പെങ്കുപ്പായം/കൃപ അമ്പാടി ഇഷ്ടമുള്ളോർ ഇഷ്ടമുള്ളോരുടെ കൈപിടിക്കുന്നതിന്റെ രജത വാർഷികത്തിന് ഭൂമിയിലെ സർവ്വ ഗ്രന്ഥങ്ങളും പുരാണങ്ങളും ടലിൽ ചാടിയൊളിക്കും ....
[നമ്മൾ കണ്ടും കേട്ടും അനുഭവിച്ചും തീർക്കുന്ന ജീവിതങ്ങളുടെ മറ്റൊരു അന്വഷേണമാണ് കവിതയും കഥയും ഒക്കെ ചെയ്യുന്ന പ്രാഥമിക ധർമ്മം. അത് അന്വർഥമാക്കുന്ന കവിതകളാണ് അധ്യാപികയും യുവഎഴുത്തുകാരിയുമായ കൃപ അമ്പാടിയുടേത്.'ഒരുത്തിയെ നോക്കുമ്പോൾ' എന്ന കവിതയിൽ തുടങ്ങി കവേ എന്ന കവിതയിൽ അവസാനിക്കുന്ന 43 കവിതകളുടെ സമാഹാരമാണ് ഡി.സി ബുക്സ് പ്രസിദ്ധികരിച്ച 'പെങ്കുപ്പായം'.പെണ്ണിനേയും പെണ്ണുടലിനേയും സ്ത്രി കാമനകളേയും ഇഴ കീറി പരിശോധിച്ച് സ്വയം രുദ്രയാകുന്ന സ്ത്രീ സങ്കല്പമാണ് ഈ യുവ കവയത്രി വരച്ചിടുന്നത്. ഒപ്പം എല്ലാ സമകാലിക ജീവിതങ്ങളോടും രാഷ്ട്രിയങ്ങളോടും കലഹിക്കുകയും ചെയ്യുന്നു. അബലയും ചപലയുമല്ലാത്ത യഥാർത്ഥ നാരി സങ്കല്പം. സ്ത്രീ സ്ത്രീ മാത്രമല്ലെന്നും വളാണെന്നും അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു.
പരമ്പാരാഗത വിവാഹ മാമൂലാദികളെയും അതിനുണ്ണിൽ പെട്ടു പോകുന്ന അസംഖ്യം പെൺ മനസ്സുകളേയും ഓർത്തെടുക്കുന്ന കവിതയാണ് 'മാട്രിമോണിയൽ'. സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിങ്ങനെ ദുർലഭമായി കാണുന്ന, പറഞ്ഞു പറഞ്ഞു ക്ലിഷേ ആയി മാറിയ പദങ്ങൾ ഏതോ പാഠ പുസ്തകത്തിൽ നിഴലിച്ച കൊഴിഞ്ഞ അക്ഷരങ്ങളാണെന്ന് കവി പറഞ്ഞു വെക്കുന്നുണ്ട്.പുറമ്പോക്ക് എന്ന കവിത സമകാലിക ജീവിത സങ്കല്പങ്ങളെ ആകെ പൊളിച്ചെഴുതുന്നു.
'മഴ പാലാണ് തേനാണ് കോപ്പാണ്...
കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്...
കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ് മണ്ണാങ്കട്ടയാണ് .....
ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്...
ഒരു സാധാരണ ജീവിതം മതി ....
പാലും തേനും ഒഴുകുന്ന ജീവിതമല്ല മറിച്ച് സ്വപ്നം കാണാൻ കഴിയുന്ന സാധാരണ ജിവിതമാണ് വേണ്ടത് എന്ന് എത്ര സുന്ദരമായി ആണ് കവയത്രി പറഞ്ഞു വെക്കുന്നത്.'രാപ്പലുകൾ' എന്ന കവിതയിൽ സർവ്വ ആൺകോയ്മകളേയും വെല്ലു വിളിക്കുന്നു.'നിന്റെ അന്തിക്കൂട്ടനിക്കു വേണ്ടടാ...നീ സൂര്യനാണെങ്കിൽ ഞാൻ ഭൂമിയാണ്... സൂര്യന്റെ തപമേറ്റ് കറുത്തിട്ടും വാടിയിട്ടും അവനാപ്പം ഭൂമിയായി, ധൈര്യത്തോടെ നിലകൊള്ളുന്ന സ്ത്രി സങ്കല്പമാണ് ഈ കവിത.പ്രണയങ്ങളേയും പ്രണയ ജീവിതങ്ങളേയും ഒരു ദാർശനിക ബോധത്തോടെ വീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കവിതയാണ് 'ഒരു പുരുഷനെ പ്രണയിക്കുക എന്നാൽ....' എന്ന കവിത.തീച്ചൂളയിൽ ഉരുക്കി പൊന്നാക്കിയെടുക്കുന്ന കവിത കാണാനില്ലാത്ത ഈ കാലത്ത് കൃപ അമ്പാടിയുടെ പെങ്കുപ്പായം എന്ന കവിതാ സമാഹാരം വേറിട്ട് നിൽക്കുന്നു.ബാലാമണിയമ്മ, സുഗതകുമാരി, വിജയലക്ഷ്മി തുടങ്ങിയ സ്ത്രീ എഴുത്തുകാരുടെ നിരയിലേക്ക് കൃപ അമ്പാടിയേയും നമുക്ക് ചേർത്ത് വെക്കാം. കാൽപ്പനികതക്കുമപ്പുറത്ത് തൊട്ടാൽ പൊള്ളുന്ന ജീവിതക്രമങ്ങളേയും യഥാർത്ഥ്യങ്ങളേയും നിശിതമായി വിമർശിക്കുന്ന കവിതകളാണ് ഈ പുസ്തകത്തിൽ ഉടനീളം.ഒറ്റവായനക്ക് പിടി തരാത്ത കവിതകളും ഈ കവിതാ സമാഹാരത്തിലുണ്ട് എന്നത് ഒരു സത്യം. അറിയും തോറും പൊരുളു തിരിയുന്ന കവിതകൾക്കുള്ളിലെ കനലുകൾ വായനക്കാരെ വിടാതെ പിൻതുടരും .
പെണ്ണു വെറും പെണ്ണല്ല ....
വാളും ചിലമ്പുമുള്ള ഭദ്ര....
അവന്റെ വാരിയെല്ലിൽ
നാവാൽ എഴുതിയ ഒരുവളെ...
എങ്ങെനെ ഒഴിവാക്കാനാകും നിങ്ങൾക്കെന്നെ ...
പൊള്ളിക്കുന്ന ഭാഷയിലൂടെ നമ്മെ കുത്തി നോവിക്കുന്ന ഈ പുസ്തകം നിങ്ങളെ നിരാശപ്പെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.