അക്ഷരനഗരിയുടെ എവിടെത്തിരിഞ്ഞ് നോക്കിയാലും എങ്ങും ഒട്ടേറെ ചരിത്രശേഷിപ്പുകൾ കാണാനാകും. കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച പാരമ്പര്യമാണ് കോട്ടയത്തിനുള്ളത്. അതിന് ഉദാഹരണമാണ് ഇവിടങ്ങളിലെ ആരാധനാലയങ്ങളും വീടുകളും കലാലയങ്ങളും ആതുരാലയങ്ങളുമെല്ലാം. അത്തരത്തിലുള്ള ചരിത്രങ്ങളുടെ ബാക്കിപത്രമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കപ്പെട്ട പ്രതിമകളും കലാസൃഷ്ടികളുമെല്ലാം. അക്ഷരനഗരിയിലേക്ക് എത്തുന്ന ഓരോരുത്തരോടും പറയാൻ ഓരോ കഥകൾ ഇവക്ക് ഓരോന്നിനുമുണ്ട്. എന്താണ് ‘അവർക്ക്’ പറയാനുള്ളതെന്നതിനെക്കുറിച്ചുള്ള ‘മാധ്യമ’ത്തിന്റെ അന്വേഷണം ‘ശിലാനഗരം’ ഇന്നുമുതൽ
കോട്ടയം: അക്ഷരനഗരിയിൽ പഴമയുടെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന സി.എം.എസ് കോളജിലെത്തുന്നവർക്ക് സ്വാഗതമരുളുന്നത് ‘മയ്യ’ എന്ന ശിൽപമാണ്. പ്രകൃതിയോട് ഇഴചേർന്ന് എഴുതുന്ന പെൺകുട്ടി എന്ന സങ്കൽപത്തെ അനശ്വരമാക്കുംവിധത്തിലാണ് മയ്യയെ അവതരിപ്പിച്ചത്.
പ്രസിദ്ധശിൽപിയും കോട്ടയം സ്വദേശിയുമായ കെ.എസ്. രാധാകൃഷ്ണനാണ് ‘മയ്യ’ എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ സൃഷ്ടാവ്. കൊൽക്കത്തയിലെ ശാന്തിനികേതനിൽ നിന്നാണ് 22 അടിയോളം ഉയരമുള്ള ‘മയ്യ’ എത്തിയത്. പഠനത്തിനൊപ്പം കലകൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇവിടെ ശിൽപോദ്യാനം ഒരുക്കിയിരത്.
മയ്യ ഉൾപ്പെടെ ഏഴ് ശിൽപങ്ങൾ കോളജിൽ കാണാം. ഏഴ് ശിൽപത്തിനും പറയാനുള്ളത് സമൂഹവും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന കഥകളും.
സഹ അസ്ഥിത്വം, സ്ത്രീശാക്തീകരണം, അതിജീവനം തുടങ്ങിയ ആശയങ്ങളാണ് ശിൽപങ്ങളിലൂടെ സി.എം.എസ് കോളജിന്റെ ചരിത്രത്തിലൂടെ ബന്ധപ്പെടുത്തി ആവിഷ്കരിച്ചത്. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെ പ്രസിദ്ധരായ ഏഴ് ശിൽപികളാണ് സി.എം.എസ് കാമ്പസിനെ ശിൽപോദ്യാനമാക്കിയത്. കന്യാകുമാരി ജില്ലയിലെ മയിലാടിയിൽ നിന്നുള്ള കൃഷ്ണശിലയിലാണ് ശിൽപങ്ങൾ നിർമിച്ചത്.
60ഓളം ഫ്രെയിമുകളിലായി ഒരുക്കിയ ലോകചരിത്രം മുതൽ കേരളചരിത്രവും നവോത്ഥാനവും ആലേഖനം ചെയ്തിട്ടുള്ള ക്യാൻവാസുകൾ സി.എം.എസിലേക്കുള്ള പാതയിൽ ഒരുക്കിയിട്ടുണ്ട്. കോളജിലെ മതിലുകളിൽ സ്ഥാപിച്ച കൊത്തുപണികളുടെ പിന്നിലെ ചരിത്രം ക്യു.ആർ കോഡുകളിലൂടെ സന്ദർശകർക്ക് അറിയുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് കോളജ്.
ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം എന്നത് കലയാണ്. മനുഷ്യന്റെ ഏറ്റവും ആദിമമായ കലകളിലൊന്നാണ് ശിൽപകല. ഓരോ ശിൽപങ്ങളും നിശബ്മായി സംസാരിക്കുന്നുണ്ട്.
ഒരാളോട് ഒരേ ശിൽപം രണ്ടു കാലങ്ങളായി രണ്ടുതരത്തിൽ സംസാരിക്കുന്നുണ്ട്.
സി.എം.എസ് കോളജിനായി നൂറ്റാണ്ടുകൾക്കപ്പുറം നിർമിക്കുന്ന സ്മാരകങ്ങളായും കാലഘട്ടത്തിന്റെ രേഖപ്പെടുത്തലുമായാണ് ഈ ശിൽപങ്ങളെ കരുതുന്നത് - ഡോ. വർഗീസ് സി.ജോഷ്വാ പ്രിൻസിപ്പൽ, സി.എം.എസ് കോളജ്)
(തുടരും...)
നാളെ -ബെയ്ലി മുതൽ പി.ടി.ചാക്കോ വരെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.