ആ റേഡിയോ നാടക കാലം

നാടകകല
അന്വേഷണം, ആസ്വാദനം
ടി.ടി. പ്രഭാകരൻ
പ്രിന്‍റ് ഹൗസ് പബ്ലിക്കേഷൻസ്


ടെലിവിഷനും മൊബൈൽ ഫോണും ഇന്റർനെറ്റും പ്രചുരപ്രചാരം നേടുംവരെ ജനങ്ങളുടെ മുഖ്യ വിനോദോപാധി ആയിരുന്നല്ലോ റേഡിയോ. മീൻകുട്ടയിൽ റേഡിയോവെച്ച് പരിപാടികൾക്ക് കാതോർത്ത് മീൻ വിൽപന നടത്തിയിരുന്ന ഒരു സ്ഥിരം ശ്രോതാവുണ്ടായിരുന്നു തൃശൂർ നിലയം പരിധിയിൽ. കാലത്ത് പ്രഭാത വന്ദനം തുടങ്ങുമ്പോൾ റേഡിയോ തുറന്നുവെച്ച് വീട്ടുജോലി ചെയ്യുന്ന വീട്ടമ്മമാരും തൊഴിലിടങ്ങളിൽ റേഡിയോ പരിപാടികൾ ആസ്വദിച്ച് തൊഴിലെടുക്കുന്ന തൊഴിലാളികളും കുറവായിരുന്നില്ല. അത്രമേൽ ജനവികാരങ്ങൾ പങ്കിട്ടിരുന്ന ജനകീയ മാധ്യമമായിരുന്നു പഴയകാലത്ത് റേഡിയോ. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സജീവവും ഇന്റർനെറ്റ് സാർവത്രികമാവുകയും അവയൊക്കെ മനുഷ്യമനസ്സുകളിലിടിച്ചുകയറി ഇരിപ്പുറപ്പിക്കുകയും ചെയ്തിട്ടും റേഡിയോയുടെ പ്രസക്തി ഇന്നും നിലനിൽക്കുന്നുവെന്നത് അനിഷേധ്യ യാഥാർഥ്യമാണ്.

റേഡിയോയിലൂടെ ഒഴുകിവരുന്ന ചലച്ചിത്ര ഗാനങ്ങൾ, ചലച്ചിത്ര ശബ്ദരേഖ, നാടകങ്ങൾ എന്നിവക്ക് കാതുകൂർപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഓർമകളുടെ തേനൂറുന്ന ആ പൂക്കാലത്തിലേക്ക് തിരിച്ചുവിളിക്കുകയാണ് ടി.ടി. പ്രഭാകരന്റെ നാടകകല -അന്വേഷണം ആസ്വാദനം എന്ന കൃതി. പേരുപോലെത്തന്നെ അന്വേഷണം, ആസ്വാദനം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് പ്രഭാകരൻ നാടക കലയെ പ്രതിപാദിച്ചിരിക്കുന്നത്. സംഗീത നാടകം, മലയാളത്തിലെ റേഡിയോ നാടകസാഹിത്യം, റേഡിയോ നാടകം-വളർച്ചയും തുടർച്ചയും എന്നിവ അന്വേഷണവിധേയമാക്കുന്ന ഗ്രന്ഥകാരൻ ആസ്വാദനതലത്തിൽ കുറെക്കൂടി ആഴത്തിൽ വിഷയത്തിൽ പ്രവേശിക്കുകയാണ്. ജി. ശങ്കരപ്പിള്ളയുടെയും ഇടശ്ശേരിയുടെയും റേഡിയോ നാടകങ്ങൾ, ദ വാട്ടർ സ്റ്റേഷൻ: മൗനത്തിന്റെയും മന്ദവേഗത്തിന്റെയും ദാർശനിക തലങ്ങൾ, കാർമെൻ ഫ്യുൺബ്രെ: നരകത്തിന്റെ ദൃശ്യങ്ങൾ, ഒഥെല്ലോയും യമദൂതും എന്നീ അധ്യായങ്ങളിലൂടെ മികവാർന്ന ആസ്വാദനാനുഭവവും വായനക്കാർക്കായി ഒരുക്കുന്നു.

റേഡിയോ നാടകരചന വേറിട്ട ഒരു ശൈലി ആവശ്യപ്പെടുന്ന സാഹിത്യശാഖയാണ്. ശബ്ദത്തിലൂടെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ആസ്വാദകമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയണം. രചന രീതിയെക്കുറിച്ച് പറയുന്നതോടൊപ്പം നിലയങ്ങളിലെ റെക്കോഡിങ് സാങ്കേതികവിദ്യ കൂടി ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നുണ്ട്. സ്പൂൾ റെക്കോഡിങ് വിട്ട് ഡിജിറ്റൽ റെക്കോഡിങ്ങിലെത്തിയത് എഡിറ്റിങ്ങിന് സൗകര്യം കൂട്ടുമെന്നതിനാൽ നാടകം തയാറാക്കുന്നവർക്കും അഭിനേതാക്കൾക്കും ഒരുപോലെ സമയലാഭം നൽകുന്നു. വരുത്തുന്ന പിഴവുകൾ എഡിറ്റ് ചെയ്യാമെന്നതിനാൽ വീണ്ടും റെക്കോഡിങ് വേണ്ടിവരുന്നില്ലെന്നതും പുതിയ കാലത്തെ നേട്ടമായി എഴുത്തുകാരൻ വിലയിരുത്തുന്നു. തെറ്റിയാലും പറഞ്ഞുപോയാൽ മതി എന്നതുകൊണ്ട് അഭിനയവും റെക്കോഡിങ്ങും അനായാസമായിട്ടുണ്ടെന്ന് തന്റെ ഔദ്യോഗികാനുഭവങ്ങൾ മുൻനിർത്തി പ്രക്ഷേപണകലയിൽ സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയിട്ടുള്ള ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു.

നാടകങ്ങളുടെ ആവിർഭാവവും വളർച്ചയും ആകാശവാണി നിലയങ്ങളുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് ഗ്രന്ഥകാരൻ അടയാളപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ നിലയങ്ങളെ സർഗാത്മകതയും ശബ്ദസൗകുമാര്യവും കൊണ്ട് സമ്പന്നമാക്കിയ പഴയ തലമുറയെ ഓർത്തുകൊണ്ടാണ് ചരിത്രത്തിലേക്കുള്ള പ്രവേശനം. ചരിത്രത്തേക്കാളുപരി പരാമർശിക്കപ്പട്ട നാടകങ്ങളും രചയിതാക്കളും ശബ്ദം നൽകിയവരും ഒരു നല്ലകാലത്തിന്റെ മധുരനൊമ്പരമായി മനസ്സിനെ ഉണർത്തി. റേഡിയോ നാടകങ്ങളുമായുള്ള അഭേദ്യമായ ബന്ധം കൊണ്ടാണ് സമഗ്രമായ വായനക്ക് മുതിർന്നത്. 1990ൽ ആകാശവാണിയുടെ ശബ്ദപരിശോധനയിൽ വിജയിച്ച് നാടകനടനായ ശേഷം നിരവധി നാടകങ്ങളിൽ പ്രശസ്തരും പ്രഗല്ഭരുമായവർക്കൊപ്പം മൈക്രോഫോണിനുമുന്നിൽ നിന്നിട്ടുണ്ട്. ആകാശവാണി ശബ്ദവിസ്മയങ്ങളായി ഇന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കുന്നവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും എന്റെ രചനക്ക് അവർ ശബ്ദം കൊടുത്തതും നിലയച്ചുമതലയിലിരിക്കെ സംവിധാനം ചെയ്തതും നിറമുള്ള ഓർമകളാണ്. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച പല റേഡിയോ നാടകങ്ങളും നാട്ടിൽ കെ.എസ്.എഴുത്തച്ഛൻ സ്മാരക വായനശാലയുടെ വാർഷികാഘോഷത്തിൽ സ്റ്റേജിലവതരിപ്പിച്ച് കൈയടി നേടിയതും മറന്നിട്ടില്ല. ഇതൊക്കെ ഓർമിപ്പിച്ചത് ടി.ടി. പ്രഭാകരന്റെ കൃതിയാണ്.

സംഗീത നാടകങ്ങളിൽ തുടങ്ങി റേഡിയോ നാടകത്തിന്റെ തുടക്കവും വളർച്ചയും ഉദാഹരണസഹിതം ടി.ടി.പി പ്രതിപാദിച്ചിരിക്കുന്നു. റേഡിയോ നാടക പഠിതാക്കൾക്കും ഗവേഷക വിദ്യാർഥികൾക്കും മികച്ചൊരു റഫറൻസ് കൃതിയാണ് നാടകകല. പണ്ഡിത പാമരഭേദമില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്നതാണല്ലോ നാടകങ്ങൾ. ജനകീയ കലാരൂപമായി നാടകം വിലയിരുത്തപ്പെടുന്നതും നാടകങ്ങളുടെ ഈ ഉയർന്ന ആസ്വാദന വിനിമയശേഷി കൊണ്ടുതന്നെ. കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും കേൾവിയിലൂടെ രൂപഭാവങ്ങൾ നൽകി ഭാവനക്കനുസരിച്ച് ഓരോ മനസ്സിലും രൂപപ്പെടുന്ന ചിത്രമാണ് റേഡിയോ നാടകത്തിന്റെ ബാക്കിപത്രം. ശബ്ദംകൊണ്ടുമാത്രം ആസ്വാദകമനസ്സുകളിൽ കഥയും കഥാപാത്രങ്ങളും പതിപ്പിക്കുക എന്നതാണ് റേഡിയോനാടക രചയിതാക്കളും അഭിനേതാക്കളും നേരിടുന്ന വെല്ലുവിളി. ആസ്വാദകന് അനുഭവവേദ്യമാകുന്നതരത്തിൽ അത് ഫലിപ്പിക്കാനായാൽ എഴുത്തുകാരനും അഭിനേതാക്കളും വിജയിച്ചു എന്ന് പറയാം. ഡിജിറ്റൽ യുഗത്തിലും റേഡിയോ നാടകം മരിക്കാതെ നിലനിൽക്കുന്നത് അതിന്റെ ശ്രവ്യാനുഭവം ഒന്നുകൊണ്ടു മാത്രം. നാടകകല പഠനവും അന്വേഷണവുമാകുന്നതും റേഡിയോ നാടകത്തിന്റെ ചിതലരിക്കാത്ത പ്രസക്തിമൂലമാണ്. ആഴമേറിയ പഠനവും ചിന്തയും മാത്രമല്ല സൂക്ഷ്മമായ നിരീക്ഷണവും അന്വേഷണവും ഇത്തരമൊരു രചനയെ സംപുഷ്ടമാക്കുന്നതിൽ നിസ്തുല പങ്കുവഹിച്ചിട്ടുണ്ട്. പ്രക്ഷേപണ കലയിലുള്ള പ്രഭാകരന്റെ അനുഭവങ്ങളും വൈദഗ്ധ്യവും കൃതിയുടെ വിജയകരമായ പൂർത്തീകരണത്തിൽ നന്നായി തുണച്ചിട്ടുണ്ട്. എഴുത്തുകാരനും അഭിനേതാവുമായുള്ള ബന്ധങ്ങളും പരിചയങ്ങളുമാണ് ഉള്ളടക്കത്തിന്റെ മാറ്റു കൂട്ടുന്നത്. കേവലമൊരു നേരംപോക്ക് വായനയിലൊതുക്കാവുന്നതല്ല, റേഡിയോ നാടകവും അതിന്റെ ചരിത്രവും പഠ്യവിഷയമാക്കുന്ന വിജ്ഞാനകുതുകികൾക്കുള്ള ആധികാരിക ഗ്രന്ഥമെന്ന നിലയിൽ ആഴത്തിലുള്ള വായന ആവശ്യപ്പെടുന്നതാണ് ടി.ടി. പ്രഭാകരന്റെ നാടകകല.

Tags:    
News Summary - the days of radio drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT