മനുഷ്യ കച്ചവടവും അടിമച്ചന്തയും; അടിമയുടെ മുതുകിലേറ്റ ചാട്ടവാറിന്‍റെ ചരിത്രം

കൊച്ചി: കേരളചരിത്ര രചനാ രംഗത്തെ സഞ്ചാരവഴികളിലെയും വിചാരധാരകളുടെയും മാറ്റിവരക്കുകയാണ് വിനിൽ പോൾ എന്ന യുവഗവേഷകൻ. അക്കാദമിക് തമ്പുരാക്കന്മാരുടെ ചരിത്ര രചനകളുടെ വിലപ്പെട്ട രേഖകൾ കല്ലെഴുത്തുകളും ചെപ്പേടുകളും കൊട്ടാരങ്ങളിലെ ഗ്രന്ഥവരികളുമായിരുന്നു. അതിനു ചുറ്റുംവലംവെച്ച് നിന്ന ചരിത്രാന്വേഷണം നടത്തിയവർക്ക് ബ്രാഹ്മണ- ക്ഷത്രിയ വിഭാഗങ്ങളുടെ വംശവലികളായി ചരിത്രം. പോർച്ചുഗീസ് - ഡച്ച് കാലഘട്ടത്തിലേക്ക് വരുമ്പോൾ നാടുവാഴികളുടെ അധികാര കിടമൽസരങ്ങളും ഏറ്റുമുട്ടലുകളുമായി ചുരങ്ങി. അതിനപ്പുറമുള്ളൊരു ലോകം തിരസ്കരിക്കപ്പെട്ടു.

ചരിത്ര രചനക്കുള്ള മുഖ്യ ഉപാദനങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യധാരാ ചരിത്രകാരന്മാർ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ പുരാരേഖകളിൽ നിന്ന് ചരിത്രം ഖനനം ചെയ്തെടുക്കുകയാണ് വിനിൽ. അങ്ങനെ മനുഷ്യവിരുദ്ധമായൊരു ലോകം നമുക്ക് ചുറ്റിലുമുണ്ടായിരുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുകയാണ് 'അടിമ കേരളത്തിന്‍റെ അദൃശ്യ ചരിത്രം' എന്ന ഗ്രന്ഥം. സമൂഹത്തിൽ അടിഞ്ഞുകൂടിയിരുന്ന ജീർണതയും ഭീകരതയും ചരിത്ര തെളിവുകളുടെ പിൻബലത്തിൽ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം.

പി.കെ. ബാലകൃഷ്ണൻ ജാതി വ്യവസ്ഥതിയും കേരള ചരിത്രവും എന്ന ഗ്രന്ഥിത്തിലൂടെ നടത്തിയ അട്ടമറിക്ക് പലതരത്തിലും സമാനമായ അന്വേഷണമാണിത്. അക്കാദമിക് യോഗ്യതയില്ലെന്ന പേരിൽ എം.ജി.എസ് നാരായണനെയും എം.ആർ. രാഘവവാര്യരെയും പോലുള്ള ആസ്ഥാന ചരിത്ര പണ്ഡിതന്മാർ പി.കെ.ബിയെ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു. ശാസനങ്ങൾ വായിച്ച് ചേര സാമ്രജ്യത്തിന്‍റെ വംശാവലി നിർണയിക്കാനുള്ള അക്കാദമിക് വിദ്യാഭ്യാസം അദ്ദേഹത്തിനില്ലെന്നായിരുന്നു പ്രധാന വിമർശനം.

സർവകലാശാലകളിലെ ചരിത്രാധ്യാപകരൊന്നടങ്കം പി.കെ.ബിയുടെ കേരള ചരിത്രം ബഹിഷ്കരിച്ചു. ഏതാണ്ട് നാല് പതിറ്റാണ്ടിനെ ശേഷമാണ് വിനിൽപോളിന്‍റെ ചരിത്രത്തിലെ പുനർവായന പുറത്ത് വരുന്നത്. ബാലകൃഷ്ണൻ പ്രധാനമായും പോർട്ടുഗീസുകാരുടെ വരവിന് (1948) മുമ്പ് വരെയാണ് അന്വേഷണ വിഷയമാക്കിയത്.

പോർട്ടുഗീസ്, ഡച്ച്, ബ്രിട്ടീഷ് കാലഘട്ടത്തിലെ സാമൂഹിക ജീവിതത്തിലെ അടരുകളിലേക്കാണ് വിനിൽപോളിന്‍റെ നോട്ടം. ഡച്ച്- ബ്രിട്ടീഷ് രേഖകൾ പരിശോധിച്ചപ്പോൾ വിനൽ പോളിന്‍റെ മുന്നിൽ തെളിഞ്ഞത് നമ്പൂതിരിമാരുടെ ഊരായ്മയും നായന്മാരുടെ കാരായ്മയും മാത്രമല്ല. മനുഷ്യകച്ചവടവും അടിമചന്തയും നിലനിന്ന കേരളീയ ഗ്രാമങ്ങളാണ്. കീഴാള സമുഹങ്ങളെ അടിമകളാക്കി കയറ്റുമതി ചെയ്തിരുന്ന ലോകത്തെയാണ് അദ്ദേഹം വായിച്ചെടുത്ത്. അത് നിലവിലുള്ള ചരിത്ര ബോധത്തിൽ വിള്ളലുകൾ സൃഷ്ടിക്കുന്നു.

രാജൻ ഗുരുക്കളും രാഘവവാര്യരും അടക്കമുള്ള ചരിത്രകാരന്മാർ പോലും പോർച്ചുഗീസ്-ഡച്ച് കാലഘട്ടത്തെ അധികാര കിടമൽസരങ്ങളും കുരുമുളക് വാണിജ്യത്തിന്‍റെയും കഥകളാണ് വിവരിച്ചത്. നൂറുകണക്കിനാളുകൾ കേരളത്തിലെ തുറമുഖങ്ങളിൽ നിന്നും അടികളായി ഡച്ച്, ഫ്രഞ്ച് കമ്പനികൾ അവരുടെ ആഫ്രിക്കൻ കോളനികളിലേക്ക് കയറ്റി അയച്ചിരുന്നുവെന്ന വിനിൽപോളിന്‍റെ കണ്ടെത്തൽ നിലവിലുള്ള കേരചരിത്ര ധാരണകളിലൊരു നടുക്കമാണ്. തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാമെന്നാണ് മലയാളത്തിലെ ചൊല്ല്. എന്നാൽ, തേക്കും കുരുമുളകും സുഗന്ധദ്രവ്യങ്ങളും മാത്രമല്ല കടൽ കടന്ന് പോയത്. അടിമകളായ മനുഷ്യരെയും കേരളത്തിൽനിന്ന് വിദേശീയർ പിടിച്ചു കൊണ്ടുപോയിരുന്നു. ഈ കണ്ടെത്തൽ ഒരു കാൽപനിക കവിതയല്ല. ചരിത്രത്തിൽ അടയാളപ്പെടുത്തിയ വാക്കുകളും വരകളുമാണ്. കേരളത്തിലെ ചരിത്രകാരന്മാർ കണ്ണടച്ച കോളനികാല അടിമക്കച്ചവടം.

കേരളത്തിലെ അടിമകളെ ഡച്ച് -ഫ്രഞ്ച് കോളനിയായിരുന്ന മൗറീഷ്യസിലോട്ടാണ് കയറ്റി അയച്ചത്. കേരളത്തിലെ അടിമകച്ചവടത്തിൽ പ്രധാന കേന്ദ്രം കൊച്ചിയായിരുന്നു. കൊച്ചി ഡച്ചുകാരുടെ അടിമസങ്കേതമായിരുന്നുവെന്നും അതിൽ പ്രധാന പങ്കുവഹിച്ചത് സുറിയാനി ക്രിസ്ത്യാനികൾ ആയിരുന്നുവെന്നുമുളള ഗ്രന്ഥകാരന്‍റെ വിലയിരുത്തൽ സ്ഫോടനാത്മകമാണ്. "1753 -54 വർഷത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളിൽ മാത്രം 161 അടിമകളെയാണ് കൊച്ചിയിൽ നിന്ന് രജിസ്റ്റർ ചെയ്ത് ഡച്ച് കോളനിയായ കേപ്പിലേക്ക് അയച്ചത്.... റിപ്പോർട്ട് അനുസരിച്ച് 53 പുലയർ (39 പുരു, 14 സ്ത്രീ), 49 ചോഗർ (34 പുരു, 15 സ്ത്രീ), 10 വേട്ടുവർ (ആറ് പുരു, നാല് സ്ത്രീ), കണക്ക് ആറ് (നാല് പുരു, രണ്ട് സ്ത്രീ), പറയർ രണ്ട് (ഒരു പുരു, ഒരു സ്ത്രീ), രണ്ടു മുക്കുവ സ്ത്രീകൾ, ഒരു നായർ പുരുഷൻ, ഒരു ഉള്ളാട പുരുഷൻ എന്നവരെയാണ് കൊച്ചിയിൽ നിന്ന് കയറ്റുമതി ചെയ്തത്" -എന്ന് രേഖപ്പെടുത്തി.

