മുഹമ്മദ് പേരാമ്പ്ര

ഒരിക്കലും കെടാത്ത ചൂട്ട്

സ്വന്തം ജീവിതത്തെ

മാറിനിന്ന് നോക്കിക്കാണാൻ

ആവുകയില്ല.

മീനിന് കരയിലിരുന്ന്

കുളം കാണാൻ പറ്റുകയില്ല.

കിളിക്ക് അതിരിലിരുന്ന്

ആകാശം കാണാൻ പറ്റുകയില്ല.

ജീവിതം പഠിക്കുമ്പോഴേക്കും

തീർന്നിരിക്കും.

മറ്റൊരു ജീവിതം ഇല്ലതാനും

(‘ജീവിതം’ -എസ്​. ജോസഫ്)

പ്രശസ്​ത കലാപ്രതിഭ മുഹമ്മദ് പേരാമ്പ്രയുടെ ‘കെടാത്ത ചൂട്ട്’ പതിവ് ആത്മകഥകളിൽ ഒന്നല്ല, മറിച്ച് പതിവുകളെയൊക്കെയും പൊള്ളിക്കുന്ന കനലെരിയും അനുഭവങ്ങളുടെ ആവിഷ്കാരമാണ്. ഓരങ്ങളിലേക്ക് പലവിധത്തിൽ ഉന്തിവീഴ്ത്തിയിട്ടും, വീഴ്ത്തപ്പെട്ടവരുടെകൂടി പ്രതിനിധിയായി ഉയർന്നുവന്നൊരു പ്രതിഭാശാലിയുടെ ആത്മകഥ അടയാളപ്പെടുത്തുന്നത്, പ്രതിഭയുടെ ചരിത്രമെന്നതിനേക്കാൾ, ആ ജീവിതസമരത്തിൽ ജ്വലിക്കുന്ന തീക്ഷ്ണാനുഭവത്തിന്റെ തീയാണ്. അഗ്നിയെക്കുറിച്ച് പാടുന്ന അക്ഷരങ്ങൾക്കപ്പുറം, സ്വയം അഗ്നിതന്നെയായി മാറുന്ന ഒരക്ഷര സമാഹാരം എന്ന്, ‘കെടാത്ത ചൂട്ടി’നെ വിളിക്കാനാണ് എനിക്കിഷ്​ടം. പറയത്തക്ക അനുഭവങ്ങളൊന്നുമില്ലാത്തവരുടെ പൊലിപ്പിച്ചെഴുത്തിനേക്കാൾ, പരസ്യപീഡനങ്ങളുടെ പേമാരി കോരിച്ചൊരിയുന്ന നമ്മുടെ കാലം ആവശ്യപ്പെടുന്നത്, ഇതുപോലുള്ള കിഴിച്ചെഴുത്തുകളാണ്.

പറയാനേറെയുണ്ടായിട്ടും കുറച്ചുമാത്രം കരുതി എഴുതുന്നവരെ നമ്മളേറെ ശ്രദ്ധിക്കണം. കിരീടങ്ങളില്ലാത്ത അത്തരം മനുഷ്യരുടെ കുതറലുകളിൽ വെച്ചാണ് ചരിത്രം ചുവന്നത്. ആ അർഥത്തിൽ മുഹമ്മദ് പേരാമ്പ്രയുടെ കലാജീവിതം ഉപേക്ഷിക്കപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപിന്റെ കലവറയില്ലാത്ത കരുത്തും കാന്തിയുമാണ്. ആ ജീവിതത്തെ നേരിട്ടറിയുന്നവർ ഇത്രയൊന്നും നീറ്റലല്ലല്ലോ സത്യത്തിൽ ആ ജീവിതത്തിലുള്ളതെന്ന് ഓർക്കുംവിധം, കഷ്​ടപ്പാടിന്റെ ഓടയിൽനിന്ന്, ആ ഓടകളെ മറക്കാതെ കയറിവന്നൊരു പ്രതിഭയെന്ന നിലയിലായിരിക്കും ഒരു കപടരഹിതകാലം അദ്ദേഹത്തെ തിരിച്ചറിയുക.

