എൻ.ഇ. ബാലകൃഷ്ണമാരാർ

എൻ.ഇ. ബാലകൃഷ്ണമാരാർ അന്തരിച്ചു

കോഴിക്കോട്: പുസ്തക പ്രസാധന രംഗത്തെ അതികായകനും ടൂറിങ് ബുക്ക്‌സ്റ്റാള്‍ (ടി.ബി.എസ്) സ്ഥാപകനുമായ എന്‍.ഇ. ബാലകൃഷ്ണമാരാര്‍ (90) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോടായിരുന്നു അന്ത്യം. 1932ല്‍ കണ്ണൂര്‍ ജില്ലയില്‍ തൃശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണ മാരാരുടെയും മാധവി ഞാലില്‍ എടവലത്തു തറവാട്ടില്‍ മാരസ്യാരുടെയും മകനായാണ് ജനനം.

ഒന്നര വയസ്സുള്ളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു. ഉപജീവനത്തിനായി കോഴിക്കോട്ടെത്തി. വീട്ടിലെ ദാരിദ്ര്യദുഃഖത്തിനു പരിഹാരംതേടിയാണ് ആറാംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മാരാര്‍ കോഴിക്കോട്ടെത്തിയത്. രാവിലെ പത്രവില്‍പ്പനയും ഉച്ചതിരിഞ്ഞ് പുസ്തകവില്‍പ്പനയുമായി എല്ലായിടത്തുമെത്തി. ഇടയ്ക്ക് തഞ്ചാവൂരിലെ ഹോട്ടലില്‍ സപ്ലയറായും പെട്ടിക്കടക്കാരനായും ജീവിതവേഷം മാറി. വീണ്ടും കോഴിക്കോട്ടെത്തി കാല്‍നടയായി പുസ്തകവില്‍പ്പന നടത്തിക്കൊണ്ടിരിക്കെയാണ് ഒരു സൈക്കിള്‍ സ്വന്തമാക്കിയത്. അമ്മയുടെ കമ്മല്‍ പണയംവെച്ച് കിട്ടിയ അറുപതുരൂപയ്ക്ക് വാങ്ങിയ സൈക്കിളില്‍ കോഴിക്കോടിന്റെ ഓരോ മുക്കിലുംമൂലയിലുമെത്തിയായിരുന്നു പുസ്തക വില്‍പ്പന.

കാല്‍നടയില്‍നിന്ന് സൈക്കിളിലേക്കും പത്ര, പുസ്തക വില്‍പ്പനയില്‍ നിന്ന് പ്രസാധന രംഗത്തേക്കും പടിപടിയായി വളര്‍ന്നു. 1958ല്‍ മിഠായിത്തെരുവില്‍ ഒറ്റമുറി കടയില്‍ ടി.ബി.എസ് പുസ്തകശാലയ്ക്ക് തുടക്കംകുറിച്ചു. 1966ല്‍ പുര്‍ണ പബ്ലിക്കേഷന്‍സിനും തുടക്കമിട്ടു. 1988ല്‍ ടിബിഎസ് മുതലക്കുളത്ത് ഇപ്പോഴുള്ള കെട്ടിടത്തിലേക്കും മാറി. പുസ്തകപ്രസാധനത്തില്‍ അനന്യമായൊരിടം നേടിയ ബാലകൃഷ്ണമാരാരുടെ ജീവിതത്തിന്റെ പര്യായമായിരുന്നു ടി.ബി.എസ് ബുക്സ്റ്റാള്‍ അഥവാ സഞ്ചരിക്കുന്ന പുസ്തകശാല.

അക്ഷരങ്ങള്‍ അറിയുന്നവരെ അന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ തെക്ക് ഫാറൂഖ് കോളേജ് വരെയും കിഴക്ക് മാവൂര്‍വരെയും വടക്ക് കൊയിലാണ്ടിവരെയും സൈക്കിള്‍ ചവിട്ടിയിരുന്നുവെന്ന് 'കണ്ണീരിന്റെ മാധുര്യം' എന്ന ആത്മകഥയില്‍ മാരാര്‍ രേഖപ്പെടുത്തിയിരുന്നത്. ടി.ബി.എസ് ബുക്സ്റ്റാള്‍, പൂര്‍ണ പബ്ലിക്കേഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളിലേക്ക് വളര്‍ന്നപ്പോഴും ലാളിത്യവും എളിമയും വിടാതെ, നറുചിരിയോടെ എല്ലാവരോടും സമഭാവനയോടെ ഇടപെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ഭാര്യ: സരോജം. മക്കള്‍: എന്‍ഇ മനോഹര്‍, ഡോ അനിത. മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍. സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാവൂര്‍റോഡ് ശ്മശാനത്തില്‍ നടക്കും.

Tags:    
News Summary - TBS owner NE Balakrishnamarar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT