കവിതയുടെ ``ഇലയുതിർക്കാലം''

"ഞാൻ കാട്ടിലും കടലോരത്തുമിരുന്നു കവിതയെഴുതുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. എെന്‍റ കാട്ടാറിന്റെ അടുത്തു വന്നു നിന്നവർക്കും ശത്രുവിനും സഖാവിനും സമകാലീന ദുഃഖിതർക്കും ഞാനിതു പങ്കുവയ്ക്കുന്നു." കവി എ. അയ്യപ്പന്‍റെ വാക്കുകളാണിത്. കവിതയിങ്ങനെ നിർവചനങ്ങൾക്കതീതമായി മനുഷ്യരിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ജീവിതത്തിന്‍റെ കണ്ണീരുപ്പായി കവിതകൾ നമുക്ക് ചുറ്റും നിറയുകയാണ്. പലപ്പോഴായി ആശ്വാസമായി തീരുന്ന വരികൾ പിറക്കുന്നത് നെരിപ്പോടിന് കാവലിരിക്കുന്നവരിൽ നിന്നാണ്. ഇവിടെ സുര്യജ ഉഷാമോഹനെൻറ "ഇലയുതിർക്കാലം" എന്ന കവിത സമാഹാരം ഓർമ്മപ്പെടുത്തുന്നത് അക്ഷരങ്ങളിൽ കൊരുത്തെടുത്ത സങ്കടങ്ങളെയാണ്. കഥയായും കവിതയായും വായിക്കപ്പെടുക എന്നതാണ് ആഗ്രഹിക്കുന്നതെന്ന് കവയിത്രി സൂര്യജ ആമുഖ കുറിപ്പിൽ എഴുതുന്നു. ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം. ചിലവരികൾ കൂടെപ്പോരുമെന്ന് ഉറപ്പുള്ള കവിതകൾ. അതാണ്, 42 പേജുള്ള ഈ സമാഹാരം പറയാതെ പറയുന്നത്.

കവിതയുടെ "ഇലയുതിർക്കാലം" തീർക്കുകയാണ് ഈ സാമാഹരത്തിലെ കവിതകൾ. കവിതയുടെ പേജുകളിൽ ഇമേജായി മാത്രമല്ല. ഒട്ടുമിക്ക കവിതകളിലും വീണുകിടക്കുന്ന ഇലകളുണ്ട്. ഒപ്പം, പ്രകൃതിയായി , പച്ചപ്പായി, മുറിവായി, പൂക്കളായി, കാലമായി, മഴയായി, പുഴയായി, നനവായി, വിത്തായി, പ്രണയമായി, മാറി മാറി വരുന്ന ഋതുക്കൾക്കിടയിലും കാത്തിരിപ്പായി കവിത പലഭാവങ്ങൾ വീണ്ടെടുക്കുന്നു.

ഇലകൾ പ്രതീകമാകുന്ന കവിതകൾ. ഇലയൊരുക്കമെന്ന ആദ്യ കവിതയിലിങ്ങനെ:
`` തറയിൽ ഒരിലമാത്രം,
മണ്ണോട് ചേർന്ന്,
ശേഷിച്ച പച്ചപ്പിൽ,
പടർന്നുകേറുന്ന മഞ്ഞയിൽ,
അറ്റുപോയ ഞെട്ടിയുമായി..''
ഇലയുതിർക്കാലമെന്ന കവിതയിലിങ്ങനെ:
``കാത്തുനിൽക്കുന്നവരെല്ലാം വരുമെന്നും
ഒലിവിലകൾ
മരശ്ശിഖരങ്ങളിൽ കോർക്കുമെന്നും
സ്വപ്നം കാണും....
അതിനപ്പുറം കാത്തിരിപ്പിനെ
ഒരു ഇലക്കീറിലാക്കി
മീനുകൾക്കൊപ്പം ഒഴുക്കിവിടും''

വിഷാദത്തിന്‍റെ നേർത്ത പടലത്തിൽ പൊതിഞ്ഞുവെച്ച കവിതകളെന്നാണ് അവതാരികയിൽ കവിത ജി. ഭാസ്ക്കരൻ വിശേഷിപ്പിക്കുന്നത്. വിഷാദം ഈ സമാഹാരത്തിന്‍റെ പൊതുഭാവമാണ്. എന്നാൽ, നിരാശയുടെ മുറിക്കകത്തല്ല, കവിതകൾ ചെന്നുനിൽക്കുന്നത്. വരും വാതിരിക്കില്ല എന്ന കവിതയിൽ ``പൂക്കൾ പച്ചയോ നീലയോ ചുവപ്പോ ആകട്ടെ, വസന്തം വരിക തന്നെ ചെയ്യും'' ഈ പ്രതീക്ഷയാണ് മനുഷ്യരാശിയെ മുന്നോട്ട് നയിക്കുന്നത്. പ്രഭാതത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഇരുട്ടിനെ നാം സ്വീകരിക്കുന്നത്. ഈ സമാഹാരത്തിലെ 12 കവിതകളിൽ മുറിച്ചുകടക്കൽ എന്ന കവിത ഇത്തിരി മാറിനിൽക്കുന്നതായി കാണാം. മുറിച്ചു കടക്കൽ എപ്പോഴും വേദനയാണെന്ന് പറയുന്ന കവിതയിൽ ചിലപ്പോഴെങ്കിലും റോഡ് മുറിച്ച് കടക്കുന്നത് മരണവേഗത്തിലല്ല, ജീവന്‍റെ വേഗത്തിലാണെന്ന് എഴുതുന്നു. ഒരു കുട്ട നിറയെ ജീവനും കയ്യിൽ പിടിച്ച്, കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നയാളായി വായനക്കാരൻ മാറുന്നു. കോഴിക്കോട് ആത്മ ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

Tags:    
News Summary - suryaja ushamohanan poems Ilayuthirkaalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT