കനവിൽ ബേബി

‘‘എട്ട് ഉറുപ്പികക്കാണ് കൈപ്പാടൻ എന്ന അടിമയെ അമ്പുനായർ എന്ന ഉടമ സുബ്ബരായ പട്ടർക്ക് പണയംവെച്ചത്. തന്നെ പണയം വെക്കാനാണ് കൊണ്ടുവന്നതെന്ന് കൈപ്പാടനോ, കൈപ്പാടനെ പണയംവെക്കാനാണ് കൊണ്ടുപോയതെന്ന് കൈപ്പാടന്റെ മൻറക്കാരോ അറിഞ്ഞിരുന്നില്ല. അറിഞ്ഞാലോ? തമ്പുരാക്കൻമാർക്ക് കാലികളെപ്പോലെ വിൽ​​ക്വേം വാങ്ങേം പണംവെക്കേം ചെയ്യാമ്പറ്റ്ന്ന അടിമകൾക്കെന്തു ചെയ്യാനാവും’’ -മാവേലി മൻറം (കെ.ജെ. ബേബി)

കണ്ണൂർ മാവടിയിൽ 1954 ഫെബ്രുവരി 27ന് ജനിച്ച ബേബിയുടെ കുടുംബം 1973ൽ വയനാട്ടിൽ കുടിയേറിപ്പാർത്തു. അസാധാരണമായ ജീവിതം അവസാനിപ്പിച്ച് 2024 സെപ്റ്റംബർ ഒന്നിന് ബേബി പറന്നുപോയി. തൃശി​ലേരിയിൽ ശാന്തികവാടത്തിൽ ആ ദേഹത്തെ അഗ്നിപുണർന്നു. ഗോത്രവിഭാഗത്തിലെ നിരവധി പേരും കേരളത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും സാക്ഷികളായി. സാംസ്കാരിക പ്രവർത്തകൻ, നോവലിസ്റ്റ്, ബദൽ വിദ്യാഭ്യാസത്തിന്റെ ശക്തനായ വക്താവ്, എക്കാലവും ഓർക്കുന്ന ‘നാട്ടുഗദ്ദിക’ എന്ന നാടകക്കാരൻ, ഹതാശമായ അലച്ചിലുകാരൻ, സമരമുഖങ്ങളിൽനിന്ന് പച്ചയായ ജീവിതവഴികളിലൂടെ നടന്ന് ഒടുവിൽ എല്ലാവരോടും മൗനംകൊണ്ട് യാത്രപറഞ്ഞ് ജീവിതത്തിന്റെ ഏതോ വഴിയി​ൽവെച്ച് മരണത്തിലേക്ക് ഇറങ്ങിപ്പോയി.

‘ചൂഷിതന് ഒരോർമക്കുറിപ്പും ചൂഷകന് ഒരു താക്കീതുമായിത്തീരുന്നു, ദുർബലന്റെ സ്വപ്നത്തിൽ പങ്കുചേർന്ന് അധികാരത്തിന്റെ ബലതന്ത്രത്തെ പ്രതിരോധിക്കുന്നു കെ.ജെ. ബേബിയുടെ മാവേലി മൻറം’. നോവലിന് കവി സച്ചിദാനന്ദൻ എഴുതിയ ആമുഖത്തിലെ വരികൾ അന്വർഥമാക്കിയാണ് ബേബിയുടെ വിടവാങ്ങൽ.

1980 കാലത്ത് തെരുവുകളിൽനിന്ന് തെരുവുകളിലേക്ക് ​പരന്നൊഴുകിയ നാടകമാണ് ‘നാടുഗദ്ദിക’.

ബേബിയുടെ നാടകം

വയനാട്ടിലെ ഗോത്രസമൂഹത്തിൽ പ്രബലവിഭാഗമാണ് അടിയർ (അടിയർ-റാവുളർ), അവരുടെ അനുഷ്ഠാനത്തിന്റെ ആശയവും സ​ങ്കേതവും ഉപയോഗിച്ചായിരുന്നു ‘നാടുഗദ്ദിക’ എന്ന നാടകത്തിന് കെ.ജെ. ബേബിയും കൂട്ടരും തുടിയെറിഞ്ഞത്. അത് കേരളത്തിൽ മാത്രമല്ല പുറത്തും പ്രതിധ്വനിച്ചു. വയനാട്ടിലെ മാനന്തവാടിയിൽനിന്ന് തുടങ്ങി തൃശൂരിലെ കളരിയിൽനിന്ന് വിപുലപ്പെടുത്തിയ ‘നാടുഗദ്ദിക’ 630 സ്റ്റേജുകൾ പിന്നിട്ടപ്പോൾ തന്നെ കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിൽ കൊടുങ്കാറ്റ് രൂപപ്പെട്ടിരുന്നു. അവതരണത്തിന്റെ 600 വേദികളിലും സാക്ഷിയായ കവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ പറയുന്നു, ‘അന്നും ഇന്നും കേരളത്തിൽ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച 10 നാടകങ്ങളിൽ ഒന്ന് നാടുഗദ്ദിക തന്നെ’.

