ഷാര്‍ജ: സിനിമക്കുപിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഘടകങ്ങളെ തിരിച്ചറിയാന്‍ അതേക്കുറിച്ചുള്ള അവബോധം ആവശ്യമാണെന്നും തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ അത്തരമൊരു അറിവ് നേടിയാണ് സിനിമ കാണുന്നതെന്നും ഓസ്കര് ജേതാവ് റസൂല്‍ പൂക്കുട്ടി. സന്തോഷ് ശിവന്റെയും മറ്റു ടെക്നീഷ്യന്മാരുടെയും പേരുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ കൈയടിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ പുസ്തകോത്സവത്തിൽ ബുക്ക് അതോറിറ്റി നൽകിയ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു. ഈ യാഥാർഥ്യം സിനിമാലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്കിയ പുരസ്കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചന്റെ അഞ്ചുപതിറ്റാണ്ടിലെ സിനിമാ ജീവിതത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ മികച്ച ഡയലോഗുകള്‍ കോര്‍ത്തിണക്കി റസൂല്‍ പൂക്കുട്ടി തയാറാക്കിയ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു. 'സൗണ്ടിങ് ഓഫ്: അമിതാഭ് ബച്ചന്' എന്ന പുസ്തകത്തില്‍ അമിതാഭിന്റെ 50 സിനിമകളില്‍നിന്നുള്ള ഡയലോഗുകളും അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദകലാജീവിതത്തെ ആസ്പദമാക്കി ബൈജു നടരാജന് എഴുതിയ 'ശബ്ദതാരാപഥം' എന്ന പുസ്തകവും പ്രകാശനം ചെയ്തു. രവി ഡീസി ചടങ്ങില്‍ സന്നിഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.