അറബ് വായനപ്രേമികൾക്ക് ഉത്സവകാലം സമ്മാനിച്ച് കതാറ നോവൽ ഫെസ്റ്റിന് സമാപനമായി. കഴിഞ്ഞ ഒരാഴ്ചക്കാലം, അറബ് സാഹിത്യലോകത്തെ പ്രമുഖരായ എഴുത്തുകാരുടെ സാന്നിധ്യവും ലോകോത്തര നോവലിസ്റ്റുകളുടെ എഴുത്തുകളെക്കുറിച്ചുള്ള ചർച്ചകളും പുതുതലമുറയിലെ അറബ് നോവലിസ്റ്റുകളുടെ രംഗപ്രവേശനവുമായി ശ്രദ്ധേയമായിരുന്നു കതാറ കൾചറൽ വില്ലേജ് സാക്ഷ്യംവഹിച്ച അറബ് നോവൽ ഫെസ്റ്റിവൽ. ഒക്ടോബർ 14ന് തുടങ്ങി 20 വരെയായി ഒരാഴ്ചക്കാലം വായനയുടെ വിരുന്നുകാലമായി. കതാറയിൽ നടന്ന പുസ്തകമേളയിൽ വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള 23 പ്രസാധകർ പങ്കെടുത്തു. ലൈബ്രറികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
ഏഴു ദിവസത്തിലായി ശ്രദ്ധേയമായ സാഹിത്യചർച്ചകൾ, അറബ് നോവൽ സാഹിത്യത്തിലെ പുതിയ പ്രവണതകൾ, പുതു എഴുത്തുകാരുമായുള്ള സംവാദം, വിവർത്തന സാഹിത്യങ്ങൾ, സിനിമയാക്കപ്പെട്ട നോവലുകൾ അങ്ങനെ പുതുമയുള്ള ഒരുപിടി വിശേഷങ്ങളും ചിന്തകളുമായാണ് ആഘോഷക്കാലം സമാപിച്ചത്.
പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരൻ ഇഹ്സാൻ അബ്ദുൽ ഖുദുസിന്റെ രചനകളിലെ വനിതകൾ, അദ്ദേഹത്തിന്റെ ജീവചരിത്രം, കരിയർ എന്നിവ ഉൾക്കൊള്ളുന്ന പ്രദർശനവും അറബ് സാഹിത്യപ്രേമികളെ ആകർഷിച്ചു. അദ്ദേഹത്തിന്റെ പ്രശസ്ത നോവലുകളിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കലാകാരന്മാരുടെ പ്രദർശനവും അരങ്ങേറി.
എഴുത്തിലെ ഭാഷാപരീക്ഷണങ്ങൾ സംബന്ധിച്ച സിേമ്പാസിയത്തിൽ അറബ് ഭാഷാപണ്ഡിതരുടെ സാന്നിധ്യം ശ്രദ്ധേയമായി.
30,000 ഡോളർ സമ്മാനത്തുകയുള്ള കതാറ അറബിക് നോവൽ പുരസ്കാരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചു. ഈജിപ്ഷ്യൻ എഴുത്തുകാരൻ അഷ്റഫ് അൽ അഷ്മാവി, റഷ അദ്ലി, ഒമാനിൽനിന്നുള്ള മുഹമ്മദ് അൽ യഹ്യ എന്നിവരാണ് വൻ പ്രതിഫലമുള്ള പുരസ്കാരം നേടിയത്. ഇവരുടെ രചനകൾ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് വിവർത്തനവും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.