ഒരു പുസ്തക പവലിയൻ. ഇവിടെയുള്ള പുസ്തകങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാം ആദ്യ എഡിഷനിലെ കോപ്പികൾ. അപൂർവമായ ഈ പ്രത്യേകതയുമായി ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ എത്തിയത് സെർസൂറ ബുക്സ് എന്ന പ്രസാധകരാണ്. ലോകത്ത് ഏറെ വായിക്കപ്പെട്ട നിരവധി പുസ്തകങ്ങളുടെ ആദ്യ പതിപ്പാണിവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. അതോടൊപ്പം എഴുത്തുകാർ ഒപ്പുവെച്ച ചില പുസ്തകങ്ങളും ഇവിടെയുണ്ട്.
‘ആയിരത്തൊന്ന് രാവുക’ളുടെ റിച്ചാർഡ് ബർടൺ വിവർത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പിന്റെ ആദ്യ കോപ്പികൾ ഇവയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിന്റെ 13വാള്യങ്ങളും സ്റ്റാളിലുണ്ട്. 1897ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ജെ.കെ റൗളിങിന്റെ ഹാരിപോട്ടർ, വിവാദം സൃഷ്ടിച്ച വ്ലാദ്മിർ നബോകോവിന്റെ ലോലിത, പൗലോ കൗലോയുടെ ദ ആൽക്കമിസ്റ്റ്, പീറ്റർ ബെഞ്ച്ലിയുടെ ജോസ്, ഹാൻസ് ടാന്നറിന്റെ ദ ഫെരാറി എന്നിവ വായനക്കാരെ ആകർഷിക്കുന്നതാണ്. എന്നാൽ ഇവയെല്ലാം സ്വന്തമാക്കാൻ സാധാരണ നിരക്ക് മതിയാവില്ല. 1000ദിർഹത്തിന് മുകളിലാണ് മിക്ക പുസ്തകങ്ങളുടെയും നിരക്ക്. എന്നാൽ ഇവ സ്വന്തമാക്കാൻ നിരവധി പേരെത്തുന്നുണ്ട്.
അറേബ്യൻ ലോകത്തെ കുറിച്ച, ഫ്രം റാഗ്സ് ടു റിച്ചസ്, സായിദ്ബിൻ സുൽത്താൻ ആൽ നഹ്യാൻ-ദ ലീഡർ ആൻഡ് മാർച്ച്, ദ ഡസേർട് ഫാൽക്കൺ, അറേബ്യ ഫെലിക്സ്, അറേബ്യൻ സാൻഡ്സ്, ഫേസസ് ഓഫ് എമിറേറ്റ്സ്, സെവൻ പില്ലേഴ്സ് ഓഫ് വിസ്ഡം, ലീഡിങ് മെർചന്റ് ഫാമിലീസ് ഓഫ് സൗദി അറേബ്യ എന്നീ പുസ്തകങ്ങളും കൂട്ടത്തിലുണ്ട്. സൗദിയ എയർലൈനിന്റെ ആദ്യ പോസ്റ്ററിന്റെ ഒരു കോപ്പിയും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.