കോഴിക്കോട്: പാതിമുറിഞ്ഞുപോയൊരു പ്രണയകാവ്യത്തിലെ നായികയാണവൾ. നിറമാർന്ന ജീവിതയാത്രയിൽ പെട്ടെന്നൊരു പാതിരാത്രിയിൽ പ്രിയതമൻ തണുത്തുറഞ്ഞുപോയതാണ്. സ്നേഹത്തിന്റെ നടുക്കടലിൽ രണ്ട് മക്കൾക്കൊപ്പം അവൾ ഒറ്റക്കായി. മരണവീട്ടിൽ സങ്കടം പങ്കുവെക്കാനെത്തിയവർ അവൻ ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞതുകേട്ട് അവളുടെ കണ്ണുകളിൽ കണ്ണീരിനൊപ്പം സൂര്യനുദിച്ചിരിക്കണം. അത്രമേൽ നന്മയുടെ പൂമരമായിരുന്നത്രെ അവൻ. അവളറിഞ്ഞതിനേക്കാൾ ആഴവും പരപ്പുമുള്ള മനുഷ്യസ്നേഹി.
ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് ദാനം ചെയ്തവൻ. നാളേക്ക് ഒരു വർഷമാവുകയാണ് അവന്റെ വിയോഗത്തിന്. അപ്പോഴേക്കും അവൾ ഒരുക്കിവെച്ചത് അവനെ കുറിച്ചറിയുന്നവരുടെ നിനവുകൾ കോർത്തുവെച്ച മനോഹരമായൊരു പുസ്തകം. അവനുവേണ്ടിയുള്ള സുന്ദരമായ പ്രാർഥനപോലൊരു പുസ്തകം. അർബുദത്തെ തുടർന്ന് 2021 ഒക്ടോബർ 17ന് മരിച്ച കോഴിക്കോട് ജില്ലയിലെ പാലേരി പാറക്കടവിൽ ഷൈജലിന്റെ ഭാര്യ ഷാനു ഷൈജലാണ് പ്രിയതമനെ കുറിച്ച് 240 പേജുകളുള്ള ഓർമപ്പുസ്തകം ഒരുക്കിയത്. ഷൈജലിന്റെ ബിസിനസ് സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, നാട്ടുകാർ തുടങ്ങി 140ഓളം പേരുടെ ഓർമക്കുറിപ്പുകളാണ് ഇതിനായി സമാഹരിച്ചത്. ഷൈജലിനെ ചികിത്സിച്ച അർബുദരോഗ വിദഗ്ധൻ ഡോ. എം.വി. പിള്ള, നടൻ ഇന്നസെന്റ് തുടങ്ങിയവർ പുസ്തകത്തിൽ ഓർമകൾ എഴുതിയിട്ടുണ്ട്. 'ഷൈജൽ 1981-2021' എന്നാണ് കോഫിടേബിൾ ബുക്കായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പേര്.
പാവപ്പെട്ടവർക്കും രോഗികൾക്കും നിശ്ശബ്ദമായി സഹായം ചെയ്തുവരുകയായിരുന്നു ഷൈജലെന്ന് ഭാര്യ ഡോ. ഷാനു ഷൈജൽ പറഞ്ഞു. സ്വർണവ്യാപാര മേഖലയിലാണ് പ്രവർത്തിച്ചത്. സ്വർണാഭരണ നിർമാണമേഖലയിലായിരുന്നു ശ്രദ്ധയൂന്നിയത്. കോഴിക്കോടിനെ ഗോൾഡ് ട്രേഡ് സെന്ററാക്കാനുള്ള ആശയങ്ങളും സ്വപ്നങ്ങളുമായി പ്രവർത്തിക്കുന്നതിനിടയിലാണ് 39ാം വയസ്സിൽ വിടപറഞ്ഞത്. മരിക്കുന്നതിന് ആറുമാസം മുമ്പാണ് അർബുദം തിരിച്ചറിഞ്ഞത്. രോഗവിവരം ആരെയും അറിയിച്ചില്ല. മരിക്കുന്നതിന്റെ തലേന്നാൾ വരെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മൂത്തമകന്റെ പത്താം പിറന്നാൾ ദിനത്തിലാണ് ഷൈജൽ വിടപറഞ്ഞത്. ഹോമിയോ ഡോക്ടറായ ഷാനു ചാത്തമംഗലം സ്വദേശിയാണ്. ഹൈസം സെനിത്ത്, അസ്സ സഹ്റ എന്നിവർ മക്കളാണ്.
തിങ്കളാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ട്രിപ്പന്റ ഹോട്ടലിൽ നടക്കുന്ന പുസ്തകപ്രകാശന ചടങ്ങ് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പി.കെ. പാറക്കടവ് കവി കെ.ടി. സൂപ്പിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.