കോഴിക്കോട് : കെ.സഹദേവൻ എഡിറ്റ് ചെയ്ത 'അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' പുസ്തകം പരഞ്‌ജോയ് ഗുഹ ഠാകുര്‍ത പ്രകാശനം ചെയ്യുമെന്ന് പ്രസാധകർ അറിയിച്ചു. അദാനിക്കെതിരായി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടുന്ന പത്രപ്രവര്‍ത്തകനാണ് പരഞ്‌ജോയ്.
ഡെൽഹിയില്‍ നിന്ന് കോടതികളിൽനിന്ന കോടതികളിലേക്ക് ഓടിച്ച് സാമ്പത്തികമായും മാനസികമായും തകര്‍ക്കാനാണ് ശ്രമിച്ചത്. ആറ് മാന നഷ്ടക്കേസുകളാണ് പരഞ്ജോയ് നേരിടുന്നത്. നാലെണ്ണം ഗുജറാത്ത് കോടതികളിലാണ്. ഒരെണ്ണം രാജസ്ഥാനില്‍. മറ്റൊരെണ്ണം ദില്ലിയിലും. അതോടൊപ്പം വായ്മൂടിക്കെട്ടാനുള്ള നിർദേശവും കോടതി നൽകി.
2015 മുതല്‍ ആരംഭിച്ച അന്വേഷണങ്ങള്‍ എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി( ഇ.പി.ഡബ്ല്യു)യില്‍ പ്രസിദ്ധീകരിച്ച നാള്‍ തൊട്ടാണ് പരഞ്‌ജോയ് ഗുഹ ഠാകുര്‍തയ്ക്ക് അതിന്റെ പത്രാധിപ സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി പരഞ്‌ജോയ് എഴുതിയ പല കാര്യങ്ങളും വസ്തുനിഷ്ഠമാണെന്ന് വ്യക്തമായി. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളില്‍ ഒരേ ഒരാള്‍ പരഞ്‌ജോയ് ആണ്. പരഞ്‌ജോയ് ഗുഹ ഠാകുര്‍ത്ത, കോടതി ഉത്തരവിനെ തുടര്‍ന്നുള്ള രണ്ടര വര്‍ഷത്തെ മൗനം ഭഞ്ജിക്കുകയാണ്. അദാനിക്കെതിരായ തന്റെ യുദ്ധം തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.
'അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനായി അദ്ദേഹം കേരളത്തിലെത്തുന്നു. കേരളത്തില്‍ മൂന്നിടങ്ങളില്‍ പുസ്തക പ്രകാശനത്തോടൊപ്പം തന്റെ പോരാട്ടങ്ങളുടെ ഉള്ളടക്കത്തെപ്പറ്റിയും സംസാരിക്കും. 17ന് ആദ്യ പ്രകാശനം തിരുവനന്തപുരത്താണ്. 18ന് തൃശൂർ സാഹിത്യക്കാദമിയലും 19 ന് കോഴിക്കോട്ടും പ്രകാശനം നടത്തും.
ഇന്ത്യൻ ജനാധിപത്യത്തെയും നിയമ സംവിധാനത്തെയും വെല്ലുവിളിക്കുന്ന, കാവി ഫാസിസത്തിന്റെ സാമ്പത്തിക സ്രോതസായിസായ അദാനിയെക്കുറിച്ചുള്ള അന്വേഷണമാണ് പുസ്തകം. രാജ്യത്തെ ഗോത്ര ജനതയുടെ അവകാശങ്ങൾ കൊള്ളയടിക്കുകയും അധികാര ബലത്തിൽ പൊതുമുതൽ കവർന്നെടുക്കുകയും ചെയ്ത അദാനിയുടെ ചരിത്രവും പുസ്തകത്തിൽ വായിക്കാം. അദാനി സാമ്രാജ്യത്തിന്റെ ബിസിനസ് വഴികളെക്കുറിച്ചുള്ള ഭൂപടമാണ് പുസ്തകമെന്ന് കെ.സഹദേവൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.
ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ ഇന്ത്യയിലെ മാധ്യമങ്ങളൊക്കെ വലിയ ഞെട്ടലുകളാണ് രേഖപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ നടത്തിയ കൃത്രിമത്വങ്ങളെക്കുറിച്ച് മാത്രമാണ് ഹിൻഡൻബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കേരളത്തിൽ രാഷ്ട്രീയഭോദം മറന്ന് മുന്നണികളിൽ അദാനിയെ പിന്തുണക്കുമ്പോൾ 'അദാനി ചരിതം' ഏറെ വായിക്കപ്പെടാൻ ഇടയുണ്ട്. കോഴിക്കോട് റെഡ് ഇങ്ക് ബുക്സ് ആണ് പ്രസാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.