യമനി സമൂഹത്തില്‍ പിടിമുറുക്കിയ സംഘര്‍ഷങ്ങളെ മീഡിയ ഏകപക്ഷീയമായി ഊന്നുന്ന സുന്നി-ശിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിതവത്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു(1). എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവത്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, ആഭ്യന്തര...
യമനി സമൂഹത്തില്‍ പിടിമുറുക്കിയ സംഘര്‍ഷങ്ങളെ മീഡിയ ഏകപക്ഷീയമായി ഊന്നുന്ന സുന്നി-ശിയാ വിഭാഗീയ അസ്വാസ്ഥ്യങ്ങള്‍ എന്ന ലളിതവത്കരണ യുക്തിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് യമനി സാഹിത്യം സ്പഷ്ടമാക്കുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നു(1). എല്ലാ സംഘര്‍ഷങ്ങളെയും നൂറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സാംസ്കാരിക വിഭജനത്തില്‍ തളച്ചിടുന്നു എന്നും എന്നാല്‍ പ്രസ്തുത ലളിതവത്കരണത്തിനപ്പുറം വര്‍ഷങ്ങളായി അനുഭവിക്കേണ്ടിവന്ന അധിനിവേശം, ആഭ്യന്തര യുദ്ധം, അഴിമതി, ദാരിദ്ര്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ മറക്കപ്പെടുന്നുവെന്നും ആ സാഹിത്യം സുവ്യക്തമാക്കുന്നു. ഒട്ടേറെ ബാലാരിഷ്ടതകള്‍ക്കിടയിലും, മുല്ലപ്പൂ വിപ്ലവാനന്തര കാലത്ത് യമനി സാഹിത്യത്തില്‍ ഉണ്ടായ കുതിപ്പ് ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നു. വിഖ്യാത അറബിക്-ഇംഗ്ലീഷ് വിവര്‍ത്തക സവാദ് ഹുസൈന് എഴുതിയ 'ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യേണ്ട പത്ത് അറബ് കൃതികള്‍' എന്ന ലേഖനത്തില്‍ (2) വിവരിക്കപ്പെടുന്ന ഏറ്റവും പുതിയ കൃതിയായി യമനി നോവലിസ്റ്റ് ബദര്‍ അഹ്മദ് രചിച്ച 'Five Days Untold' ഇടം പിടിച്ചത് ഇതോടു ചേര്‍ത്തു കാണാം. ചെറുകിട പ്രസാധകര് പ്രസിദ്ധീകരിക്കുന്ന മികച്ച കൃതികള്‍ക്കു നല്കപ്പെടുന്ന Republic of Consciousness Prizeനു പ്രഥമ ലിസ്റ്റില്‍ (3) ഇടംപിടിച്ചിരിക്കുന്ന നോവല്‍ സംഘര്‍ഷങ്ങളുടെ ഇടയില്‍ പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെയും ദേശത്തിന്റെയും കഥ പറയുന്നു.
തുടക്കം, അഥവാ തുടര്‍ച്ചയും
''അന്നേ ദിവസം (നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം ജനസംഖ്യയെ കടത്തിവെട്ടിയതായി പറയപ്പെട്ട അന്ന്) എന്റെ ചെറുപട്ടണത്തിന്റെ ചരിത്രത്തില്‍ വേറിട്ടു നിന്ന ഒന്നായിരുന്നു. യുദ്ധത്തിന്റെ ഒരു കൊല്ലം വന്നു പോവുകയും മറ്റൊന്ന് തുടങ്ങുകയും ചെയ്യുകയായിരുന്നു എന്നതുകൊണ്ടല്ല, മറിച്ചു സവിശേഷ സംഭവങ്ങള്‍ അന്നേ ദിവസം സംഭവിച്ചു എന്നതുകൊണ്ട്." ജിജ്ഞാസ ഉണര്‍ത്തുന്ന ഈ വാക്യങ്ങളോടെ ആരംഭിക്കുന്ന നോവലില്‍, 2018ന്റെ പുതുവര്‍ഷത്തലേന്ന് (2017 ഡിസംബര്‍ 31) സിയാദ് അല്‍ നിഖാഷ് എന്ന മൂന്നാം തലമുറ പ്ലാസ്റ്റര്‍ വര്‍ക്ക് ശില്‍പ്പി തുടങ്ങുന്ന ആഖ്യാനം അന്നത്തെ പകലില്‍ പട്ടണത്തിലുണ്ടായ അസാധാരണ സംഭവങ്ങളെ ആസ്പദമാക്കിയാണ് വികസിക്കുന്നത്. മാനസിക ആരോഗ്യം നശിച്ച് മൗനത്തിലേക്ക് പിന്‍വാങ്ങിയ പിതാവ് മുഹിയുദ്ദീന് അല്‍ നിഖാഷിനും സാഹചര്യങ്ങളുടെ സമ്മർദങ്ങളില്‍ കുടുംബനാഥയായി മാറിയ മാതാവ്, പ്രൗഢയായ 'സിര്‍ക്കേസിയന്‍' വനിത, ബിന്ത് അല്‍ മുതമ്മാറിനും മൂന്നു അനിയത്തിമാര്‍ക്കുമൊപ്പം അയാള്‍ കഴിയുന്നു. ജന്മനായുള്ള കേള്‍വിക്കുറവിന്റെ പരിമിതി ചുണ്ടനക്കങ്ങള്‍ നിരീക്ഷിക്കുന്നതിലൂടെ വിദഗ്ധമായി ഒളിപ്പിച്ചുവെക്കാന്‍ ഉമ്മാക്ക് കഴിയുന്നുണ്ട്. പുതുവത്സര ദിനത്തിന്റെ ആവേശങ്ങളിലേക്ക് ഉണരുന്ന ദേശത്തിനു പകരം നോവല്‍ പരിചയപ്പെടുത്തുന്നത് വിചിത്ര ഭാവങ്ങളുള്ള ഒന്നിനെയാണ്.
പട്ടണത്തിലെ ജലസംഭരണിയില്‍ കണ്ടെത്തുന്ന നാല് അഴുകിയ ജഡങ്ങള്‍ വരാനിരിക്കുന്നതിന്റെ/ തുടര്‍ച്ചയുടെ മുന്നോടിയാണ്. ''മൃത്യുവിന്റെയും ചീഞ്ഞഴുകലിന്റെയും ഗന്ധം എല്ലായിടത്തും മൂടി.'' പത്തു മണിക്ക് പള്ളിയിലെ ഇമാം കണ്ണുകെട്ടി കൈകള്‍ ബന്ധിച്ചു അറസ്റ്റ് ചെയ്യപ്പെട്ടു. രാഷ്ട്രീയ ഉപദേശക സമിതി ഉദ്യോഗസ്ഥന് നാജി അവാദ് വിപ്ലവകാരികളെ സഹായിക്കുന്നു എന്ന ആരോപണത്തോടെ ഇമാമിനെ സൈനിക ക്യാപ്റ്റനു കൈമാറി. ലോഹപ്പണിക്കാരന്‍ യഹ് യ അല്‍ റൂമി തന്റെ കടയില്‍ രക്തത്തില്‍ കുളിച്ചു മരിച്ചുകിടന്നു. വൈകീട്ടാവുമ്പോള്‍ എന്തൊക്കെയോ ഭയന്നെന്നോണം നായ്ക്കള്‍ ഓരിയിട്ടുതുടങ്ങി. ടെലിവിഷന്‍ സ്ക്രീനില്‍ പതിവ് പരിപാടികള്‍ നിര്‍ത്തിവെച്ചു പ്രത്യക്ഷനാകുന്ന 'പല്ലില്ലാത്ത പ്രതിരോധ മന്ത്രി', സിയാദിന്റെയും അവനെ പോലുള്ളവരുടെയും ജീവിതങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന ആ കാര്യം