നിഗൂഢതകൾ ഒളിപ്പിച്ച ചരിത്രം തേടി...

'ഭൂതകാലം ഓർക്കാത്തവർ അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടവരാണ്'. ചരിത്രത്തെക്കുറിച്ച് ജോർജ് സന്റായനയുടെ ഓർമപ്പെടുത്തലാണിത്. അത്തരം ഒരു വസ്തുതയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് ഡോ. ദീപു 'മുകിലനി'ലൂടെ.ആരുവാമൊഴി ചുരം കടന്നെത്തിയ മുകിലപ്പട വേണാട് പിടിച്ചടക്കിയ അലിഖിത ചരിത്രം മുമ്പ് ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഇന്ദ്രപ്രസ്ഥം മുതൽ കന്യാകുമാരിവരെ മുകിലപ്പട നടത്തിയ പടയോട്ടത്തിനൊടുവിൽ ആറു സംസ്ഥാനങ്ങളെ കൊള്ളയടിച്ച് നേടിയ വമ്പിച്ച സ്വത്തുക്കൾ വേണാട്ടിൽനിന്ന് അവർക്ക് തിരിച്ചുകൊണ്ടുപോകാനായില്ല. ആ സ്വത്തുക്കൾ മുഴുവൻ അവർ വേണാട്ടിൽ സൂക്ഷിക്കുകയായിരുന്നു എന്ന അനാദൃശ ചരിത്രമാണ് ഇവിടെ എഴുത്തുകാരന്റെ ആയുധം.

പരിമിതമായ ഒരു ചരിത്രകാലത്തിൽ വികസിക്കുന്ന വലിയ സംഭവ പരമ്പരകളെ ചരിത്രത്തിന്റെ ഞാഴിയിൽ കൊളുത്തി കെട്ടുകഥയിൽ പൊതിഞ്ഞുപറയുന്ന നോവലാണ് മുകിലൻ. ബി നിലവറയിലെ നിധി വന്നവഴി തേടുകയാണ് എഴുത്തുകാരൻ ഈ നോവലിലൂടെ.ആദ്യം പറഞ്ഞതുപോലെ ചില കെട്ടുകഥകളുടെ പശ്ചാത്തലത്തിൽ, പതിഞ്ഞ താളത്തിൽ തുടങ്ങുന്ന നോവൽ പാതിയോടടുപ്പിച്ചാണ് ചരിത്രത്തിന്റെ ഏടുകളിൽ മുറുകെപ്പിടിച്ചുതുടങ്ങുന്നത്. പലപ്പോഴായി ചരിത്രം അറിഞ്ഞുകൊണ്ട് പുറന്തള്ളിയ ചില കണ്ണികളെ കൃത്യമായി യോജിപ്പിച്ചുകൊണ്ട് കഥാകാരൻ മുന്നോട്ടുപോകുന്നിടത്ത് വായനക്കാരായ നമ്മൾ കെട്ടുകഥക്കും ചരിത്രത്തിനുമിടയിൽ അമ്പരപ്പോടെ സംശയിച്ചു നിൽക്കുക സ്വാഭാവികം.


ഇനിയാണ് കഥയുടെ തലക്കെട്ടിലെ ആ പേരിലേക്ക് നോക്കേണ്ടത്. 'മുകിലൻ!'ആരാണ് മുകിലൻ?മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ പടയാളിയായിരുന്ന മുഗുൾ സാദത്ത് ഖാൻ എന്ന മുഗളനാണ് ഈ നോവലിൽ ആദിമധ്യാന്തം പരാമർശിക്കപ്പെടുന്ന ആ മുകിലൻ. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ, മതിലകം രേഖകൾ പോലും മറന്നുകളഞ്ഞ ചരിത്രമായി എഴുത്തുകാരൻ പരാമർശിക്കുന്ന കാര്യങ്ങൾ അൽപംകൂടി വലിയൊരു കാൻവാസിൽ എഴുതപ്പെടേണ്ടിയിരുന്ന വസ്തുതകളായിരുന്നു എന്നതാണ് സത്യം. 'എന്റെ കുതിരയെ ഞാൻ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തിൽ കൊണ്ട് കെട്ടും' എന്ന് ശപഥം ചെയ്ത ടിപ്പുവിന് പെരിയാർ കടക്കാനായില്ല എന്ന സത്യം ചൂണ്ടിക്കാണിക്കുന്ന എഴുത്തുകാരൻ മൂന്നുവർഷം അവിടം ഭരിച്ച മുകിലനെ ഓർമിപ്പിച്ചുകൊണ്ട് എഴുത്ത് തുടരുന്നു.

ഇനി അൽപംകൂടി ആഴത്തിൽ കഥയിലേക്ക് കടന്നാൽ, അതിലെ കഥാപാത്രങ്ങൾ അൽപം വികാരതലങ്ങളെ തൊടുന്നവരാണെന്നു മനസ്സിലാവും. ചെറുപ്പം മുതലേ മുത്തശ്ശിക്കഥകളിൽനിന്ന് മുകില പടയുടെ ചരിത്രം കേട്ടുവളർന്ന, കഥയിലെ കേന്ദ്ര കഥാപാത്രമായ സിദ്ധാർഥൻ പഠനത്തിന് ചരിത്രം തിരഞ്ഞെടുക്കുകയും അതിലൂടെ നിലവറയിലെ രഹസ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതാണ് കഥാസംഗ്രഹം.പേരുകൊണ്ട് വ്യത്യസ്തമായ ഈ നോവലിലേക്ക് എന്നെ ആകർഷിച്ചത് ഈ പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിട്ടുള്ള തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ എന്ന ഭരതക്കോൺ നിലവറയുടെ ചിത്രവും ബി നിലവറയിലെ നിധിയുടെ ചരിത്രം തേടുന്ന നോവലെന്ന വിശേഷണവുമാണ്.

ചരിത്രത്തിൽ മുമ്പൊരിക്കലും വായിച്ചു പരിചയമില്ലാത്തതാണ്, മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബിന്റെ പടയാളിയായിരുന്ന മുഗുൾ സാദത്ത് ഖാൻ എന്ന മുകിലന്റെയും മുകിലപ്പടയുടെയും കേരളത്തിലേക്കുള്ള വരവിന്റെ ചരിത്രം.ബി നിലവറയിലെ രഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധതിരിക്കുന്ന ഈ നോവലിൽ തന്റെ കണ്ടെത്തൽ എന്താണെന്നുള്ള ഒരു ഊഹം എഴുത്തുകാരൻ പറഞ്ഞുവെക്കുന്നുണ്ട്.

തിരുവനന്തപുരത്തിന്റെയും തിരുവിതാംകൂർ രാജവംശത്തിന്റെയും മുഗളന്മാരുടെ വേണാട് അധിനിവേശത്തിന്റെയും ചരിത്രം നിറഞ്ഞ ഈ നോവൽ ചരിത്രപ്രേമികളെ സംബന്ധിച്ചിടത്തോളം പുതിയ ചില അറിവുകളാൽ സമ്പുഷ്ടമാണ്. ചരിത്രവും മിത്തും കൂടിക്കുഴഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെ പലർക്കും വായനയുടെ തലം വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. എങ്കിൽപോലും ചരിത്രാന്വേഷികൾക്ക് നല്ലൊരു വിരുന്നുതന്നെയാണ് മുകിലൻ എന്നത് നിസ്തർക്കമായ കാര്യമാണ്.

Tags:    
News Summary - Searching for history that hides mysteries...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT