ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും പാട്ടുപുസ്തകങ്ങളും ഒരു തലമുറയുടെ നൊസ്റ്റാൾജിയയായി മനസ്സിനെ വേവിക്കുമ്പോൾ ആ കാലത്തെതന്നെ നെഞ്ചേറ്റിയ ചില മനുഷ്യരുണ്ടാകും. ജീവിതത്തിൽ എന്തെല്ലാം നഷ്ടങ്ങൾ സഹിച്ചാലും ചിലത് ചരിത്രസൂക്ഷിപ്പുകളായി നിലനിർത്താൻ അവർ വ്യഗ്രത കാണിക്കും. ഒരുകാലത്ത് സിനിമ കൊട്ടകയിലും തട്ടുകടകളിലും വിൽപനക്കുണ്ടായിരുന്നവയായിരുന്നു സിനിമ പാട്ടുപുസ്തകങ്ങൾ. പത്തു പൈസയും ഇരുപത് പൈസയും വിലയുണ്ടായിരുന്ന ആ പാട്ടുപുസ്തകങ്ങളെല്ലാം സൂക്ഷിച്ചുവെച്ച് ഒരു കാലഘട്ടത്തെ ഫ്ലാഷ്ബാക്ക് ചെയ്യുന്ന ഒരാളുണ്ട് ഇവിടെ, മാനിപുരം സുധാകരൻ എന്ന കൊച്ചുമനുഷ്യൻ. പാട്ടുപുസ്തകങ്ങൾ മാത്രമല്ല, പഴയകാല സിനിമ പ്രസിദ്ധീകരണങ്ങളും നോട്ടീസുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
സുധാകരന്റെ പാട്ടുപുസ്തകങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ മലയാള സിനിമയുടെ ശൈശവവും കൗമാരവും യൗവനവും മുന്നിൽ തെളിയും. മലയാള സിനിമയുടെ ആദ്യകാലം മുതൽ 1990 വരെയുള്ള മിക്കവാറും സിനിമകളുടെ പാട്ടുപുസ്തകങ്ങൾ മാനിപുരം സുധാകരന്റെ ശേഖരത്തിലുണ്ട്. 1950ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ‘നല്ലതങ്ക’യുടെയും വൈക്കം വാസുദേവൻ നായർ നായകനായും തങ്കം വാസുദേവൻ നായർ നായികയുമായി അഭിനയിച്ച് വൻ പരാജയമായ ‘കേരള കേസരി’യുടെയും പാട്ടുപുസ്തകങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തും. മലയാളത്തിലെ ആദ്യ വനചിത്രമായ ‘വനമാല’, പ്രേംനസീറിന്റെ റിലീസായ ആദ്യ ചിത്രം ‘വിശപ്പിന്റെ വിളി’ (1951), രാഗിണിയുടെ ആദ്യചിത്രം ‘പ്രസന്ന’ (1950) തുടങ്ങി നാൽപതുകളിലെ മിക്ക ചിത്രങ്ങളുടെ പാട്ടുപുസ്തകവും ഇവിടെയുണ്ട്.
ചേച്ചി, ജീവിതനൗക, ലില്ലി, രാരിച്ചൻ എന്ന പൗരൻ, നീലക്കുയിൽ മുതൽ പ്രേക്ഷകർ ഓർമിക്കുകപോലുമില്ലാത്ത സിനിമകളും പാട്ടുപുസ്തകമായി മാനിപുരത്തിന്റെ കെട്ടുകളിലുണ്ട്. നിശാഗന്ധി, രാക്കുയിൽ, പ്രപഞ്ചം, ഉപഹാരം, മാൻപേട, നീതി, വെള്ളിയാഴ്ച, വീണ്ടും വസന്തം, വിലക്കപ്പെട്ട കനി തുടങ്ങി പേരുപോലും ഓർമിക്കപ്പെടാത്ത സിനിമകൾ. രണ്ടായിരത്തോളം പാട്ടുപുസ്തകങ്ങൾ മാത്രമല്ല, പഴയകാല സിനിമ പ്രസിദ്ധീകരണങ്ങളായ സിനിമ മാസിക, സിനിരമ, കലാമാല, ചിത്രപൗർണമി, ഫിലിംനാട്, നീത, രജനി, പൂർണിമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ മാനിപുരം സുധാകരന്റെ രചനകളുമുണ്ട്. 1938 മുതൽ 2000 വരെ റിലീസായ സിനിമകളുടെ പൂർണ വിവരങ്ങളുമുണ്ട് ശേഖരത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.