അങ്ങനെ നോക്കുമ്പോൾ ‘കെടാത്ത ചൂട്ട്’ എന്ന മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥ, ആത്മകഥകൾക്ക് ചിലപ്പോഴെങ്കിലും വന്നുചേരാവുന്ന അതിശയോക്തികളെയല്ല, ന്യൂനോക്തികളെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ, വേരിലേക്കിറങ്ങുന്നൊരു വായനക്ക് എഴുത്തിനപ്പുറം മറഞ്ഞുനിൽക്കുന്ന ആഡംബരങ്ങളൊന്നുമില്ലാത്ത ഒരു പച്ചമനുഷ്യനെ ആ വരികൾക്കിടയിൽനിന്നും കണ്ടെടുക്കാൻ കഴിയും. അനുഭവം വിളിച്ചുപറയുന്നതിനിടയിലെ വിങ്ങലും ഗദ്ഗദവും വേണ്ടവിധം കേൾക്കാൻ നമുക്കാവുമെങ്കിൽ! മരവിപ്പുകൾ മറികടന്ന് മനുഷ്യരിലേക്ക് ചേർന്നുനിൽക്കാൻ നമുക്ക് പറ്റുമെങ്കിൽ!

‘കെടാത്ത ചൂട്ട്’ മറ്റൊരർഥത്തിൽ മനുഷ്യരാവുന്ന മുറക്ക് അനുഭവപീഡിതരായ മനുഷ്യരായ മനുഷ്യർ മുഴുവൻ എഴുതിപ്പോകാവുന്ന മനുഷ്യത്വത്തിന്റെ മാനിഫെസ്റ്റോയാണ്. എച്ചിൽക്കൂനയിലെ ഒരു പട്ടിപോലും മനുഷ്യനോളമോ, മറ്റുചിലപ്പോൾ അതിലധികമോ വളരുമെന്ന്, അനുഭവിപ്പിക്കുന്ന കെടാത്ത ചൂട്ടിലെ ചൂടുള്ള വെളിച്ചം നിർവികാരമായ ഇരുട്ടിൽ വലിയൊരു പ്രതീക്ഷയാണ്.

ഫാറൂഖ് കോളജിൽ അധ്യാപകനായി ജോലിയിൽ കയറിയതിനു ശേഷമാണ് മുഹമ്മദ് പേരാമ്പ്രയെന്ന പേര് ഉള്ളിൽ ഇളക്കിമാറ്റാനാവാത്തവിധം ഇടം നേടുന്നത്. ഞങ്ങളുടെ പ്രിയവിദ്യാർഥിയും പിന്നീട് യുവകലാപ്രതിഭയുമായി മാറിയ ഷംസുദ്ദീൻ കുട്ടോത്താണ് മുഹമ്മദിക്കായെക്കുറിച്ച് എന്നോട് നിർത്താതെ ആദ്യം സംസാരിക്കുന്നത്. ഞാനറിഞ്ഞ പാഠപുസ്​തകങ്ങളേക്കാൾ വലി​െയാരു ജീവിക്കുന്ന പാഠപുസ്​തകം, സത്യം പറഞ്ഞാൻ അന്നാണ് എന്റെയുള്ളിൽ ആദ്യം തുറക്കപ്പെട്ടത്. പിന്നെ ഞങ്ങളൊട്ടും താമസിച്ചില്ല.

അദ്ദേഹത്തെ ​േകാളജിലേക്ക് ഒരു പ്രഭാഷണത്തിന് കൊണ്ടുവന്നു. ഒരുപാട് നല്ല പ്രഭാഷണങ്ങൾക്ക് മുമ്പേതന്നെ സാക്ഷ്യംവഹിച്ച കോളജ് ഓഡിറ്റോറിയം അന്ന് അന്തംവിട്ട് ​േപായിട്ടുണ്ടാവും! അത്രമേൽ വേറിട്ട ഒരനുഭവവും അസ്വസ്​ഥ അനുഭൂതിയുമാണ് അതുണ്ടാക്കിയത്.

