ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് മലയാളത്തിൽനിന്ന് പ്രമുഖരെത്തും. സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള നീണ്ട നിരയാണ് പുസ്തകോത്സവത്തിന് എത്തുന്നത്. നവംബർ രണ്ടുമുതൽ 13 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം.
നവംബർ 10നാണ് ജയസൂര്യ എത്തുക. ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും. സാഹിത്യരംഗത്തുനിന്ന് നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, 12ന് ജോസഫ് അന്നം കുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മലയാളികൾക്ക് പുറമെ നിരവധി ഇന്ത്യൻ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡേ) ഇന്ത്യൻ എഴുത്തുകാരിൽ പ്രധാനി. യു.പി സ്വദേശിനിയായ ഗീതാഞ്ജലിയുടെ ചെറുകഥകളും നോവലുകളും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2018ൽ പ്രസിദ്ധീകരിച്ച രേത് സമാധി എന്ന നോവലിനാണ് ഈ വർഷം ബുക്കർ പ്രൈസ് ലഭിച്ചത്. ഉഷ ഉതുപ് തന്റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാൻ എത്തും. ഇന്ത്യയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്രയാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം. പഞ്ചാബിൽ ജനിച്ച് കാനഡയിലേക്ക് ചേക്കേറിയ രൂപി കൗറും പുസ്തക മേളയിൽ അതിഥിയായെത്തും. ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി സുബ്രമണ്യൻ, ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര അഭിഭാഷകനുമായ ദീപക് ചോപ്ര തുടങ്ങിയവരും എത്തുന്നുണ്ട്. രുചിക്കൂട്ടുകളുടെ രസമുകുളങ്ങളുമായി നവംബർ നാലിന് ഷെഫ് വിക്കി രത്നാനി, അഞ്ചിന് ഷെഫ് അർച്ചന ദോഷി, 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തകമേളയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തെത്തും.
പുസ്തകോത്സവത്തിൽ അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവുമധികം പ്രസാധകർ പങ്കെടുക്കുന്നത് ഇന്ത്യയിൽനിന്നാണ്. 112 പ്രസാധകരാണ് ഇന്ത്യയിൽനിന്നെത്തുന്നത്. 95 രാജ്യങ്ങളിലെ 2213 പ്രസാധകർ ആകെ പങ്കെടുക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവമായിരിക്കും ഇത്. വാക്ക് പ്രചരിപ്പിക്കുക എന്ന പ്രമേയത്തിലാണ് പുസ്തകോത്സവം. പത്ത് രാജ്യങ്ങളിലെ പ്രസാധകർ പുതിയതായി അരങ്ങേറ്റം കുറിക്കും. 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. 15 ലക്ഷം പുസ്തങ്ങളുണ്ടാവും. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും.
ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. ഈജിപ്ത് 306, ലബനാൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്ത് നിന്നുള്ള പ്രസാധകരുടെ എണ്ണം. 6, 7 ദിവസങ്ങളിൽ നാഷനൽ ലൈബ്രറി ഉച്ചകോടിയും എട്ടുമുതൽ 10 വരെ ഇന്റർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.