ഏറ്റവും ആധുനികനായ മനുഷ്യന്റെ അകം അനാവരണം ചെയ്യുക എന്നത് അങ്ങേയറ്റം ദുഷ്കരമായ പ്രവൃത്തിയാണ് ഇക്കാലത്ത്. പുറത്ത് മാന്യവും കുലീനവുമായ 'സാംസ്കാരിക' ജീവിതത്തിന്റെ സുരക്ഷിതമായ മേലാപ്പുകൊണ്ട് മറയ്ക്കപ്പെട്ട പരിഷ്കൃത മനുഷ്യന്റെ നിഗൂഢ മനസ്സിനെ അതിന്റെ എല്ലാ വന്യതയോടും സ്വാഭാവികതയോടും കൂടി തോറ്റിയുണർത്തുകയാണ് കെ.എൻ. പ്രശാന്ത് തന്റെ കന്നി നോവലായ 'പൊന'ത്തിലൂടെ. ഒരുവേള ഉത്തര മലബാറിന്റെ സാംസ്കാരിക സ്വത്വത്തെ സൂക്ഷ്മമായി സ്വാംശീകരിക്കുകയും മറുജീവിതം പണിയുകയുമാണ് 'പൊന'ത്തിലൂടെ പ്രശാന്ത്. കാടിന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന കരിമ്പുനമെന്ന ദേശത്ത് വരുകയും പോവുകയും ചെയ്ത മനുഷ്യരുടെ ജീവിത കാമനകളുടെ സൂക്ഷ്മമായ സർഗാവിഷ്കാരമാണ് 'പൊനം'.
ജീവിതം അതിന്റെ സമ്പൂർണമായ ലഹരിയോടെ, ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നുണ്ട്, ഒടുങ്ങാത്ത കാമവും പ്രണയവും രതിയും പകയും അതിശക്തമായി ആവിഷ്ക്കരിക്കപ്പെട്ട ഈ നോവലിൽ. കരിമ്പുനത്ത് എത്തിപ്പെടുന്ന വായനക്കാരെ, കാടും രതിയും പ്രണയവും ഒരു കാന്തത്താലെന്നപോലെ അതിന്റെ ആകർഷണ വലയത്തിൽ കുടുക്കിയിടാതിരിക്കില്ല. കരിയൻ പറയുന്ന 'പൊനം' കഥ പതിറ്റാണ്ടുകളായി കൊന്നും തിന്നും രമിച്ചും കഴിഞ്ഞവരുടെ തലമുറകളിലേക്ക് പടർന്നുപരക്കുന്നു. കരിമ്പുനത്തെത്തിയ ചിരുതയിൽ തുടങ്ങുന്ന പെൺ തലമുറ പാർവതിയിലൂടെ, പുതിയ കാലത്ത് രമ്യയിൽ എത്തിനിൽക്കുന്നു. തന്നെ വഞ്ചിക്കാനൊരുമ്പെട്ട കാമുകനെ വേണ്ടതുപോലെ 'കൈകാര്യം' ചെയ്ത രമ്യ പുതിയ കാലത്തെ സ്ത്രീരാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്. നോവലിന്റെ ഭാഷയും കഥ പറഞ്ഞുപോയ രീതിയും മലയാള നോവലിലെ പുതുഭാവുകത്വം ആർജിച്ച പക്വതയും വളർച്ചയും വെളിവാക്കുന്നുണ്ട്.
'അത് കഥ്യാന്ന് സാറേ, ഈ നാടിന്റെ കഥ. അക്കതേല് ഞാനും ഈ ഇരിക്ക്ന്ന പാറുഏട്ടീം ഓറെ അമ്മ ചിരുതേട്ടീം മോളും ശേഖരേട്ടനും ഓറെ അച്ഛൻ അമ്പൂട്ടീം അനിയൻ ഗണേശനും സോമനായിക്കും പടിയത്ത് രൈരു നായരും മാധവനും ഓന്റെ പെങ്ങളും ഒരു ദേവസം പെട്ടെന്ന് കാണാതായ ഓന്റെ അച്ഛൻ കർത്തമ്പുവും തളങ്കരേലെ മാപ്ലാരും കാടും മരൂം പന്നീം ആനേം പൊലീസും ഏട്ന്ന് വന്നു എന്ന് അറിയാത്ത കാന്തയും കൊറഗരും മാവിലരും അങ്ങനെ ഒരു പാട് ജനങ്ങള്ണ്ട്.'
സിനിമക്കുവേണ്ട കഥയന്വേഷിച്ചെത്തിയ നറേറ്ററോട് കരിയൻ നടത്തുന്ന ഈ ദീർഘഭാഷണത്തിന്റെ ആഴമുള്ള ജീവിതാഖ്യാനമാണ് എഴുത്തു രീതിയിൽ ഏറെ ജൈവിക സ്വഭാവമുള്ള ഈ ആഖ്യായികയിൽ വിശദമാക്കപ്പെടുന്നത്. പച്ചയായ നിരവധി മനുഷ്യരാണ് ഈ നോവലിൽ ആടിത്തിമിർക്കുന്നത്. എഴുത്തുജീവിതത്തിന്റെ തുടക്കത്തിൽ കവിതകൾ എഴുതിയിരുന്ന നോവലിസ്റ്റ് കാടിനെയും കാട്ടാറിനെയും വനമധ്യത്തിലെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും വർണിക്കുമ്പോൾ വരികൾ തീർത്തും കാവ്യാത്മകമായിത്തീരുന്നുണ്ട്. അത്തരം കവിത നിറഞ്ഞ വർണനകൾ ഒരുപാടുണ്ട് 'പൊന'ത്തിനുള്ളിൽ. അനേകം കഥാപാത്രങ്ങൾ അരങ്ങു തകർക്കുമ്പോഴും നോവലിന്റെ ഇഴയടുപ്പം ശ്രദ്ധേയമാണ്. ഭാഷയും പശ്ചാത്തലവും അന്തരീക്ഷവും ഔചിത്യപൂർവം കൈകാര്യം ചെയ്യപ്പെട്ട ഈ കൃതിയുടെ പ്രസാധകർ ഡി.സി. ബുക്സ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.