മൂന്നാർ ടു മറീന- ദ് ജേർണി: വിവാദ വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി വാൾട്ടർ ദേവാരത്തിന്‍റെ ആത്മകഥ

തമിഴ്നാട് രാഷ്ട്രീയത്തിൽ വിവാദത്തിന് മരുന്നിടാൻ കാരണമായേക്കാവുന്ന വെളിപ്പെടുത്തലുകളുമായാണ് മുൻ ഡി.ജി.പി വാൾട്ടർ ഐസക് ദേവാരത്തിന്റെ ആത്മകഥ പുറത്തിറങ്ങിയത്. ശ്രീലങ്കൻ തമിഴ് തീവ്രവാദ സംഘടനകൾക്ക് തമിഴ്നാടിൽ സർവസ്വാതന്ത്ര്യം അനുവദിക്കപ്പെട്ടതിന്‍റെറ ബാക്കിപത്രമല്ലേ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ മരണമെന്ന സംശയം അദേഹം ഉയർത്തുന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോയെന്നത് തന്‍റെ പൊലീസ് ജീവിതത്തിലെ ദുഃഖങ്ങളിൽ പ്രധാനമാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. 1992ലെ കുംഭകോണം മഹാമഹത്തിൽ 40 തീർഥാടകരെ രക്ഷിക്കാൻ കഴിയാതെ പോയതും വലിയ പരാജയമാണ്.

അഞ്ച് വർഷത്തോളം പ്രത്യേക സേനയെ നയിച്ചിട്ടും കാട്ടുകള്ളൻ വീരപ്പനെ പിടികൂടാൻ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വലിയ പരാജയം. മൂന്നാർ മുതൽ മറീന വരെ എന്ന ആത്മകഥയിലാണ് വാൾട്ടർ ദേവാരത്തിന്‍റെ പലകാര്യങ്ങളിലേയും തുറന്ന് പറച്ചിൽ. തമിഴ്നാട് പൊലീസിന്റെ ചരിത്രവും നേട്ടങ്ങളും വരച്ച് കാട്ടുന്നതുമാണ് പുസ്തകം. മൂന്നാറിലെ ജനനം തുടങ്ങി സഞ്ചരിച്ച വഴികളും ഏറ്റെടുത്ത പ്രധാന ചുമതലകളും പുസ്തകത്തിൽ വിവരിക്കുന്നു. പേരിൽ അല്ലാതെ നമ്പരിൽ മാത്രം അറിയപ്പെട്ടിരുന്ന കോൺസ്റ്റബിൾമാർക്ക് സ്വന്തം പേരുള്ള ബാഡ്ജ് ധരിക്കാൻ അനുമതി നൽകിയ ചരിത്ര സംഭവത്തിലും മൂന്നാർ ടച്ചുണ്ട്.

1991ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാജീവ് ഗാന്ധി ശ്രീപെരുമ്പത്തുരിൽ എത്തുമ്പോൾ താൻ അവിടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ആയിരുന്നില്ലെങ്കിലും, തമിഴ്നാടിന്‍റെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഐ.ജി എന്ന നിലയിൽ അദേഹത്തിന്‍റെ മരണം ഇന്നും മനസിനെ വല്ലാതെ നോവിക്കുന്നു. ചെന്നൈ വിമാനത്താവളത്തിൽ രാജീവഗാന്ധിയെ സ്വീകരിച്ച് ഒപ്പം ഫോട്ടോയുമെടുത്താണ് ഒന്നിച്ച് പുറത്തിറങ്ങിയത്. പൂനമല്ലി വരെ പിന്തുടർന്നു. ഇതിനിടെ നിയന്ത്രണങ്ങൾ മറികടന്നും ബാരിക്കേടുകൾ താണ്ടിയും അദ്ദേഹം റോഡരികിൽ നിന്ന പ്രവർത്തകരുടെ സമീപത്തേക്ക് നീങ്ങിയത് പലപ്പോഴും പൊലീസ് തടഞ്ഞുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ശ്രിപെരുമ്പത്തുരിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജി ആർ.കെ. രാഘവൻ ഇടക്ക് ബന്ധപ്പെട്ട് എല്ലാം ഒകെയാണെന്ന് പറഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. പക്ഷെ, വീട്ടിലെത്തിയപ്പോൾ കിട്ടിയ വിവരം ഞെട്ടിക്കുന്നതായിരുന്നു.

രാജീവ് ഗാന്ധിയുടെ മരണത്തിന് തമിഴ്നാട് രാഷ്ട്രീയത്തിന് ആകെ ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറയുന്നു. 1984 മുതൽ ശ്രീലങ്കൻ തമിഴ് സംഘടനകൾക്ക് തമിഴ്നാട്ടിൽ സർവ സ്വാതന്ത്ര്യമായിരുന്നു. ശ്രീലങ്കയിലെ മുഴുവൻ തമിഴ് തീവ്രവാദ സംഘടനകളും അവരുടെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റി. തമിഴ്നാടിൽ പലയിടത്തായി നിരവധി ആയുധ പരീശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചു. സംഘടനകൾ പരസ്പരം തെരുവിൽ ഏറ്റുമുട്ടി. രാമനാഥപുരത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെടിവെച്ച ശേഷം ആയുധങ്ങൾ ചെക്പോസ്റ്റ് കടത്തിയതടക്കമുള്ള സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നു.

തമിഴ്നാട്ടിൽ ‘തോക്ക് സംസ്കാരം’ എത്തിയത് ശ്രീലങ്കൻ സംഘടനകളിലുടെയാണ്. കോടികളുടെ ആയുധങ്ങളാണ് കടൽമാർഗം കടത്തിയത്. ഇതിനെ ചെറുക്കാൻ പൊലീസിന് കഴിഞ്ഞില്ല. എത്രയോ ബോംബ് സ്ഫോടനങ്ങൾ പലയിടത്തായി നടന്നു. നൂറുകണക്കിനാളുകൾ മരിച്ചു. ചെന്നൈ സിറ്റി പൊലീസ് കമീഷണറായിരിക്കെ പ്രഭാകരൻ, ആൻറൺ ബാലസിങ്കം എന്നിവരെയടക്കം ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു. അവരെ മോചിപ്പിക്കാനും ആയുധങ്ങൾ തിരിച്ച് കൊടുക്കാനുമാണ് മുഖ്യമന്ത്രി എം.ജി.ആർ നിർദേശിച്ചത്.

ബാംഗ്ലൂരിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയുടെ വിജയത്തിന് പ്രഭാകരെൻറ സഹകരണം ആവശ്യമായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻറും ശ്രീലങ്കൻ പ്രശ്നം ചർച്ച ചെയ്യുമെന്ന് കരുതിയിരുന്നു. പ്രഭാകരന് ബാഗ്ലൂരിലെത്താൻ പ്രത്യേക വിമാനം ഏർപ്പാടാക്കിയിരുന്നുവെങ്കിലും അദ്ദേഹം യാത്രക്ക് വിസമ്മതിച്ചു. ഇതേതുടർന്ന് താൻ പ്രഭാകരനെ അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്ന് നേരിൽ കണ്ടാണ് ബാംഗ്ലൂർ ചർച്ചയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്. നീണ്ട ചർച്ചക്കൊടുവിൽ പ്രത്യേക വിമാനത്തിൽ അവർ പോയി. ആ ചർച്ച കാര്യമായ ഫലം കണ്ടില്ല. വൈകാതെ പ്രഭാകരൻ ശ്രീലങ്കക്ക് മടങ്ങുകയും ശ്രീലങ്കൻ പട്ടാളവുമായി ഏറ്റുമുട്ടൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, രാജീവ് വധക്കേസിൽ ഉൾപ്പെട്ട ഒറ്റക്കണ്ണൻ ശിവരാജൻ, ശോഭ, ധനു തുടങ്ങിയ നിരവധി പേർ തമിഴ്നാടിൽ തുടർന്നു.

12 വർഷത്തിലൊരിക്കൽ നടക്കുന്നതാണ് കുംഭകോണത്തെ മഹാമഹം. 1980ൽ ഡി.ഐ.ജി ആയിരിക്കെ മഹാമഹത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും നല്ല രീതിയിൽ നടത്തുകയും ചെയ്തു. 1992ൽ മുഖ്യമന്ത്രി ജയലളിതയെ മഹാമഹത്തിൽ പെങ്കടുപ്പിക്കാനുള്ള തീരുമാനത്തോടെ, സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കപ്പെട്ടു. മഹാമഹത്തിന്‍റെ ഒരുക്കങ്ങൾക്കായി യോഗം ചേർന്നപ്പോൾ മുഖ്യമന്ത്രി സംബന്ധിക്കണമെന്ന ആവശ്യം ചീഫ് സെക്രട്ടറിയടക്കമുള്ളവരിൽ നിന്നും വന്നുവെങ്കിലും അവർ അംഗീകരിച്ചില്ല. നിർബന്ധത്തെ തുടർന്നാണ് പ്രത്യേക ഹെലികോപ്ടറിൽ എത്തിയത്. അവർ മടങ്ങിയതിന്ശേഷം മറ്റൊരു ഗേറ്റിലായിരുന്നു ദുരന്തം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്ന നിലയിൽ തനിക്ക് ആ ഉത്തരവാദിത്തത്തിൽ നിന്നും മാറിനിൽക്കാനാകില്ല.

ലേകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചായ ചെന്നൈ മറീന ബീച്ച് സൗന്ദര്യവൽക്കരണവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്തി എം.ജി.ആർ സ്വീകരിച്ച നിലപാടും അതുയർത്തിയ കലാപവും പുസ്തകത്തിൽ വിവരിക്കുന്നു. മൽസ്യത്തൊഴിലാളികളുടെ വള്ളവും വലയും മാറ്റുന്നത് അടക്കമുള്ള സൗന്ദര്യവൽക്കരണമാണ് നിർദേശിച്ചത്. ഇതുയർത്തിയേക്കാവുന്ന പ്രത്യാഘാതങ്ങൾ അന്നത്തെ ചീഫ് സെക്രട്ടറിയും സിറ്റി പൊലീസ് കമീഷണറായിരുന്ന വാർട്ടറും മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെങ്കിലും ഉത്തവരുമായി മുന്നോട്ടു പോകാനായിരുന്നു നിർദേശം. ഒഴിപ്പിക്കൽ വലിയ കലാപത്തിന് കാരണമായി.

സർക്കാർ നടപടികൾ സുപ്രിംകോടതി സ്റ്റേ ചെയ്തതിന്ശേഷമാണ് കലാപം കെട്ടടങ്ങിയത്. എംജി.ആറിന്റെ വിലാപ യത്രയിൽനിന്നും ജയലളിതയെ പുറത്താക്കപ്പെട്ട സംഭവവും വിവരിക്കുന്നുണ്ട്. ഭൗതിക ശരീരം കയറ്റിയ ഗൺ വാഹനത്തിലാണ് ജയലളിത ഇരുപ്പുറപ്പിച്ചത്. ഇത് പട്ടാള നടപടികൾക്ക് വിരുദ്ധമായതിനാൽ അവരെ ഇറക്കി. മറ്റൊരു വാഹനത്തിൽ കയറിയ അവരെ ആർ.എം. വീരപ്പൻ ഗ്രൂപ്പിൽപ്പെട്ട രാമലിംഗം എം.എൽ.എ പുറത്താക്കി. ജാനകി രാമചന്ദ്രെൻറ ബന്ധുവായ ദീപനാണ് പൊലീസിനെ മറികടന്ന് അവരെ വാഹനത്തിൽ നിന്നും ഒഴിവാക്കിയത്.

അന്നത്തെ എ.ഐ.എ.ഡി.എം.കെ പിളർപ്പിനെ തുടർന്ന് നിയമസഭയിലെ കൈയ്യാങ്കളിയും തുടർന്ന് നിയമസഭയിൽ പൊലീസ് പ്രവേശിച്ചതും ഏറെ വിവാദം ഉയർത്തിയിരുന്നു. സിറ്റി പൊലീസ് കമീഷണറായിരുന്ന വാർട്ടറായിരുന്നു നിയമസഭയിൽ പ്രവേശിച്ചത്. ക്രമസമാധാന പരിപാലനത്തിന് എവിടെയും പൊലീസിന് പ്രവേശിക്കാമെന്ന് പിന്നിട് കോടതി വിധിച്ചതും അദേഹം ചൂണ്ടിക്കാട്ടുന്നു. 1977ലെ പരാജയത്തിന് ശേഷം തമിഴ്നാടിൽ എത്തിയ ഇന്ദിര ഗന്ധിക്കെതിരെ ഡി.എം.കെ നേതൃത്വത്തിൽ നടത്തിയ കരിദിനത്തിനും തുടർന്നുണ്ടായ കലാപത്തിലും വെടിവെപ്പും മറ്റുമുണ്ടായെങ്കിലും ഇന്ദിര ഗന്ധിയെ സുരക്ഷിതമായി ഡൽഹിക്ക് അയക്കാൻ കഴിഞ്ഞു.

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഇല്ലാതാക്കിയതും തഞ്ചാവൂരിലെ കർഷക തൊഴിലാളി സമരം അവസാനിപ്പിച്ചതും 1976ലെ ചെന്നൈ പ്രളയത്തിൽ പൊലീസ് രക്ഷാപ്രവർത്തകരായി മാറിയതും വിശദമായി പറയുന്നുണ്ട്. നക്സൽ വേട്ടയുടെ കാലത്താണ്, നക്സലൈറ്റുകളെ സഹായിച്ചിരുന്ന ആദിവാസി യുവാക്കളെ കണ്ടെത്തി പൊലീസ് സേനയിൽ ചേർത്തത്. നോർത്ത് ആർക്കോട് ജില്ലയിലെ കാടുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം ആദിവാസികളെ വിശ്വാസത്തിലെടുത്താണ് നക്സൽ വേട്ട നടത്തിയത്. പിന്നിട് തമിഴ്നാട് ഡി.ജി.പിയായ മൂന്നാർ സ്വദേശിനി ലതിക ശരണിനെ 'ജവാഡു റാണി' എന്നായിരുന്നു അവിടുത്തെ ആദിവാസികൾ വിളിച്ചിരുന്നത്.

തമിഴ്നാടിലെ ജാതി സംഘർഷങ്ങൾ പുതിയ അറിവായിരുന്നുവെന്നാണ് തൂത്തുക്കുടി എ.എസ്.പിയായി എത്തിയപ്പോഴുണ്ടായ അനുഭവം. താൻ ജനിച്ച് വളർന്ന മൂന്നാറിൽ ജാതിയുടെ പേരിലുള്ള കലാപങ്ങളും വിവേചനങ്ങളുമുണ്ടായിരുന്നില്ല. ജാതി സംഘർഷങ്ങൾ അവസാനിക്കാത്ത അധ്യായമായി മാറുകയാണ്. മുസ് ലീം തീവ്രവാദി ഇമാം അലിയെ പിടികൂടിയത്, രഥയാത്ര, ഹിന്ദി വിരുദ്ധ സമരം തുടങ്ങി എത്രയോ സംഭവങ്ങൾ. കായിക താരമായിരുന്ന വാൾട്ടറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശിയ പൊലീസ് കായിക മേളകൾ, കായിക താരങ്ങൾക്ക് സേനയിൽ നൽകിയ പ്രോത്സാഹനം തുടങ്ങിയ വിവരങ്ങളും പുസ്തകത്തിലുണ്ട്. ചെന്നെയിലെ മലയാളി കായിക താരങ്ങളുടെ സംഘടനയുടെ പ്രസിഡൻറാണ് ഇദേഹം.

മൂന്നാർ മേഖലയേയും തമിഴ്നാട് അതിർത്തി ഗ്രാമങ്ങളെയും ഒരുപോലെ ഭയപ്പെടുത്തിയിരുന്ന മലൈകള്ളൻ തങ്കയ്യയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പൊലീസുകാർക്ക് പേരില്ലെന്ന സത്യം തിരിച്ചറിഞ്ഞത്. തമിഴ്നാട് പൊലീസ് പിടികൂടി കേരളത്തിന് കൈമാറപ്പെട്ട തങ്കയ്യ ദേവികുളം സബ് ജയിലിൽ കഴിയവെയാണ് തടവ് ചാടിയത്. തിരുനെൽവേലിയിലെ സെന്താമരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏറ്റുമുട്ടലിലാണ് മലൈകള്ളൻ കൊല്ലപ്പെട്ടത്. ഒരിക്കൽ സെന്താമരം സ്റ്റേഷനിലെത്തി രേഖകൾ പരിശോധിച്ചപ്പോഴാണ്, താൻ കുട്ടിക്കാലത്ത് കണ്ടിട്ടുള്ള തങ്കയ്യയുടെ കഥ അറിയുന്നത്.

പി.സി 2538, പിസി 310 എന്നിവരുമായുള്ള ഏറ്റുമുട്ടലിലാണ് മലൈകള്ളൻ വെടിയേറ്റ് മരിച്ചത്. ഇവർക്ക് റിവാർഡ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇവരുടെ പേര് വിവരം സ്റ്റേഷനിൽ ലഭ്യമായിരുന്നില്ല. തുടർന്നാണ് കോൺസ്റ്റബിൾമാർക്കും പേരുള്ള ബാഡ്ജ് ധരിക്കാൻ അനുമതി നൽകണമെന്ന് ശിപാർശ നൽകിയത്. പൊലീസ് സേനക്കകത്ത് നടത്തിയ പരിഷ്കാരങ്ങൾ, ആദ്യകാല കോൺസ്റ്റബിൾമാരുടെ കുടുംബ പെൻഷൻ തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയും പുസ്തകത്തിലുണ്ട്. തമിഴ്നാടിൽ നിന്നും കേരളത്തിലേക്ക് റേഷനരി കടത്തുന്നത് പിടികൂടുന്നതിന് രൂപീകരിച്ച പ്രത്യേക സേനക്കും നേതൃത്വം നൽകി. മലയാളം രക്ഷക്കെത്തിയ കഥയും പറയുന്നുണ്ട്. നീലഗിരി എസ്.പി ആയിരിക്കെയാണ് ഗൂഡല്ലുരിലെ കലാപം. മലയാളം നന്നായി സംസരിച്ചത് കൊണ്ട് മാത്രമാണ് അന്ന് ആ കലാപം അവസാനിപ്പിക്കാൻ കഴിഞ്ഞത്. അരി കടത്ത് സംഘത്തെ പിടികൂടുമ്പോഴും നാട്ടുകാരിൽനിന്നും രക്ഷപ്പെടാൻ മലയാളം തുണച്ചു.

മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയിലെ ലേബർ വെൽഫയർ ആഫീസറായിരുന്നു പിതാവ്. അതിനാൽ വിവിധ എസ്റ്റേറ്റുകളിൽ മാറി മാറി താമസിക്കേണ്ടി വന്നു. ദിവസവും 10 മൈൽ വരെ നടന്നാണ് മൂന്നാറിലെ ഹൈസ്കുളിൽ പഠിക്കാൻ വന്നത്. 1954ൽ പത്താംക്ലാസ് ജയിച്ച് മദിരാശിയിൽ ഉപരിപഠനത്തിന് ചേർന്നു. എൻ.സി.സിയിൽ ഉണ്ടായിരുന്നതിൽ പട്ടാളത്തിൽ ചേരാനായിരുന്നു മോഹം. ദേശിയ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതിയെങ്കിലും പ്രവേശനം കിട്ടിയില്ല. തുടർന്ന് ചെന്നൈയിൽ കായികാധ്യാപക കോഴ്സിന് ചേർന്നു. പിന്നിട് ബി.എയും എം.എയും പൂർത്തിയാക്കി. എൻ.സി.സി സർട്ടിഫിക്കറ്റുമായി പട്ടാളത്തിൽ ചേരാൻ ചെന്നുവെങ്കിലും മടങ്ങേണ്ടി വന്നു. അങ്ങനെയിരിക്കെയാണ് 1962ൽ യു.പി.എസ്.സി എഴുതിയത്. യുദ്ധം പൊട്ടിപുറപ്പെട്ടതിനാൽ ഫലം വൈകുമെന്നറിഞ്ഞു.

ഇതിനിടെ, നോർത്ത് ഇസ്റ്റ് ഫ്രണ്ടിയർ ഏജൻസിയിൽ ജോലി കിട്ടുമെന്നറിഞ്ഞതോടെ പട്ടാള മോഹവുമയി ദിമാപൂരിലേക്ക് വണ്ടി കയറി. അവിടെ എത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചു. ഇംഫാലിൽ എത്തിയപ്പോഴാണ് മദിരാശിയിലെ സഹപാഠി ലോകേന്ദ്ര സിങ്ങിനെ കണ്ടത്. അതു മറ്റൊരു വഴിത്തിരിവായി. മൂന്നാറിന് മടങ്ങേണ്ടെന്നും ഗവ. കോളജിൽ അധ്യാപക ഒഴിവുണ്ടെന്നും പറഞ്ഞതോടെ അവിടെ അധ്യാപകനായി. രണ്ടു മാസം കഴിഞ്ഞപ്പോൾ ഐ.പി.എസ് ഫലം വന്നു.

വീരപ്പൻ വേട്ടക്ക് ഇടക്കൊരു ദിവസമാണ് വാഹനാപകടത്തിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ടത്. 1994 ഫെബ്രവരി 21നായിരുന്നു സംഭവം. തേനിയിൽ വനിത പൊലീസ് സ്റ്റേഷൻ ഉൽഘാടനത്തിന് മുഖ്യമന്ത്രി എത്തുന്നതിനാൽ ഒരുക്കങ്ങൾ പരിശോധിക്കാൻ എത്തി മധുര വിമാനത്താവളത്തിലേക്ക് ജിപ്സിയിൽ പോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന ബസുമായി ജിപ്സി കൂട്ടിയിടിച്ചു. ഡ്രൈവർ മരിച്ചു. മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷം വീണ്ടും വീരപ്പൻ വേട്ടക്ക് കാട്ടിലേക്ക്. 408 പേജുള്ളതാണ് ഇംഗ്ലീഷ് പതിപ്പ്. 595 രൂപയാണ് വില. തമിഴ് പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്.

Tags:    
News Summary - munnar to marina the journey: autobiography of walter isaac devaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT