ഷാർജ: എഴുത്തിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാണ് സ്വന്തം പേരിലുളള്ള പുസ്തകം. ഒരു കുടുംബത്തിലെ രണ്ടുപേർക്കും അതിനുള്ള അവസരം ലഭിക്കുകയെന്നത് ഏറെ സന്തോഷകരവുമാണ്. ഈ സന്തോഷവുമായി ഷാർജ പുസ്തകോത്സവത്തിലേക്കെത്തുകയാണ് മലയാളി ദമ്പതികളായ സജ്നയും അബ്ദുല്ലയും.
ഗ്രീൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന സജ്നയുടെ പുസ്തകമായ 'ഡബ്ബർ മിഠായി' താൻ ചെറുപ്പകാലം കഴിച്ചുകൂട്ടിയ കോട്ടയത്തെ റബർ ബോർഡിലെയും വിവാഹശേഷം ജീവിച്ച ദുബൈയിലെയും ഓർമക്കുറിപ്പുകൾ അടങ്ങിയതാണ്. ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന അബ്ദുല്ലയുടെ പുസ്തകമായ 'മൊഗ്രാൽപുത്തൂർ ആശയക്കുഴപ്പമില്ലാത്ത ഒരു നാട്' കാസർകോട് ജില്ലയിലെ ചെറിയ ഗ്രാമമായ മൊഗ്രാൽപുത്തൂർ എന്ന ഗ്രാമത്തെയും അവിടത്തെ ആളുകളെയും ജീവിതരീതിയെയും കുറിച്ച് തനത് ശൈലിയിൽ വിവരിക്കുന്ന പുസ്തകമാണ്. സജ്ന പണ്ടുമുതലേ ആനുകാലികങ്ങളിൽ കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. 2019ൽ 'സജ്നയുടെ കഥകൾ' എന്ന പേരിൽ കവിത സമാഹാരം പ്രസിദ്ധീകരിച്ചു. കൂടാതെ 26 പേർ ഒന്നിച്ചെഴുതി പൂർത്തീകരിക്കുന്ന നോവലായ 'ലാൽബാഗ് എക്സ്പ്രസ് 12607'ൽ എന്ന കഥയും വിമല കോളജ് പൂർവ വിദ്യാർഥിനികൾ എഴുതുന്ന 'വിമലമീയോർമകൾ' എന്ന പുസ്തകത്തിൽ ഒരു ഓർമക്കുറിപ്പും സജ്നയുടേതായി ഈ വർഷം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇറങ്ങുന്നുണ്ട്.
എഴുത്തിന്റെ വഴിയിലേക്ക് യാദൃച്ഛികമായി എത്തിയ ആളാണ് അബ്ദുല്ല. മനസ്സിൽ എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും ജോലിത്തിരക്കുകൾമൂലം സമയം കിട്ടിയിരുന്നില്ല. ദീർഘനാളായി പ്രവാസിയായി ജീവിക്കുന്ന അബ്ദുല്ലക്ക് നാടും നാട്ടുകാരും എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയായിരുന്നു. അതിനാൽ ആദ്യ പുസ്തകം നാടിനെക്കുറിച്ചായിരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരമാണ് സ്വന്തം നാടിനെ കുറിച്ചുള്ള കഥകളായ 'മൊഗ്രാൽപുത്തൂർ ആശയക്കുഴപ്പമില്ലാത്ത ഒരു നാട്'.
ഹരിതം ബുക്സാണ് ഈ പുസ്തകത്തിന്റെ പ്രസാധകർ. രണ്ടു പുസ്തകങ്ങളും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ ആറിന് വൈകീട്ട് 6.30ന് റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.