കുട്ടികൾക്കായി ഒരുക്കുന്ന തീർത്തും വ്യത്യസ്തമായ ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവൽ ഇത്തവണയും ശ്രദ്ധേയമായ കാഴ്ചകളുമായി പര്യവസാനത്തിലേക്ക് നീങുകയാണ്. ഷാർജ എക്സ്പോ സെന്ററിൽ മേയ് ഒന്നിന് തുടക്കമായ ഫെസ്റ്റിവൽ ഞായറാഴ്ചയാണ് സമാപിക്കുന്നത്. 12 ദിവസം നീണ്ടുനിന്ന വായനോത്സവത്തിൽ 1500ൽ പരം പരിപാടികളാണ് വായനക്കാർക്കായി തയ്യാറാക്കിയിരിക്കുന്നത്. 186 പ്രസാധകരിൽനിന്നും വ്യത്യസ്ത വിഷയങ്ങളിലുള്ള പുസ്തകങ്ങളാണ് പ്രദർശനത്തിനായി എത്തിയത്. സന്ദർശകർക്ക് വായനയുടെ പുതിയ അർഥങ്ങൾ തേടാനും പുതിയ പകർപ്പുകൾ സ്വന്തമാക്കാനും അവസരമൊരുക്കിയിരിക്കുന്നു. വായനക്കാർക്ക് സ്വസ്ഥമായിരുന്നു വായിക്കാൻ റീഡിങ് നൂക്കുകളും സജ്ജീകരിച്ചു.
ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ എഴുത്തുകാരും അവതാരകരും കുട്ടികെള അവതരണ മികവിലൂടെ ക്ലാസിക് കഥകളുടെ മാസ്മരികലോകത്തേക്ക് കൊണ്ട് പോകുന്ന പരിപാടികളാണ് അരങ്ങേറിയത്. കോഡിങ്, ശാസ്ത്രം, കല, നൃത്തം, പാചകം, ഡിസൈൻ തുടങ്ങി എല്ലാ മേഖലകളിലും വർക്ക്ഷോപ്പുകളും ഒരുക്കിയിരുന്നു. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെക്കുറിച്ച് രക്ഷിതാക്കൾക്കായുള്ള പ്രത്യേക സെഷനുകളും സംഘടിപ്പിച്ചിരുന്നു.
പ്രശസ്ത അറബ് ഗായികയായ റാഷ റിസ്കിന്റെ സംഗീതപരിപാടി, സാമൂഹിക മാധ്യമങ്ങളിലൂടെ വിശ്വവിഖയാതരായ മസാക്ക കിഡ്സ് ആഫ്രിക്കാനയുടെ പരിപാടി, പ്രശസ്ത പാകിസ്ഥാൻ നാടകകൃത്ത് വസീം ബദാമിയുടെ ‘ഹം ഭീ അഗർ ബച്ചേ ഹോത്തെ’ എന്ന മറ്റൊരു നാടക ട്രീറ്റ് എന്നിവ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എല്ലാ പ്രായക്കാർക്കും താൽപര്യങ്ങൾക്കും അനുയോജ്യമായ നിരവധി വർക്ക്ഷോപ്പുകൾ ഇത്തവണയും ഒരുക്കിയിരുന്നു. നൃത്തം, പാചകം എന്നിവയിൽ തുടങ്ങി ഫർണിച്ചർ നിർമാണവും കാർ നിർമാണ ശിൽപശാലകൾ വരെ അരങ്ങേറി. മിനി ഫാഷൻ ഷോകൾ ഡിസൈൻ ചെയ്യാനും തുന്നി തയ്യാറാക്കാനും സർഗ്ഗാത്മകത പ്രദർശിപ്പിക്കാനും കുട്ടികൾക്കായി അവസരമൊരുക്കി.
ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ അഭിസംബോധനചെയ്തുകൊണ്ട് രക്ഷിതാക്കൾക്കായുള്ള പ്രത്യേക സെഷനുകളും നടന്നു. കുട്ടികളുടെ പെരുമാറ്റം പരിഷ്കരിക്കുന്നതിൽ ഫാമിലി കൗൺസിലിങ്ങിന്റെ പങ്കിനെക്കുറിച്ച് ഡോ. അഹമ്മദ് ബസിയൂനി, ഹംസ യൂനിസ് എന്നിവരുൾപ്പെടെയുള്ള വിദഗ്ധരിൽ നിന്നുമുള്ള നിർദേശങ്ങൾ കേൾക്കാനും അവസരമൊരുക്കി. അക്കാദമിക് വിജയം പ്രോത്സാഹിപ്പിക്കുന്നതിൽ ലൈബ്രറികളുടെ പ്രാധാന്യം, വ്യക്തിഗതമാക്കിയ പഠനത്തിന് നിർമ്മിതബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള സെഷനുകളും ഉണ്ടായിരുന്നു. ഡിവൈൻ സുഷി സാൻഡ്വിച്ച്, പർഫൈറ്റ് ബ്ലാസ്റ്റ്, പിസ്സ മഫിൻസ്, ചൈനീസ് ടീ വർക്ക്ഷോപ്പ്, സൗത്ത് ഏഷ്യൻ, മിഡിൽ ഈസ്റ്റേൺ ക്യുസിനുകൾ തുടങ്ങി നിരവധി കുക്കറി പ്രോഗ്രാമുകളിൽ സന്ദർശകർക്ക് പങ്കെടുക്കാനും സാധിച്ചു. ഉമരി മക്വീൻ, ഇമാദ് അൽ അർനബ്, നതാലിയ സമോയിലോവ, സൈന ദിൻ എന്നീ ഷെഫുമാർ ഹോസ്റ്റുചെയ്യുന്ന വർക്ക്ഷോപ്പുകളും ശ്രദ്ധിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.