'ബുന്ദേൽഖണ്ഡ് മുതൽ ജാർഖണ്ഡ് വരെ ഞാൻ കണ്ട ഇന്ത്യ': ഡോ. രാജു നാരായണ സ്വാമിയുടെ പുസ്‌തകം പ്രകാശനം ചെയ്തു

ഭോപ്പാൽ: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. രാജു നാരായണ സ്വാമി തന്‍റെ തെരഞ്ഞെടുപ്പ് അനുഭവങ്ങളെക്കുറിച്ചു രചിച്ച പുസ്തകം 'ബുന്ദേൽഖണ്ഡ് മുതൽ ജാർഖണ്ഡ് വരെ ഞാൻ കണ്ട ഇന്ത്യ', മധ്യപ്രദേശിലെ നരസിംഗ്‌പൂരിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്‌തു. ജില്ല കലക്‌ടർ ശീതള പാട്ടിലെയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. ഒരു യാത്രാവിവരണത്തിന്‍റെ കെട്ടിലും മട്ടിലുമാണ് പുസ്‌തകം. അതേസമയം, ഗ്രാമീണ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുന്നതിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും തെരഞ്ഞെടുപ്പ് നിയമങ്ങളെക്കുറിച്ചും പുസ്‌തകം വിശദമായി അപഗ്രഥിക്കുന്നുണ്ട്.

38ാം തവണയും കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായി ചുമതലയുള്ള രാജു നാരായണ സ്വാമി നിലവിൽ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആണ്. ഇദ്ദേഹത്തിന്‍റെ 33ാമത് പുസ്തകമാണിത്. സാഹിത്യ അക്കാദമി അവാർഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ" മുതൽ കുഞ്ഞുണ്ണി പുരസ്‌കാരത്തിനർഹമായ "നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം" വരെയുള്ളവയാണ് മുൻ കൃതികൾ. അഞ്ചു ജില്ലകളിൽ കലക്‌ടറായും കോളജ് വിദ്യാഭ്യാസ ഡയറക്‌ടർ, മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.

 

അഴിമതിക്കെതിരായ പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ 2018ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ അവാർഡ് നൽകി ആദരിച്ചിരുന്നു. സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പ്, ബൗദ്ധിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നിയമത്തിൽ ഡോക്‌ടറേറ്ററും ഉള്ള രാജു നാരായണ സ്വാമി 300ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    
News Summary - Raju narayan swamis new book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.