അറിയിക്കുന്നു: നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്ന എല്ലാ ഒഴികഴിവുകളും പിന്‍വലിക്കപ്പെട്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് ക്രൂരനും അഴിമതിക്കാരനുമായ നാജി അവാദ് അത്തരം ഗുണഭോക്താക്കളെല്ലാം ഉടന്‍ സൈനിക സേവനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം എന്ന ഉത്തരവ് എല്ലാവര്ക്കും എന്നപോലെ നിഖാഷിനും നല്കുന്നു. അബ്ദുല്‍റസാഖ് ഗുര്‍നായുടെ 'Afterlives' എന്ന നോവലില്‍, ജർമന്‍ അധിനിവേശ സൈന്യത്തോടൊപ്പം ചേരുന്ന സ്വപ്നജീവിയായ നവയുവാവ് ഹംസയെ പോലെ, സൈനിക സേവനത്തിനു ഒട്ടും യോജിക്കാത്ത, അടിസ്ഥാനപരമായി ഒരു കലാകാരന്റെ പ്രകൃതമുള്ള സിയാദിന്, കുടുംബനാഥന്റെ വേഷത്തില്‍ തോറ്റുപോയ പിതാവിന്റെ സ്ഥാനത്ത് പെണ്ണുങ്ങള് മാത്രമുള്ള വീട്ടില്‍ കുടുംബപരമായ കടമകളും പൂര്‍ത്തീകരിക്കാനുണ്ട്. ''ഞാനെങ്ങനെ കൊല്ലപ്പെടുന്നതു ഒഴിവാക്കും? ഇതൊക്കെയും എനിക്ക് നിരൂപിക്കാന്‍ കഴിയാത്തവയായിരുന്നു. ഞാന്‍ ഇതിനു വേണ്ടി പിറന്നവനല്ല. ഞാന്‍ വരക്കാനും ശില്‍പവേലക്കും വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ്, ലാവണ്യത്തിന്റെ ചെറിയ ഇടങ്ങള്‍ വികസിപ്പിക്കാന്‍, ആളുകളുടെ ആത്മാവുകളില്‍ ആനന്ദം നിറയ്ക്കാനും.''
എല്ലാറ്റിനും പുറമേ, രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ എന്നും ശ്രമിച്ചുവന്നവര്‍ ആയിരുന്നു അല്‍ നിഖാഷ് കുടുംബം എന്നതും പ്രധാനമാണ്. ആ അര്‍ഥത്തില്‍ യുദ്ധം, സിയാദിനെ പോലുള്ളവരുടെ ജീവിതങ്ങളിലേക്ക് അധിനിവേശം നടത്തുകയാണ്:
''... ഒരു ഹെലികോപ്റ്ററിന്റെ ശബ്ദം മുകളിലെ ഇരുട്ടിലും താഴെയുള്ള തണുപ്പിലും മുഴങ്ങിക്കേട്ടു. ഞാന്‍ ഓർമകളുടെ ആഴങ്ങളിലേക്ക് തെന്നിപ്പോയി -കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി ഈ കൊച്ചു കുടുംബം, ലോകത്തിന്റെ ബഹളങ്ങളില്‍നിന്നും വിധിയുടെ വിപര്യയങ്ങളില്നിന്നും കാത്തുസൂക്ഷിച്ചു തങ്ങളില്‍ തന്നെ ഒതുക്കി നിര്‍ത്തിയ ഓർമകള്‍. ഞാന്‍ നിങ്ങളോട് കഥ അതിന്റെ തുടക്കം മുതല്‍ പറയാം. അതിന്റെ തുടക്കം മുതലല്ല, മറിച്ച് അതിന്റെ വേരുകളില്‍നിന്ന്, കാരണം വേദനയും കഥകളും വൃക്ഷങ്ങള്‍പോലെയാണ്...'' അങ്ങനെയാണ് അയാള്‍ പിതാവ് മുഹിയുദ്ദീന് അല്‍ നിഖാഷില്‍ നിന്ന് തുടങ്ങുന്നത്. 'അല്‍ നിഖാഷ്' എന്ന പേര് അദ്ദേഹത്തിനു വന്നു ചേര്‍ന്നത് പ്ലാസ്റ്റര്‍ ശിൽപി എന്ന അര്‍ഥത്തില്‍തന്നെയാണ്.
ആഖ്യാനങ്ങളും അതിജീവനവും
മൂന്നു മുഖ്യ ആഖ്യാന കോണുകളിലൂടെയാണ് നോവല്‍ ചുരുളഴിയുന്നത്. ആദ്യത്തേത് പ്രഥമവ്യക്തിക (first person) ആഖ്യാനത്തില്‍ സിയാദ് തന്റെ കുടുംബം നേരിട്ട ഭീകരതകള്‍ വിവരിക്കുന്ന 'മുഹിയുദ്ദീന് അല്‍ നിഖാഷിന്റെ കുടുംബം' എന്ന അധ്യായമാണ്. തുടര്‍ന്ന് 'സിയാദ് അല്‍ നിഖാഷ്' എന്ന സ്വന്തം പേരില്‍ അയാള്‍ തന്നെ നടത്തുന്ന ആഖ്യാന അധ്യായം പിതാവിന്റെ കുടുംബ കഥയും സൈനികരുടെ കടന്നുകയറ്റങ്ങളില്‍ അയാളുടെ പട്ടണവും നാജി അവാദിന്റെ ൈകയില്‍ കുടുംബവും നേരിട്ട ക്രൂരതകള്‍ തുല്യ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. മൂന്നാം ഭാഗം ഒരു മൂന്നാം കണ്ണിലൂടെ (third person) നാജി അവാദിന്റെ കഥ വിട്ടുവീഴ്ചയില്ലാത്ത രീതിയില്‍ ആവിഷ്കരിക്കുന്നു, ഒപ്പം അയാളെങ്ങനെ അത്തരക്കാരനായിത്തീര്ന്നു എന്ന് വ്യക്തമാക്കുന്ന അയാളുടെ ഭൂതകാല അനുഭവങ്ങളും. ഈ മൂന്നു ഭാഗങ്ങളുടെ ആവര്‍ത്തനമാണ് നോവലിന്റെ ഘടനയെ നിയന്ത്രിക്കുന്നത്.
2018ന്റെ അഞ്ചു പുതുവര്‍ഷ ദിനങ്ങളില്‍ നിരായുധരായ ഒരു ജനത നേരിടുന്ന ഭീകരാവസ്ഥ അവതരിപ്പിക്കുന്ന നോവലില്‍ കഥാ പശ്ചാത്തലമാകുന്ന ദേശത്തിന്റെ പേര് പറയപ്പെടുന്നില്ലെങ്കിലും നോവലിസ്റ്റിന്റെ ജന്മദേശവും സംഘര്‍ഷങ്ങളുടെ നെരിപ്പോടുമായ യമനിനെ അവിടെ കണ്ടെടുക്കുക പ്രയാസമല്ല. 'സ്വതന്ത്ര ദേശീയ വാദികള്‍' (Free Nationalists), 'വിപ്ലവ വിമോചക പ്രസ്ഥാനം' (Revolutionary Liberation Movement) എന്നിവര്‍ക്കിടയില്‍ അരങ്ങേറുന്ന ആഭ്യന്തര യുദ്ധത്തിന്റെ പ്രഭവം, ദേശ ചരിത്രത്തിന്റെ സങ്കീർണവും പലപ്പോഴും പുരാണ പ്രകൃതവുമായ ബനാനാ വ്യവസായത്തിന്റെ കഥകളിലാണ് ചെന്നുമുട്ടുന്നത്. നിസ്സഹായരും വിറങ്ങലിച്ചു പോയവരുമായ ജനങ്ങള്‍ മിക്കപ്പോഴും ഇരുകൂട്ടരുടെയും ഇരകള്‍ മാത്രമാണ്.
