എ​െൻറ പുലരി എത്ര പീഡിതവും വ്രണിതവുമാണ്!

``എ​െൻറ പുലരി
എത്ര പീഡിതവും വ്രണിതവുമാണ്!
മധ്യാഹ്നങ്ങളിൽ അതൊരു പുകയുന്ന ഓർമ
സായാഹ്നങ്ങളിൽ
കൊലമരത്തിലെ നിരാശ്രയ​ന്റെ
തുറിച്ച കണ്ണ്
രാത്രിയിൽ
അണയാത്ത കണ്ണുനീർ വിളക്ക്...!''

ഒരു കവി ജീവിതത്തി​ന്റെ ദിനക്കുറിപ്പാണീ വരികൾ. ഒരർത്ഥത്തിൽ എസ്.വി. ഉസ്മാനുൾപ്പെടെയുള്ള കവികളുടെ നിത്യജീവിതം കൂടിയാണിത്. ഒഴിഞ്ഞു മാറാൻ പറ്റാത്ത വേദനകളാൽ ചുറ്റിവരിഞ്ഞ കവി ജീവിതം ഏറെയാണ്. ആൾക്കൂട്ടത്തിൽ തനിച്ചിരുന്ന്, ബഹളങ്ങൾക്കിടയിൽ ഏകാകിയായി വേദനയുടെ കനൽക്കട്ടയിൽ ഇരുപ്പുറപ്പിച്ച് കവിതയെഴുതി, ആ ദു:ഖത്തെ വായനക്കാരനിലേക്ക് പകർന്നുവെച്ച എസ്.വി. ഉസ്മാനെ കാണാതായിട്ട് ഒരു വർഷമായി. എഴുത്തുകാർ മരിച്ചു പോകുന്നവരല്ല, അവരെ പലപ്പോഴും കാണാതാവുകയാണെന്ന് തോന്നാറുണ്ട്. ഇന്നില്ലാത്ത എത്ര പേരുടെ രചനകളാണ്, നാം ദിനംപ്രതി​യെന്നോണം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നത്. എഴുത്തിലൂടെ അവർ സാന്നിധ്യം അറിയിക്കുകയാണ്. എസ്.വി ഉസ്മാന്റെ വരികൾ ചോദ്യങ്ങളായും വേദനയായും സുഖം തരുന്ന നൊമ്പരമായും നമുക്കിടയിൽ സജീവമാണ്. അതുകൊണ്ടാണ്, വിതയെന്ന പേരിൽ കവിതകൾ സമാഹരിക്കപ്പെടുന്നത്. രണ്ടു പുസ്തകങ്ങളിലായി നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടവയുൾപ്പെടെയാണിപ്പോൾ പുതിയ സമാഹാരത്തിലുള്ളത്. ലഭിക്കാത്ത രചനകൾ ഏറെയുണ്ടാകുമെന്ന കാര്യത്തിൽ പ്രസാധകർക്ക് തർക്കമില്ല. വിതയുടെ പ്രകാശനം 19ന് വ്യാഴാഴ്ച നടക്കും. വടകര എടോടിയിലെ മുനിസിപ്പൽ പാർക്കിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പി രാമൻ പുസ്തകം പ്രകാശനം ചെയ്യും. വീരാൻക്കുട്ടി പുസ്തകം ഏറ്റുവാങ്ങും.

എസ്.വി. തന്റെ നേർക്ക് പിടിച്ച കണ്ണാടി കൊണ്ടുനടന്നയാളല്ല. മറിച്ച് മറ്റുള്ളവരിലേക്ക് തുറന്നുപിടിച്ച കണ്ണുകളായിരുന്നു അ​ദ്ദേഹത്തിനെല്ലാം. അതിനാൽ തന്റെതായതൊന്നും സൂക്ഷിക്കുന്ന കവിയല്ല. ചിതറിയ ചിന്തകൾപോലെ കവിതകൾ കിടക്കും.

വടകരയിലെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഇരുന്ന് നാട്ടുകാരെയും കാവ്യാസ്വാധകരെയും ഒരുപോലെ കണ്ടു. 1991ലാണ് ബലിമൃഗങ്ങളുടെ രാത്രി എന്ന കവിത സമാഹാരവുമായി എസ്.വി. ഉസ്മാൻ ആസ്വാദകർക്കിടയിലേക്ക് എത്തുന്നത്. അതും തന്റെ 45ാമത്തെ വയസിൽ. മലയാളത്തിലെ മുതിർന്ന എഴുത്തുകാരുമായി അടുത്ത ബന്ധം പുലർത്തിയ കാലം. പിന്നീടെ​പ്പോഴോ മുറുകിയ ചിന്തകൾ ​പോലെ തന്നിലേക്ക് തന്നെ ചുരുങ്ങി. കവിത വല്ലപ്പോഴുമായി ചില പ്രസിദ്ധീകരണങ്ങളിൽ പ്രത്യ​ക്ഷപ്പെട്ടു. എന്നാൽ, കവിയാഘോഷങ്ങളിൽ നിന്നും ബോധപൂർവം മാറിനിന്നു. ഒരു പക്ഷെ, തന്റെ കവിതയെ സ്​േനഹിക്കുന്നവർ ഇവിടെയുണ്ടാകുമെന്ന തിരിച്ചറിവാകാം ആ അലസതയ്ക്ക് കാരണം.

ഉറക്കം നഷ്ടമായ കവി

``പലപ്പോഴും കേട്ടിട്ടുണ്ട്, കവികൾ രാത്രി ഉറക്കം നഷ്ടപ്പെടുന്ന ബുദ്ധിജീവികൾ ആണെന്ന്. പക്ഷെ, ഒരിക്കൽ പോലും അത്, എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടില്ല. ഈ വേർഡ്സ് വർതിയൻ വരികൾ അത്, പറയാതെ പറയുന്നുണ്ട്. എപ്പോഴെങ്കിലും ഉറക്കം ഞെട്ടിയാൽ എല്ലാ സ്ഥലവും ഇരുട്ടിലായിക്കും ഒരു മുറി ഒഴികെ'' എസ്.വിയുടെ മകൻ മെഹ്ജബിൻ ഈ പുസ്തകത്തിനെഴുതിയ ആമുഖ കുറിപ്പിൽ നിന്നാണിത്. കവിത ജീവിതത്തിന്റെ ഉറക്കമില്ലാ രാത്രികൾ സാക്ഷ്യപ്പെടുത്തുന്നവയാണ് ഈ അനുഭവം. ഈ ഉറക്കമില്ലായ്മക്ക് കാരണം ചിന്തകളുടെ വേലിയേറ്റമാണ്. അത്, സാക്ഷ്യപ്പെടുത്തുന്ന രാഷ്ട്രീയ ചിന്ത വഹിക്കുന്ന വരികൾ ഏറെയാണ്. കൂടുതൽ എഴുതേണ്ട സമയമല്ലിത്, അനുഭവിക്കേണ്ട വരികൾ പുസ്തകത്തിലേറെയാണ്. രാഷ്ട്രീയ ചിന്തകൾ ഏറെ വരികൾ വായനക്കാരനെ കാത്തിരിക്കുന്നു. മൗനം ഒരു രാഷ്ട്ര ഭാഷ എന്ന കവിതയിലെ വരികളിങ്ങനെ:

`` അർധ രാത്രി
ഭയാനകമായ ഇരുട്ടത്ത്
നാഴികമണിയു​ടെ
ഹൃദയം നിലച്ച്
നാൽക്കവലയിലെ
പ്രതിമയാവും ചരിത്രം.
ഒടുവിൽ മൗനം രാഷ്ട്രഭാഷയാകും!.
Tags:    
News Summary - Poems of S.V. Usman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT