ഷാ​റൂ​ഖ്​ ഖാ​ന്‍റെ പ​രി​പാ​ടി കാ​ണാ​ൻ​ എ​ക്സ്​​പോ സെ​ന്‍റ​റി​നു​ള്ളി​ൽ ഇ​ടം​ല​ഭി​ക്കാ​ത്ത​വ​ർ പു​റ​ത്ത്​ സ്ഥാ​പി​ച്ച സ്ക്രീ​നി​ൽ ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്നു

അക്ഷര മഹോത്സവത്തിന് ഇന്ന് കൊടിയിറക്കം

ഷാർജ: അക്ഷര വെളിച്ചം പകർന്നു നൽകിയ 12 ദിനങ്ങൾക്കൊടുവിൽ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷന് ഞായറാഴ്ച കൊടിയിറക്കം. മുൻവർഷങ്ങളെ അപേക്ഷിച്ച സന്ദർശകരുടെയും പ്രസാധകരുടെയും എണ്ണത്തിൽ വൻ വർധനവിന് സാക്ഷ്യം വഹിച്ചാണ് അക്ഷര മഹോത്സവം സമാപിക്കുന്നത്. താരനിബിഡമായ ദിനങ്ങളിൽ ഉത്സവഛായ പകർന്ന് ഷാരൂഖ് ഖാനും റസൂൽ പൂക്കുട്ടിയും ജയസൂര്യയും ഉഷ ഉതുപ്പുമെല്ലാം മേളക്ക് ഹരം പകർന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പുസ്തകപ്രേമികളുടെ ഒഴുക്കാണ് ഷാർജയിൽ കണ്ടത്. ഇതിനകം ലക്ഷക്കണക്കിനാളുകൾ മേള സന്ദർശിച്ചുകഴിഞ്ഞു. 15 ലക്ഷത്തോളം പുസ്തകങ്ങളാണ് സന്ദർശകർക്ക് വിരുന്നൊരുക്കിയത്. ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറം മലയാളികളുടെ ആഘോഷ വേദിയായി മാറി. ഇവിടെ പ്രകാശനം ചെയ്ത പുസ്തകങ്ങളിൽ ഭൂരിപക്ഷവും മലയാളമായിരുന്നു. വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുടെ സംഗമവേദിയും സൗഹൃദം പുതുക്കുന്ന ഇടവുമാണ് ഷാർജ പുസ്തകോത്സവം. കേരളത്തിൽ നിന്നടക്കം പുസ്തകോത്സവം കാണാൻ മാത്രം എത്തിയ നിരവധിയാളുകളുണ്ട്.

ഇവർ കഴിഞ്ഞ 12 ദിവസവും പുസ്തകോത്സവ വേദിയിൽ എത്തിയിരുന്നു. 1047 പരിപാടികളാണ് ആകെ നടക്കുന്നത്. 57 രാജ്യങ്ങളിലെ 129 അതിഥികൾ പങ്കെടുത്തു. വെള്ളിയാഴ്ചയെത്തിയ ഷാറൂഖ് ഖാൻ ഷാർജയെ ഒന്നടങ്കം ഇളക്കിമറിച്ചാണ് മടങ്ങിയത്. ഷാറൂഖിനെ കാണാനും കേൾക്കാനും ആയിരക്കണക്കിനാളുകൾ എക്സ്പോ സെന്‍ററിൽ എത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ഗതാഗതക്കരുക്ക് മറികടന്നാണ് പലർക്കും ഇവിടെ എത്താൻ കഴിഞ്ഞത്. കേരളത്തിൽ നിന്ന് നടൻ ജയസൂര്യ എത്തിയ ദിവസവും നിരവധി കാണികളുണ്ടായിരുന്നു.

അവധി ദിനങ്ങളായതിനാൽ കഴിഞ്ഞ രണ്ട് ദിവസവും കുട്ടികളുടെ ഒഴുക്കും പ്രകടമാണ്. കുടുംബ സമേതം ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ഞായറാഴ്ചയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ സ്കൂളുകളിൽ നിന്ന് നേരിട്ട് കുട്ടികളെ എത്തിച്ചിരുന്നു. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറി. പാകിസ്താൻ പേസ് ബൗളർ ഷൊഐബ് അക്തറാണ് ഇന്നത്തെ മുഖ്യ ആകർഷണം. തന്‍റെ ജീവിത കഥയെ കുറിച്ചുള്ള ചർച്ചയിലും അക്തർ പങ്കെടുക്കും. റാവൽപിണ്ടി എക്സ്പ്രസ് എന്ന് വിളിക്കുന്ന അക്തറിന് യു.എ.ഇയിൽ നിരവധി ആരാധകരാണുള്ളത്. പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തിയ ഫിലിപ്പൈൻ സമൂഹത്തിന്‍റെ സാന്നിധ്യവും ശ്രദ്ദേയമാണ്.

കേരളത്തിൽ നിന്ന് ജയസൂര്യക്ക് പുറമെ പ്രജേഷ് സെൻ, സുനിൽ പി. ഇളയിടം, ജോസഫ് അന്നംക്കുട്ടി ജോസ്, കെ.പി. രാമനുണ്ണി, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തുടങ്ങിയവരും എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളായ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.എം. ഹസൻ, എം.കെ. മുനീർ, ടി.എൻ. പ്രതാപൻ, വ്യവസായി എം.എ. യൂസുഫലി, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജർ ഷംലാൽ അഹ്മദ്, പ്രമോദ് നാരായണൻ എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ഡോ. ഫസൽ ഗഫൂർ, പി.എം.എ. സലാം, ഫാ. ഡേവിസ് ചിറമ്മൽ തുടങ്ങിയവരെല്ലാം സന്ദർശകരായി കേരളത്തിന്‍റെ സാന്നിധ്യമറിയിച്ചു.

Tags:    
News Summary - Sharjah International Book Festival ends today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT