പത്തിരിപ്പാല: ആയുഷ്കാലം മുഴുവൻ പുസ്തകങ്ങളെ സ്നേഹിക്കുകയും വീട് തന്നെ ലൈബ്രറിയാക്കി മാറ്റുകയും ചെയ്ത കനകരാജിന്റെ 3500ലേറെ പുസ്തകങ്ങൾ സംരക്ഷിക്കാൻ കഴിയാതെ കുടുംബം ട്രസ്റ്റിന് കൈമാറുന്നു. കഴിഞ്ഞ മേയ് ഏഴിനാണ് മങ്കര പുറയത്ത് വീട്ടിൽ കനകരാജ് (48) എന്ന പുസ്തകപ്രേമി ഹൃദയാഘാതംമൂലം മരിച്ചത്. ചോർന്നൊലിക്കുന്ന വീടിനകത്ത് പുസ്തകങ്ങൾ സംരക്ഷിക്കാനാകാത്തതിനെ തുടർന്നാണ് കുടുംബം പുസ്തകങ്ങൾ കൈമാറുന്നത്.
നിത്യചൈതന്യ യതിയുടെ ശിഷ്യൻ കൂടിയായ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പുസ്തകം ഏറ്റെടുക്കാമെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. നോവൽ, കവിതകൾ, ആത്മീയഗ്രന്ഥങ്ങൾ, ചരിത്ര പുസ്തകങ്ങൾ, പഴയകാല പത്രങ്ങൾ എന്നിവയടക്കം 3500ലേറെ പുസ്തകങ്ങൾ വീടിനകത്തുണ്ട്. 15ാം വയസ്സിലാണ് പുസ്തകങ്ങൾ ശേഖരിച്ചുതുടങ്ങിയത്. വായനയോടൊപ്പംതന്നെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സൂക്ഷിച്ചുവെക്കും. മങ്കര ഗ്രാമപഞ്ചായത്തിലെ 'ഗ്രാമധ്വനി' പത്രത്തിന്റെ എഡിറ്റർ കൂടിയായിരുന്നു.
ഏകദേശം അഞ്ചു ലക്ഷത്തിലേറെ വിലപിടിപ്പുള്ള പുസ്തകം ഇവിടെയുണ്ടെന്ന് സുഹൃത്തും നടനുമായ മുരളി മങ്കര 'മാധ്യമ'ത്തോട് പറഞ്ഞു. കനകരാജിന്റെ മരണത്തോടെ കുടുംബം നിത്യജീവിതത്തിനുപോലും വഴി കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ്. മക്കളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ്. ചോർന്നൊലിക്കുന്ന ദ്രവിച്ച വീടിനകത്താണ് അമ്മ വസന്തകുമാരി, ഭാര്യ സുനിത, മക്കളായ ചിത്ര, അഭിശിക എന്നിവരടങ്ങുന്ന കുടുംബം കഴിഞ്ഞുകൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.