ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയിൽ ഐ.പി.എച്ചിന്റെ അഞ്ച് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. മേളയുടെ ആദ്യദിനമായ നവംബർ രണ്ടാം തീയതി വൈകീട്ട് 6.30നാണ് ഐ.പി.എച്ച് പവിലിയന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
ഉദ്ഘാടന ദിവസം മുഹമ്മദ് ശമീമിന്റെ 'കുപ്പിച്ചില്ലും വൈരക്കല്ലും' പ്രകാശിതമാകും. ദേശീയതയെ കുറിച്ച ടാഗോർ, ജോർജ് ഓർവൽ, ബെനഡിക് ആൻഡേഴ്സൻ, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് മൗദൂദി തുടങ്ങിയ ചിന്തകർ ഉന്നയിച്ച വിമർശനങ്ങളാണ് പുസ്തകം വിശകലനം ചെയ്യുന്നത്.
നവംബർ ഏഴിന് ഡോ. താജ് ആലുവ രചിച്ച 'അസമത്വങ്ങളുടെ ആൽഗരിതം' പ്രകാശനം ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയും വരെ എത്തിനിൽക്കുന്ന പുത്തൻ സാങ്കേതികവിദ്യകളെ വിശകലന വിധേയമാക്കുന്ന പഠനമാണിത്. പ്രമുഖ മാധ്യമപ്രവർത്തകൻ വദ്ദാഅ് ഖൻഫർ രചിച്ച 'റബീഉൽ അവ്വൽ' എന്ന പുസ്തകം നവംബർ ഒമ്പതിന് പ്രകാശിതമാകും. ഹുസൈൻ കടന്നമണ്ണയാണ് പുസ്തകം മൊഴിമാറ്റം നടത്തിയിരിക്കുന്നത്.
അന്നുതന്നെ ഡോ. മുസ്തഫ കമാൽ പാഷയുടെ ആത്മകഥ 'ഞാൻ തെരഞ്ഞെടുത്ത എന്റെ ജീവിതം' പ്രകാശിതമാകും. ജി.കെ എടത്തനാട്ടുകര എന്ന ഗിയാഥ് ഖുതുബ് രചിച്ച 'എല്ലാം നല്ലതിനാണ്' എന്ന പുസ്തകവും ഷാർജ ഫെയറിൽ പ്രകാശിതമാകും.
വിവിധ പരിപാടികളിൽ ഇമാറാത്തി കവി ശിഹാബ് ഗാനിം, കെ.പി രാമനുണ്ണി, പി. സുരേന്ദ്രൻ, ടി.എൻ. പ്രതാപൻ, എം.എം. അക്ബർ, എ. റഷീദുദ്ദീൻ, എം.സി.എ നാസർ, അബ്ദു ശിവപുരം, ഡോ. താജ് ആലുവ, റഫീഖ് ഉമ്പാച്ചി, ടി.പി. ശറഫുദ്ധീൻ, ഇസ്മായിൽ മേലടി, അബ്ദുസ്സലാം(തലാൽ), ഡോ. കൂട്ടിൽ മുഹമ്മദലി, കെ.ടി. ഹുസൈൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.