''നാല് വര്‍ഷമായി, യുദ്ധം ഈ നാട്ടില്‍ എല്ലാത്തിനെയും തവിടുപൊടിയാക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം വെറും ബഡായി ആയിരുന്നോ? അതിജീവിച്ചവരെ അന്ധാളിച്ചവരും നിരാശരുമായ, പട്ടിണിയും രോഗങ്ങളും മരണവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ നിഴലുകളായി മാറ്റിയിട്ട് നാല് കൊല്ലം കഴിഞ്ഞു. യുദ്ധം കൊണ്ടുവന്ന അശനിപാതങ്ങളിലും വറുതിയിലും മരവിച്ചുപോയതില്നിന്ന് ഉരുവായ ഒരു തരം അലംഭാവം ഞങ്ങള്‍ അനുഭവിച്ചു.''
ജീവഭയം മാത്രമല്ല, കൊടിയ അക്രമങ്ങളും നേരിടേണ്ടി വരുന്ന, അതീവ ദുര്‍ഘടമായ അഞ്ചു സൈനികവൃത്തി ദിനങ്ങളെയാണ് ആഖ്യാനം പിന്തുടരുന്നത്. താന്‍ എന്നും മുറുകെ പിടിക്കുമായിരുന്ന മാനുഷിക മൂല്യങ്ങളില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ചുകൊണ്ട് സിയാദ് അവയെ നേരിടുന്നതിന്റെ മാനസികവും ശാരീരികവുമായ ദുരനുഭവങ്ങള്‍ ഹൃദയഭേദകമായ വിധത്തില്‍ അവതരിപ്പിക്കുന്നതിലാണ് നോവലിസ്റ്റിന്റെ മികവു കാണാനാവുന്നത്. അതേസമയം, ഒരു വ്യക്തിയെന്ന നിലയില്‍ എത്ര കേവലമായാണ് ഇതര സൈനികര്‍ അയാളെ എടുക്കുന്നത് എന്നതും ഒരു വിഭാഗത്തോടും ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത അയാളെ ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളും ശത്രുവായിക്കണ്ടു വേട്ടയാടുന്നതും അയാളുടെ അവസ്ഥയുടെ ദൈന്യവും നിസ്സഹായതയും വെളിപ്പെടുത്തുന്നു. നോവലിന്റെ സിംഹഭാഗവും കഥാപാത്രങ്ങള്‍ നേരിടേണ്ടി വരുന്നതും നാജി അവാദിന്റെ കാര്യത്തില്‍ അയാള്‍ ആണ്ടുമുങ്ങുന്നതുമായ ഹിംസാത്മകതയുടെ മറയില്ലാത്ത വിവരണങ്ങള്‍കൊണ്ട് നിബിഡമാണ്. സിയാദിനെ പോലുള്ള പുതിയ സൈനിക റിക്രൂട്ടുകള്‍ അറവുമാടുകളെപോലെയാണ് തെളിക്കപ്പെടുന്നത്: ''സൈനിക പൊലീസിലെ ഒരംഗത്തിന്റെ കീഴില്‍ നിശ്ശബ്ദരായി ഒരൊറ്റ നീണ്ട വരിയില്‍ ഒരു ഉറുമ്പിന് കൂട്ടംപോലെ ഞങ്ങള്‍ പുറപ്പെട്ടു'' എന്നു സിയാദ് വിവരിക്കുന്നു. ''കഴുത്തുവെട്ടിച്ചു ഞങ്ങളുടെ നേരെ ചകിതരായി നോക്കി റോഡരുകില്‍ നിന്ന ജനങ്ങളെ പിന്നിട്ടു ഞങ്ങള്‍ നടന്നു. അവരുടെ കണ്ണില്‍, ഞങ്ങള്‍ അറവുകാരന്റെ കത്തിമുനയിലേക്കു ബലാല്‍ക്കാരമായി വലിച്ചിഴക്കപ്പെടുന്ന ആട്ടിന്‍ കുട്ടികള്‍ മാത്രമായിരുന്നു... എല്ലാവരെയും വേദനിപ്പിച്ചതെന്തന്നാല്, ഈ ആടുകള്‍ക്ക് അറിയാമായിരുന്നു അവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും അവരെ കാത്തിരിക്കുന്ന വിധി എന്താണെന്നും.''
യുദ്ധത്തെ സംബന്ധിച്ച കാൽപനിക മുദ്രാവാക്യങ്ങളൊന്നും ഒരു ഘട്ടത്തിലും ഭ്രമിപ്പിച്ചിട്ടില്ലാത്ത സിയാദിന്റെ മനസ്സില്‍ എപ്പോഴും മുഴങ്ങുക ഉമ്മയുടെ വിടപറയല്‍ വാക്കുകളാണ്: ''ഭീരുവായിരിക്കുക, എന്റെ മോനെ! ഭീരുവായിരിക്കുക! ഈ ലോകത്ത് നിന്റെ രക്തം ചിന്താനും മാത്രം മൂല്യമുള്ളത് ഒന്നുമില്ല!'' ഒരുതരം വീരപരിവേഷത്തിലും കാര്യമില്ലെന്നും അതിജീവിക്കുക എന്നതാണ് പരമ പ്രധാനമെന്നും അയാള്‍ എപ്പോഴും ഓർമിക്കുന്നതുതന്നെയാണ് അയാളെ ജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്നതും. യമന്പോലെ മതവാദവും ജിഹാദിസ്റ്റ് വീരരക്തസാക്ഷ്യ വീണ്‍വാക്കുകളും ഏറെ മുഴങ്ങിക്കേള്‍ക്കുന്ന ദേശത്ത് ഉമ്മയുടെ അതിജീവന മന്ത്രത്തിനു ഏറെ സാമൂഹിക മാനങ്ങളുണ്ട്.
അഞ്ചു ദിനങ്ങള്‍, ജനന ദിനങ്ങള്‍
നാജി അവാദിന്റെ തുടക്കവും മറ്റൊരു 'അഞ്ചു ദിന' അനിശ്ചിതത്വങ്ങളിലാണ് നോവലിസ്റ്റ് സ്ഥിതപ്പെടുത്തുന്നത്. ജൂതനായ ചെരുപ്പുനിർമാതാവിന്റെ, വെള്ളപ്പൊക്കത്തില്‍ മുച്ചൂടും തകര്‍ന്നുപോയ വീട്ടില്‍ അതിജീവിച്ച ഏക ജീവനായി കണ്ടെത്തപ്പെട്ട കൈക്കുഞ്ഞായിരുന്നു അയാള്‍. അത് കുടുംബത്തിലെ കുട്ടിതന്നെയായിരുന്നോ, അഥവാ എങ്ങാണ്ടു നിന്നും ഒഴുകിവന്നതായിരുന്നോ എന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല.
''നാൽപത്തിയഞ്ചു കൊല്ലം മുമ്പ് ഒരു ചൊവ്വാഴ്ച വൈകുന്നേരം, പള്ളി മിനാരത്തില്‍ നാലു കടല്‍ക്കാക്കകള്‍ പറന്നിറങ്ങി... ഞങ്ങളുടെ പട്ടണത്തിനും കടലിനുമിടയിലെ അത്രയും ദൂരം അവ എങ്ങനെ മുറിച്ചുകടന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഗ്രാമീണര്‍ അതിനെ പട്ടണത്തിനുള്ള ഒരു അപായ ശകുനമായി കണക്കാക്കി. ഒരു ജൂത ചെരുപ്പുനിർമാതാവ് സാദൃശ്യങ്ങളുടെ തത്ത്വത്തെ ('like for like') അടിസ്ഥാനമാക്കി തന്റെ വ്യാഖ്യാനം മുന്നോട്ടുവെച്ചു. ഒരു പ്രളയം പട്ടണത്തെ മുക്കിക്കളയും എന്ന് അയാള്‍ വിവരിച്ചു. കൃത്യമായും അഞ്ചാം നാളിന്റെ സായാഹ്നത്തില്‍, ഒരു ഡസന്‍ മരങ്ങള്‍ പൊട്ടിവീഴുന്നതിന്റെ ഭീതിദമായ കലമ്പല്‍ പട്ടണവാസികള്‍ കേട്ടു. എന്താണ് സംഭവിക്കുന്നത് എന്നറിയാനായി അവര്‍ വീടുകളില്‍നിന്ന് പുറത്തുവന്നപ്പോള്‍ പൊടിയുടെ ഒരു വന്‍മേഘം ചക്രവാളത്തെ മറക്കുന്നത് അവര്‍ കണ്ടു.''
ജനന ദിനത്തെ വിചിത്ര സംഭവങ്ങളുമായി നിബന്ധിക്കുന്നതാണ് നാജി അവാദിന്റെ കാര്യത്തില്‍ കാണാനാവുകയെങ്കില്‍, ചരിത്രവുമായി നിബന്ധിക്കുന്ന രീതിയിലാണ് സിയാദിന്റെയും സഹോദരിമാരുടെയും ജന്മദിനങ്ങള് വിവരിക്കപ്പെടുന്നത്.
''എന്റെ മൂന്നു സഹോദരിമാര്‍ - ഹിനാ, നദാ, ഏറ്റവും ഇളയവള്‍ ഇല്‍ഹാം - എല്ലാവരും എന്റെ ഇളയതായിരുന്നു... ഓരോരുത്തരുടെയും ജന്മദിനങ്ങള് പിതാവ് അദ്ദേഹത്തിന്റെ വലിയ ഖുര്‍ആന്റെ ചട്ടയുടെ ഉൾപ്പേജില്‍ കുറിച്ചുവെച്ചു. ഹിനാ ജനിച്ചത് പാകിസ്താനി പ്രസിഡന്റ് മുഹമ്മദ് സിയാ മരിച്ച ദിനത്തിലായിരുന്നു. നദാ ജനിച്ചത് സദ്ദാം കുവൈത്ത് അധിനിവേശിച്ച അതേ ദിനത്തില്‍. ഇല്‍ഹാം ജനിച്ചതാകട്ടെ, യുഗോസ്ലാവിയയില്‍ യുദ്ധം അവസാനിച്ച ദിവസത്തില്‍ ആയിരുന്നു, അന്നേ ദിവസംതന്നെയാണ് ടെലിഫോണ്‍ ലൈന്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തിയതും...''
പിതാവ്, അബു താരിഖ് എന്നും വിളിച്ച തന്റെ സ്വന്തം ജന്മദിനത്തെ കുറിച്ച് സിയാദ് പറയുന്നു:
''ഞാന്‍ ജനിച്ചത് ലോകം അതിന്റെ പാതയില്‍ നിശ്ചലമായ ഒരു ദിനത്തിലായിരുന്നു. സഹോദരിമാരുടെ കാര്യത്തില്‍ ചെയ്ത പോലെ മറ്റൊന്നും കുറിക്കാതെയാണ് പിതാവ് എന്റെ ജന്മദിനം അദ്ദേഹത്തിന്റെ വലിയ ഖുര്‍ആന്റെ ഉൾപ്പേജില്‍ കുറിച്ചുവെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പെന്നില്നിന്ന് ആ തീയതിക്ക് അടുത്ത് ഇറ്റി വീണ ഒട്ടേറെ മഷിത്തുള്ളികള്, എന്റെ ലോകപ്രവേശത്തെ ബന്ധിപ്പിക്കേണ്ട സംഭവത്തിന്റെ പ്രകൃതത്തെ കുറിച്ച് ആലോചിച്ചു അദ്ദേഹം ചെറുതല്ലാത്ത സമയം ചെലവഴിച്ചിരുന്നു എന്ന് വെളിപ്പെടുത്തി. കുറെ സമയത്തിനു ശേഷം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ചെര്‍ണോബില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു രണ്ടര മാസങ്ങള്‍ക്കു ശേഷമാണു സിയാദ് ജനിച്ചത്.''
നാജി അവാദ്: പ്രതിനായകന്റെ കടുംചായം
നാജി അവാദിന്റെയും സിയാദിന്റെയും കഥകള്‍ക്കിടയില്‍ ഒട്ടേറെ സമാന്തരങ്ങള്‍ വ്യക്തമാണ്. ഇരുവരും ഓരോ ഘട്ടങ്ങളില്‍ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നുണ്ട്, ഇരുവരും ഒടുവില്‍ മൃതതുല്യരായി മുറിവേറ്റു രക്തത്തില്‍ കുളിച്ചു തങ്ങളുടെ കൊലയാളികളുടെ പിടിയില്‍ നിന്ന് രക്ഷ നേടി ഒളിച്ചോടുന്നുണ്ട്, ഇരുവരും അന്തിമമായി കൂട്ടക്കുരുതികളെ അതിജീവിക്കുന്നുമുണ്ട്. എന്നാല്‍, സിയാദിന്റെ പാത്ര സൃഷ്ടിയില്‍ പ്രകടമായ ൈകയടക്കം നാജി അവാദിന്റെ കാര്യത്തില്‍ വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട് (4). ആയുധക്കച്ചവടംപോലുള്ള ഇരുള് നീക്കങ്ങളില്പോലും വ്യാപൃതനാകുന്ന രാഷ്ട്രീയ ഡോണിന്റെ ചിത്രവും കുട്ടിക്കാലത്തെ അനുഭവങ്ങളിലൂടെ കൊടിയ പീഡകനിലേക്കുള്ള വികാസവും വഞ്ചകിയായ ഭാര്യയുടെ നേരെ നടത്തുന്ന കൊടിയ ലൈംഗിക അക്രമവും എല്ലാം അമിത നാടകീയത നിറഞ്ഞതും 'ജെനറിക് ത്രില്ലര്‍' മട്ടിലുള്ളതും ആണെന്ന് ആൻഡേഴ്സണ് നിരീക്ഷിക്കുന്നു.
ഒരു ദരിദ്ര രാജ്യത്തിലെ ജനത ആഭ്യന്തര യുദ്ധത്തിന്റെ പ്രവചനാതീത ഹിംസാത്മകതയും അതിന്‍ഫലമായി ഉണ്ടായിവരുന്ന ആരോടും ബാധ്യതയില്ലാത്ത അധികാര പ്രമത്തതയുംകൊണ്ട് കീറിമുറിക്കപ്പെടുന്നതിന്റെ കഥയെ അതിജീവന പോരാട്ടത്തില്‍ എള്ളോളമെങ്കിലും തങ്ങളുടെ കര്‍തൃത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥകൂടിയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ഒപ്പം വര്‍ത്തമാനകാല യാഥാർഥ്യങ്ങളെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലത്തിന്റെ നിർണായകത്വത്തെ ഗുണാത്മകവും ഋണാത്മകവും ആയി ആവിഷ്കരിക്കുകയും ചെയ്യുന്നു. ചെറുത്തുനില്‍ക്കാനാവാത്ത ദുരന്തമുഖങ്ങളിലും തലമുറകളെ ചേര്‍ത്തുപിടിക്കാന്‍ കുടുംബ ചരിത്രങ്ങള്‍ക്ക് കഴിയുമ്പോള്‍, ചരിത്രപരമായ, അർധ പുരാണ പ്രകൃതമുള്ള (quasi-mythological) വിഭജനങ്ങള്‍ യുദ്ധക്കെടുതികള്ക്കുവരെ കാരണമാകുന്നു.
മാജിക്കല്‍ റിയലിസവും ഭാവഗീതാത്മകതയും ചാരുത പകരുന്ന 'Five Days Untold' ഇപ്പോള്‍ Kindle unlimitedല്‍ സൗജന്യമായി വായിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.