ഉച്ചരിക്കപ്പെട്ട ആ വാക്കുകളിൽ വീണുപോയവരും വീഴ്ത്തപ്പെട്ടവരുമായ മനുഷ്യർ മാർച്ചു ചെയ്തു! ഇടിവെട്ടേറ്റിട്ടും വാഴകൾ കുലച്ചു നിന്നു. ഒരു പ്രതിസന്ധിയിലും പിന്മടങ്ങാൻ തീരുമാനിച്ചിട്ടില്ലാത്തവരുടെ കൈകളിലെ പന്തങ്ങൾ അതിൽ ആളി. ഇന്ന് വീണ്ടും ‘കെടാത്ത ചൂട്ട്’ വായിക്കുമ്പോൾ, ആ ചൂട്ടിലെ ചൂടിന് ഒരു കുറവുമില്ല. പക്ഷേ, അനിവാര്യമായും ഉണ്ടാവാമായിരുന്ന ആ പ്രതി​േരാധ പകിട്ട് അതിശയോക്തിയിലേക്ക് എങ്ങാനും വഴുക്കിയാലോ എന്ന് പേടിച്ചാവാം അത്രയൊന്നും കാണാനില്ല.

പ്രകമ്പനം സൃഷ്​ടിച്ച എത്രയെത്രയോ പ്രഭാഷണങ്ങൾ, ഹൃദയസ്​പർശിയായ ഭാവാവിഷ്കാരങ്ങൾ, മുഹമ്മദ് പേരാമ്പ്ര ഇന്ന്, പേരാമ്പ്രയുടെ മാത്രമല്ല, മലയാളത്തിന്റെ മുഴുവൻ അഭിമാനമാണ്. ചെറ്റയിൽ മുഹമ്മദ് എന്നറിയപ്പെട്ട മുഹമ്മദ് ആദ്യം മുഹമ്മദ് പേരാമ്പ്രയായി മാറിയത് ഒരു തമ്പുരാനും നൽകിയ ബഹുമതിയിലല്ല, കേരള സമൂഹം നടത്തിയ നാനാതരം ചെറുത്തുനിൽപുകളിൽവെച്ചാണ്. എച്ചിലിൽനിന്ന് മലയാള കലാലോകത്തിന് കരുത്തായി ലഭിച്ചൊരു അമൃതിനെ എങ്ങനെ അഭിവാദ്യം ചെയ്യണമെന്നെനിക്കറിഞ്ഞുകൂടാ! സൂര്യനു മുന്നിൽ നിലവിളക്കെന്നപോലെയത് നിസ്സഹായമാകും.

മുഹമ്മദിക്കയുടെ ഭാഷയിൽ കല്യാണപ്പുരയിൽ സദ്യയുടെ മണമടിച്ച് നിൽക്കുന്ന നായയെപ്പോലെ എന്നും പറയാം! എത്രമേൽ ആട്ടിയകറ്റിയിട്ടും, ആ ആട്ടിനെ ഒരു ഗ്രാമം ചെറുത്തുനിൽപാക്കിയ മുഹമ്മദ് പേരാമ്പ്രയുടെ ‘കെടാത്തചൂട്ട്’ എത്ര കുത്തിക്കെടുത്താൻ ആര് ശ്രമിച്ചാലും കെട്ടുപോവില്ല. കാരണം അതെന്നും ജ്വലിക്കേണ്ട മാനവികതയുടെ േസ്രാതസ്സിൽനിന്നാണ് ശക്തിസംഭരിക്കുന്നത്.

ബാലചന്ദ്രൻ ചുള്ളിക്കാട്, പി.കെ. പാറക്കടവ്, ഡോ. കെ.എം. അനിൽ, ഇന്ദുമേനോൻ, ജി.പി. രാമചന്ദ്രൻ, ശമീം, ഡോ. പി.കെ. പോക്കർ മുതൽ പ്രശസ്​തരുടെയും, അത്ര പ്രശസ്​തരല്ലെങ്കിലും നിരവധി പ്രതിഭാശാലികളുടെയും അതിലേറെ എത്രയോ തിരസ്​കൃത പ്രതിഭകളുടെയും കൃതികൾക്ക് ആമുഖമെഴുതാനുള്ള അവസരങ്ങൾ എന്തൊക്കെയോകാരണങ്ങളാൽ മുമ്പേ ഉണ്ടായിട്ടുണ്ട്. അതെല്ലാം ആഹ്ലാദകരവുമായിരുന്നു. എന്നാലിപ്പോൾ ഈയൊരു കൃതിക്ക് ആമുഖക്കുറിപ്പെഴുതുമ്പോൾ അതിൽനിന്നൊക്കെ ഏറെ വ്യത്യസ്​തമായ ഒരനുഭൂതിയാണുണ്ടാവുന്നത്.

‘എത്ര ചവർപ്പുകൾ

കുടിച്ചുവറ്റിച്ചു നാം

ഇത്തിരി ശാന്തിതൻ

ശർക്കരനുണയുവാൻ’

എന്ന കവിവാക്യം, ഈയൊരു കൃതി വായിക്കുമ്പോൾ ശരിയായല്ല ഒരു മഹാശരിയായി മാറുകയാണ്. മുഹമ്മദ് പേരാമ്പ്രയുടെ എഴുത്തിലെ ന്യൂനോക്തിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ഈയെഴുത്ത് അതിശയോക്തിയായിപ്പോകുമോ എന്നൊരാശങ്ക എനിക്കുമുണ്ട്. എന്നാൽ ഉറപ്പ്, ഈ കൃതി അത് ശമിപ്പിക്കും. ‘എച്ചിൽച്ചോറിന്റെ വീര്യം’ എന്ന അധ്യായത്തിൽനിന്നുള്ള ഒരു ചെറിയഭാഗം മാത്രം മതിയാവും അതിന്! ‘നിലത്തേക്ക് വീഴുന്ന എച്ചിൽ ഇലകളിൽ എന്റെ കണ്ണുകൾ പരതി. പടച്ചോനെ ഇനി വിളമ്പുന്ന എല്ലാ ചോറിലും മുടിയുണ്ടാകണേ എന്ന് വല്ലാതെ ആഗ്രഹിച്ചു. പിറകെ വന്നുവീണ ചില ഇലകളിൽ കറികൾ കൂട്ടിക്കുഴച്ച ചോറ്. ആർത്തിയോടെ വാരിത്തിന്നാൻ കൈനീട്ടി. പിറകിൽ ചാവാലിപ്പട്ടിയുടെ മുരളൽ.

ഞാൻ പട്ടിയുടെ മുഖത്തേക്ക് നോക്കി. എന്നേക്കാൾ ആരോഗ്യമുണ്ടായിരുന്നു പല പട്ടികൾക്കും. എന്റെ ദയനീയമായ കണ്ണുകളിൽനിന്ന് പട്ടി എന്റെ അവസ്​ഥ മനസ്സിലാക്കിയിട്ടുണ്ടാവും. വൈകാതെ ഞങ്ങൾക്കിടയിൽ ഒരു ചങ്ങാത്തം രൂപപ്പെട്ടു. മതവിശ്വാസപ്രകാരം പട്ടി എനിക്ക് ഹറാമാണ്. എന്നാൽ, സ്വദേശി ഹോട്ടലിന്റെ പിറകിലെ നിത്യസന്ദർശകനായ ഈ പട്ടി എനിക്ക് ഹലാലാണ്. എന്റെ വളർച്ചയുടെ ഓരോ പടവിലും സ്വദേശി ഹോട്ടലിന്റെ പിറകിൽനിന്ന് കിട്ടിയ എച്ചിൽച്ചോറിന്റെ വീര്യമുണ്ട്’. ‘മിറാക്കിൾ ആക്ട്’ എന്ന പേരിൽ കവി വിജിലയുടെ കവിതയിൽ

‘ഇരുട്ട് മുറിച്ച മുഴുവെളിച്ചം

ഒരു കുമ്പിൾ സൂര്യൻ’

എന്ന് മുഹമ്മദ് പേരാമ്പ്രയെക്കുറിച്ചെഴുതിയത്, ‘കെടാത്തചൂട്ടി’നും നന്നായി ചേരും.

Tags:    
News Summary - Muhammad Perampra's 'Kedatha Choot'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT
access_time 2024-11-07 04:55 GMT