ഇതിഹാസങ്ങളിൽ കൈവെക്കുമ്പോൾ, പ്രത്യേകിച്ചും അത് മഹാഭാരതംപോലെ മാനവകുലത്തിന്റെ നാനാതലങ്ങളും അടയാളപ്പെടുത്തുന്ന ഒരു കൃതിയാകുമ്പോൾ ഒരു കഥാകൃത്ത് വളരെയേറെ സൂക്ഷിക്കണം. അനുവാചകരുടെ മനസ്സുകളിൽ ലബ്ധപ്രതിഷ്ഠ നേടിയ കഥാസന്ദർഭങ്ങളിൽ വരുത്തുന്ന ചെറിയൊരു മാറ്റം പോലും വിമർശിക്കപ്പെടാം, എതിർക്കപ്പെടാം. വായനക്കാർ അത് അംഗീകരിച്ചില്ലെന്നുതന്നെ വരാം. ഈ വിഷയത്തിലെ എന്റെ ധാരണകളെയൊക്കെ അപ്രസക്തമാക്കിക്കൊണ്ടാണ് ഷബിനി വാസുദേവ് 'ശകുനി' എന്ന നോവൽ രചിച്ചിരിക്കുന്നത്. ഇതിഹാസ രചനയായ മഹാഭാരതത്തിലെ ചില ഏടുകൾ അടർത്തിയെടുത്ത് ഭാരതത്തിലെ നിലവിലുള്ള പാത്രസങ്കൽപങ്ങളെ അപ്പാടെ പൊളിച്ചെഴുതിയിരിക്കുകയാണ് കഥാകാരി.
ശകുനി എന്ന മുടന്തനും കള്ളച്ചൂതുകളിയിൽ വിദഗ്ധനുമായ ഗാന്ധാരീ സഹോദരന്റെ കുടിലബുദ്ധിയിൽ ഉദിക്കുന്ന തന്ത്രങ്ങൾ എങ്ങനെ ഒരു രാജ്യത്തിന്റെ പരമാധികാരത്തെത്തന്നെ കശക്കിയെറിഞ്ഞുവെന്ന് മഹാഭാരതത്തിൽ വിശദമാക്കുന്നുണ്ട്. ഗാന്ധാരദേശത്തിന്റെ അധിപനായി വാഴേണ്ടിയിരുന്ന ശകുനി എന്തുകൊണ്ട് സഹോദരിയോടൊപ്പം ഹസ്തിനപുരിയിൽ വന്നു താമസിക്കുന്നു?, എന്താണ് ശകുനിയെ അങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിക്കാനുണ്ടായ കാരണങ്ങൾ? - ഇത്തരം അന്വേഷണങ്ങൾ ഈ നോവലിൽ നടക്കുന്നുണ്ട്. നമുക്ക് പരിചയമുള്ള കള്ളച്ചൂതു കളിക്കാരനായ, ചതിയനും നീചനുമായ ശകുനിയിൽനിന്ന് തികച്ചും വ്യത്യസ്തനായ ഒരു ശകുനിയെയാണ് ഈ നോവൽ പരിചയപ്പെടുത്തുന്നത്.
മഹാഭാരത യുദ്ധത്തിന്റെ പതിനെട്ടാം ദിവസം യുദ്ധം അവസാനിക്കുകയും ശകുനി സഹദേവനാൽ വധിക്കപ്പെടുകയും ചെയ്യുന്നിടത്തുനിന്നാണ് നോവൽ ആരംഭിക്കുന്നതുതന്നെ. അതായത് സാധാരണ നോവൽ എഴുത്തിൽനിന്ന് വിഭിന്നമായി കേന്ദ്ര കഥാപാത്രം കൊല്ലപ്പെടുന്നിടത്തുനിന്നാണ് യഥാർഥ കഥാതന്തുവിലേക്കുള്ള സഞ്ചാരം ആരംഭിക്കുന്നത്. അതിനുപയോഗിച്ചിരിക്കുന്ന യുക്തി അപാരമാണ് താനും.
മൂലകൃതിയിൽ അത്രകണ്ട് ശ്രദ്ധ നേടാതെപോയ ചില കഥാസന്ദർഭങ്ങളെ കരവിരുതോടെ കഥാകൃത്ത് പ്രകാശമാനമാക്കുന്നു. 'ശകുനിയെ വധിക്കുന്ന സഹദേവൻ' എന്നതിൽനിന്നും 'ശകുനിയെ വധിക്കേണ്ടിവരുന്ന സഹദേവൻ' എന്നതിലേക്ക് മാറിച്ചിന്തിക്കാൻ വായനക്കാരെ കഥാകാരി നിർബന്ധിതരാക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ നോവൽ രചനക്കായി ഷബിനി ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ്. തികച്ചും കാലഘട്ടത്തിന് ഉതകുന്ന തരത്തിൽ കൈയൊതുക്കത്തിൽ തന്നെയാണ് രചന. തികച്ചും ഏകാധിപതിയായ ഒരു ഭീഷ്മരെയാണ് ഈ നോവലിൽ നമുക്ക് ദർശിക്കാൻ കഴിയുക. സ്ത്രീപക്ഷത്തുനിന്ന് ഗാന്ധാരിയെന്ന ധർമപത്നിയെ നോക്കിക്കാണുന്ന നോവലിസ്റ്റ്, ഗാന്ധാരിയിലെ സ്വാഭിമാനി ഭീഷ്മർ എന്ന ആണധികാരത്തിനുമേൽ സ്വന്തം കണ്ണ് മൂടിക്കെട്ടിക്കൊണ്ട് പരിഹസിക്കുന്നത് ചേതോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.
നോവലിൽ ഉടനീളം വായനക്കാരെ ചിന്തകൾകൊണ്ട് ഉണർത്തി മറ്റൊരു തലത്തിൽ ചിന്തിപ്പിച്ചുകൊണ്ട് കഥാനായകനായ ശകുനിയുടെ പക്ഷം ചേർക്കാൻ കഥാകൃത്തിനു സാധിക്കുന്നു. ചരിത്രപാഠങ്ങൾ പലപ്പോഴും ഫിക്ഷനുംകൂടി ചേർന്നതാണ്. അവിടെ എഴുത്തുകാരുടെ ഭാവനയും ചേർന്നുനിൽക്കുന്നതുകൊണ്ടുതന്നെ പുനർവായനയും കാലഘട്ടം ആവശ്യപ്പെടുന്ന തിരുത്തൽ രചനയും അനിവാര്യമാണ്. ആ തരത്തിലുള്ള ഒരു നോവൽ എന്ന നിലയിൽ 'ശകുനി' ഒരു ഗംഭീര വായനാനുഭവമാണ് പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.