കൊച്ചിയിലെ പള്ളികൾ ആറുദിവസം അടിമകളെ കെട്ടിയിരുന്ന ഗോഡൗണുമായി ഏഴാം ദിവസം പ്രാർഥനക്കുമാണ് ഉപയോഗിച്ചിരുന്നു. കൊച്ചിയിലെ പള്ളികൾക്ക് ചരിത്രത്തിൽ അടിമ ഗോഡൗണുമായിരുന്നു. ചരിത്രത്തിൽ അടിമകളുടെ കഥ പറയുന്നതും അവർക്കുവേണ്ടി സംസാരിച്ചതും തമ്പുരാക്കന്മാരായിരുന്നില്ല. കേരളത്തിലെ അടിമക്കച്ചവടത്തെക്കുറിച്ച് ആദ്യമായി എഴുതിയതും അടിമകൾക്ക് വേണ്ടി സ്കൂളുകൾ ആരംഭിച്ചതും മലബാറിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരാണ്. ജനാധിപത്യമെന്താണെന്ന് അടിമ കേരളത്തെ പഠിപ്പിക്കാൻ ശ്രമിച്ചതും അവരായിരുന്നു.

കേരളത്തിലെ അടിമാവസ്ഥയെക്കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിയുന്നത് 1797- 98ൽ സ്ഥാപിതമായ അഞ്ചരക്കണ്ടി തോട്ടത്തിലെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ്. തിരുവിതാകൂറിൽനിന്നും കൊച്ചിയിൽ നിന്നുമായി 400 അടിമകളെയാണ് തോട്ടത്തിലെത്തിച്ചത്. ജില്ലാ മജിസ്ട്രേറ്റ് ആയ ടി.എച്ച്. ബാബർ ഇടപെട്ടാണ് ഈ അടിമകളെ മോചിപ്പിച്ചത്. അടിമകളെ എത്തിച്ച ഏജൻറുമാർക്ക് വിചാരണ നേരിടേണ്ടിവന്നു. ബാബർ എഴുതിയ കത്തുകളും റിപ്പോർട്ടുകളുമാണ് കേരളത്തിലെ അടിമവ്യവസ്ഥയെ ലോകത്തിലെത്തിച്ചതെന്നും ഗ്രന്ഥകാരൻ കണ്ടെത്തുന്നു.

പുസ്തകത്തിലെ ഒന്നാം ഭാഗം അടിമവ്യാപാരവും അടിമച്ചന്തകളുമാണെങ്കിൽ രണ്ടാം ഭാഗം മിഷനറി പ്രവർത്തിന്‍റെ ചരിത്രമാണ്. അക്കാദമിക പണ്ഡിതന്മാാരുടെ പതിവ് ചരിത്ര പഠനങ്ങളുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യുകയും പൊളിച്ചെഴുതുകയുമാണ് വിനിൽപോൾ. കേരള ചരിത്രകാരന്മാരും ഇതുവരെ അടിമകേരളത്തിന്‍റെ ചരിത്രകവാടം തുറന്നു നോക്കിയിരുന്നില്ല. ബ്രാഹ്മണ ഇല്ലങ്ങളിലെ ഗ്രന്ഥവരികളിലും കൊട്ടാരങ്ങളിലെ നിലവറകളിലെ താളിയോലകളിലും മാത്രം ചരിത്രാന്വേഷണം നടത്തിയ അക്കാദിക് പണ്ഡിതന്മാർക്ക് മുന്നിൽ തെളിയാത്ത ചരിത്രമാണിത്. അടിമയുടെ മുതികിലേറ്റ് ചാട്ടവാറിന്‍റെ പാട് ഇതിൽ അടയാളപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - Vinil Paul book Adima Keralathinte Adrisa Charithram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT