിർ ജീലാനി എന്ന പുണ്യപുരുഷനെയാണ് സ്തുതിക്കുന്നത്. എന്നാൽ, 1700 നും 1780 നും ഇടയിൽ കോഴിക്കോട് ജീവിച്ചിരുന്ന കുഞ്ഞായിൻ മുസ്ലിയാരുടെ ’നൂൽ മദ്ഹ്’ എന്ന കൃതിയാണ് കണ്ടെടുക്കപ്പെട്ടതിൽ ആദ്യത്തെ മലയാള മുഹമ്മദ് നബി കീർത്തനം. ശേഷം, മലയാളത്തിലെ മുസ്ലിം സാഹിത്യരംഗം ഏറെ വിപുലവും വൈവിധ്യപൂർണവുമായ ഇരുപതാം നൂറ്റാണ്ടിൽ മുസ്ലിം ഭക്തിസാഹിത്യത്തിന്റെ പ്രധാനപ്പെട്ട ഒരിനംതന്നെ മുഹമ്മദ്നബി കീർത്തനങ്ങളായി മാറി.
തോടൊപ്പംതന്നെ നബിചരിത്രവും ധാരാളം ഗദ്യമായും പദ്യമായും എഴുതപ്പെട്ടു. ഈ നൂറ്റാണ്ടിനിടക്ക് നബിചരിത്രത്തിലെ മിക്ക സംഭവങ്ങളും കാവ്യകൃതികളായി പുറത്തിറങ്ങിക്കഴിഞ്ഞു. അവയിൽ ഏറെ പ്രസിദ്ധമായത് ബദ്ർയുദ്ധ ചരിതങ്ങൾതന്നെയാണ്. ചാക്കീരി ബദ്റും മോയിൻകുട്ടിവൈദ്യരുടെ ബദ്ർ പടപ്പാട്ടും മാപ്പിളകാവ്യചരിത്രത്തിലെ ക്ലാസിക് രചനകളായി ഇന്നും കൊണ്ടാടപ്പെടുന്നു. പ്രവാചകത്തിരുപ്പിറവി, മക്കാദേശം, ഹിറാഗുഹയിലെ ദിവ്യവെളിപാട് (വഹ്യ്), ഖദീജയുമൊത്തുള്ള ജീവിതം, മദീനാപുരിയിലേക്കുള്ള പലായനം (ഹിജ്റ), വിവിധ പോരാട്ടങ്ങൾ, മക്കാവിജയം, മരണം (വഫാത്ത്) തുടങ്ങിയവയൊക്കെ മാപ്പിളകൃതികൾക്ക് പ്രമേയമായിമാറി. അതോടൊപ്പം പ്രവാചകകുടുംബവും അനുചരവൃന്ദവും കാവ്യകൃതികളിൽ തെളിഞ്ഞുനിന്നു. ഇത്രയും വിഷയങ്ങളിലൂന്നി ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകൾ ഇക്കാലത്തിനകം രചിക്കപ്പെട്ടിട്ടുണ്ടാകും.
അതോടൊപ്പം മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും മലയാള പൊതുവായനക്കാരുടെ അഭിരുചികൾക്കിണങ്ങുമാറ് എഴുതപ്പെട്ട കാവ്യരചനകളും ഉണ്ടായിട്ടുണ്ട്.
വള്ളത്തോൾ നാരായണമേനോൻ, പി. കുഞ്ഞിരാമൻനായർ, ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കെ.പി. കറുപ്പൻ, പത്മന രാമചന്ദ്രൻനായർ, സുകുമാർ കക്കാട്, കൽപറ്റ നാരായണൻ, ടി. ഉബൈദ്, യൂസുഫലി കേച്ചേരി, പി ടി. അബ്ദുറഹിമാൻ, പി.കെ. ഗോപി തുടങ്ങിയവരൊക്കെ പ്രവാചക തിരുമേനിയെ കവിതയിലൂടെ തങ്ങളുടേതാക്കിയവരാണ്. നബിതിരുമേനിയുടെ ചരിത്രം പ്രതിപാദിച്ച കാവ്യകൃതികളും ഉണ്ടായിട്ടുണ്ട്. അബ്ദുൽ ഹയ്യ് എടയൂരിെന്റ ‘തിരുനബി’ അത്തരത്തിലൊന്നാണ്. പൊൻകുന്നം സെയ്തുമുഹമ്മദിെന്റെ ’മാഹമ്മദം’ എന്ന മഹാകാവ്യം ഇക്കൂട്ടത്തിൽ പ്രത്യേകം പരാമർശിക്കേണ്ട ഒരു ക്ലാസിക് രചനയാണ്. നൂൽമദ്ഹിനു ശേഷം മുഹമ്മദ് നബിയെ കേന്ദ്രമാക്കിക്കൊണ്ടുണ്ടായ ഏറ്റവും സൗന്ദര്യവത്തായ രചന ’മാഹമ്മദം’ തന്നെയാണ് എന്ന് നിസ്സംശയം പറയാം.
ഇത്രയും പറഞ്ഞത്, പ്രവാചകൻ മുഹമ്മദ്നബിയുടെ ജീവിതചരിത്രം പ്രമേയമായി എഴുതപ്പെട്ട ഒരു ദീർഘരചനയെ അവതരിപ്പിക്കാനാണ്. എം. ശംസുദ്ദീൻ മാസ്റ്റർ മഞ്ചേരി രചിച്ച ’സ്നേഹഗീത’ എന്ന കൃതിയാണ് ഇത്. മുഹമ്മദ്നബിയുടെ ജീവചരിത്രം ക്രമാനുഗതമായി കുഞ്ഞുകുഞ്ഞു അധ്യായങ്ങളിലൂടെ മഞ്ജരിയുടെ താളം പാലിച്ചുകൊണ്ട് സമ്പൂർണമായി ഈ കൃതിയിൽ ശംസുദ്ദീൻ മാസ്റ്റർ അവതരിപ്പിച്ചിരിക്കുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താളമാണ് മഞ്ജരിയുടേത്. ഗാഥ എന്നുകൂടി പേരുള്ള ഈ വൃത്തത്തിൽ, ദ്രാവിഡ വൃത്തങ്ങൾക്ക് പൊതുവെ നിർദേശിക്കപ്പെട്ട ’പാടിനീട്ടി ഗുരുക്കളാക്കാം’ എന്ന സൗകര്യത്തെ കഴിയുന്നത്ര സ്വതന്ത്രമായി ഇവിടെ കവി സ്വീകരിച്ചിരിക്കുന്നു. ഈ വൃത്തത്തിന്, ഭാഗവതം ദശമസ്കന്ദത്തെ അടിസ്ഥാനമാക്കി ചെറുശ്ശേരി നമ്പൂതിരി പതിനഞ്ചാം നൂറ്റാണ്ടിൽ രചിച്ച കൃഷ്ണഗാഥയാണ് മലയാളത്തിലെ ഏറ്റവും പ്രസിദ്ധമായ മുൻമാതൃക. നൂറ്റാണ്ടുകൾക്കുശേഷം അതേ താളഘടനയിൽ മറ്റൊരു കവിത, പ്രവാചകൻ മുഹമ്മദ്നബിയെക്കുറിച്ച് രചിക്കപ്പെടുന്നു എന്നത് കവിത സാഹിത്യചരിത്രത്തിൽ രേഖപ്പെടുത്തേണ്ട പുതുമതന്നെയാണ്.
ഒരു ചരിത്രരചനയിലെന്നപോലെ ക്രമാനുഗതമായും വസ്തുതാപരമായും മുഹമ്മദ് നബിയുടെ ജീവിതത്തെ ജനനം മുതൽ മരണംവരെ നിരത്തിവെക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഗദ്യത്തിന്റെ വാക്യഘടന കൈവിട്ടതുകൊണ്ടുമാത്രമാണ് അത് പദ്യമാകുന്നത്. ഈണത്തിൽ പാടി ആസ്വദിക്കാവുന്ന പ്രവാചകജീവചരിത്രം എന്നും ഇതിനെ വിശേഷിപ്പിക്കാം. അധ്യായങ്ങളിൽ ഓരോ തലക്കെട്ടിനോടൊപ്പവും അതിന്റെ അറബി പരിഭാഷയും നൽകിയിട്ടുണ്ട്. വിവരണങ്ങൾക്കിടയിൽ, ഖുർആനിലെ ചില ഭാഗങ്ങൾക്ക് അതേ താളത്തിൽ കവി നൽകിയ തർജമകൾ പ്രത്യേകം ശ്രദ്ധേയമാണ്. കെ.ജി. രാഘവൻ നായർ, കോന്നിയൂർ രാഘവൻനായർ തുടങ്ങിയവർ ഖുർആൻ കാവ്യവിവർത്തനം നടത്തിയവരാണല്ലോ. പ്രവാചക ജീവിതത്തിലെ ഏതാണ്ടെല്ലാ സംഭവങ്ങളെയും കോർത്തിണക്കിയ വിവരണം 205 അധ്യായങ്ങളിലായാണ് വിവരിക്കപ്പെടുന്നത്. ശേഷമുള്ള നാല്പതോളം അധ്യായങ്ങളാണ് ഈ കാവ്യരചനയുടെ മറ്റൊരു പ്രത്യേകത. അതിനെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്.
കോവിഡ് കാലത്താണ് ഈ രചന നിർവഹിച്ചത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതിനാൽ, കോവിഡ് എന്ന മരണമാരി മനുഷ്യരിലാകെ സൃഷ്ടിച്ച, ജീവിതത്തെക്കുറിച്ച അസന്ദിഗ്ധതകളെയും ഈ രചന അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് അവസാനത്തെ അധ്യായങ്ങളുടെ പ്രസക്തി. മതവിശ്വാസത്തെ അടിസ്ഥാനപരിഹാരമായി സ്വീകരിക്കാതെ മനുഷ്യകുലത്തിന് അന്തിമവിമോചനം സാധ്യമല്ല എന്ന് ഈ അധ്യായങ്ങളിൽ കവി വിശദമാക്കുന്നു. ഹൈന്ദവ – ൈക്രസ്തവ – ബുദ്ധ – ശാസ്ത്ര മതങ്ങളെ പ്രത്യേകം വിശകലനം ചെയ്ത് അല്ലാഹുവിന്റെ ദീനിലുള്ള തന്റെ ശുഭാപ്തിവിശ്വാസം കവി ഉറപ്പിച്ചുപ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഈ അവസാന അധ്യായങ്ങൾക്കൂടി ഉൾപ്പെടുമ്പോഴാണ് ഈ കൃതിയുടെ തലക്കെട്ട് അർഥവത്താകുന്നത്. മനുഷ്യരാശിയുടെ മുഴുവൻ കാരുണ്യമാണ് മുഹമ്മദ് നബി എന്നാണ് ഖുർആനിന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ, മുഹമ്മദ് നബിയുടെ ജീവിതം പ്രതിപാദിക്കുന്ന ഈ കൃതിയുടെ പേരിൽ സ്നേഹം എന്ന വാക്ക് ചേരുന്നത് ഉചിതംതന്നെ.
സ്നേഹത്തോടൊപ്പം ഗീത എന്നുകൂടി ചേരുന്നുണ്ട്. ഗാനം ചെയ്യപ്പെട്ടതാണ് ഗീത. ഗീർ എന്നതിന് പറച്ചിൽ എന്നാണർഥം. അപ്പോൾ ഗീത എന്നാൽ പറയപ്പെട്ടത് എന്നും പറയാം. ഹിന്ദുമതത്തിന്റെ വേദഗ്രന്ഥമാണ് ഭഗവദ്ഗീത. ശ്രീകൃഷ്ണൻ അർജുനന് നൽകുന്ന ആത്മോപദേശങ്ങളാണ് ഭഗവദ്ഗീതയിലുള്ളത്. ഗീത എന്ന വാക്കിന് ഭഗവദ് ഗീത എന്നും ഭഗവദ്ഗീതപോലെ ഉപദേശം നൽകുന്നത് എന്നും കൂടി അർഥമുണ്ട്. സ്നേഹത്തിന്റെ ഗീതയാണ് ഈ കൃതി എന്നാണ് ’സ്നേഹഗീത’ എന്ന നാമം തന്റെ രചനക്ക് നൽകിയപ്പോൾ കവി ഉദ്ദേശിച്ചത്.
മുഹമ്മദ് നബിയുടെ ജീവിതം കേവലമായ ഒരു മനുഷ്യജീവിതമല്ല. മനുഷ്യന് സാധ്യമാകേണ്ട ഏറ്റവും ഉദാത്തമായ ഒരു ജീവിതത്തിന്റെ അനശ്വര മാതൃകയാണ് അവിടന്ന് കാണിച്ചുതന്നത്. ആ ജീവിതം മനുഷ്യവിമോചനത്തിന്റെ സന്ദേശംകൂടിയാണ് പ്രസരിപ്പിച്ചത്. ആ സന്ദേശത്തിന്റെ വളരെ മൂർത്തമായ വിവരണമാണ് ഈ കൃതിയുടെ അവസാനത്തെ നാല്പത് അധ്യായങ്ങളിൽ കവി നിർവഹിക്കുന്നത്. അതുകൊണ്ട് ഈ കൃതി ഏറ്റവും ആധുനികമായ കാലത്തിനുള്ള സ്നേഹത്തിന്റെ ഗീതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.