നാടകത്തിലെ 631ാമത്തെ വേദി ഓർക്കുന്നവർ വിരളം. കോഴിക്കോട് പുതിയറ ജയിൽ അങ്കണത്തിൽവെച്ചായിരുന്നു ആ ഇടിമുഴക്കം. ബേബിയടക്കം എല്ലാ നാടകക്കാരെയും ​പൊലീസ് പിടികൂടി ജയിലിൽ അട​ച്ചപ്പോൾ അവർ അവിടെയും നാടകം അവതരിപ്പിച്ച് ചരിത്രത്തിൽ ഇടംനേടി. കേരളത്തിന്റെ നാടകചരിത്രത്തിൽ അങ്ങനെയും ‘നാടുഗദ്ദിക’ സ്ഥാനംപിടിച്ചു.

നാടകത്തിൽ ബേബി, ഔസേപ്പച്ചൻ എന്നിവർ ഒഴികെ 20 പേരും ​ഗോത്രവിഭാഗത്തിൽനിന്നുള്ളവരായിരുന്നു. അതിൽ നാല് പെൺകുട്ടികളും ഉണ്ടായിരുന്നു. വയനാട് സാംസ്കാരിക വേദിയാണ് പിന്നീട് കേരളത്തിൽ അറിയപ്പെട്ട ജനകീയ സാംസ്കാരിക വേദിയായത്. അടിയന്തരാവസ്ഥക്ക് ശേഷം കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ​പടർന്നുപന്തലിച്ച രാഷ്ട്രീയ ജാഗ്രതയുടെ പ്രതിഫലനം കൂടിയായി ‘നാടുഗദ്ദിക’. ചരിത്രവും മിത്തും ഇടകലർന്ന ചരിത്രത്തിന്റെ പഴയ താളുകളിൽനിന്ന് യാഥാർഥ്യത്തിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച വലിയ കലാകാരനായിരുന്നു ബേബിയെന്ന് ഒരിക്കൽ സാംസ്കാരിക വേദിയുടെ സെക്രട്ടറി ആയിരുന്ന എഴുത്തുകാരൻ കവിയൂർ ബാലൻ സ്മരിക്കുന്നു. ‘കൈരളിക്ക് ‘നാടുഗദ്ദിക’ മറക്കാനാവില്ല, ബേബിയെയും’ വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹം പറയുന്നു.

അതിനും മുമ്പ് ‘അപൂർണ’ എന്ന നാടകവുമായ യുവാവായ ബേബി സ്റ്റേജിൽ വന്നിരുന്നുവെങ്കിലും ആദ്യ അവതര​ണത്തോടെ അതു​പേക്ഷിച്ചു. പിന്നീടാണ് ചൂറ ഏ​റിന്റെ താളവും മേളവും പാട്ടുമായി ‘നാടുഗദ്ദിക’ പിറക്കുന്നത്. ചൂഷകർക്കെതിരെ ചൂഷിതരുടെ, മർദിതർക്കെതിരെ മർദിതരുടെ ഉത്സവമായി ‘നാടുഗദ്ദിക’ 1980കളിൽ കേരളത്തിലെ തെരുവുകളിൽ വാഴ്ത്തപ്പെട്ടു.

കനവിലെ ബേബി

‘നാടുഗദ്ദിക’യും ഗോത്രസമൂഹത്തിലെ കുട്ടികൾക്കായി ആരംഭിച്ച ‘കനവ്’ ബദൽ വിദ്യാഭ്യാസ ഗ്രാമവും ഏറെ ചർച്ചചെയ്യപ്പെ​ട്ടെങ്കിലും ബേബിയുടെ ‘​മാവേലി മൻറം’ നോവൽ മാത്രമല്ല ‘ബെസ്പൂർക്കാന’ ‘ഗുഡ്ബൈ മലബാർ’ തുടങ്ങിയ കൃതികളും അധികം ചർച്ചചെയ്യാതെ പോയി. ‘മാവേലി മൻറം’ത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി പുരസ്കാരവും ലഭിച്ചെങ്കിലും ബേബിയുടെ മറ്റു കൃതികൾക്ക് അർഹമായ ശ്രദ്ധ ലഭിച്ചിട്ടില്ല. ‘കുഞ്ഞപ്പന്റെ കുരിശുമരണം’, ‘കീയുലോകത്തിൽനിന്ന്’, ‘ഉയിർപ്പ്’, ‘കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത്’ എന്നീ നാടകങ്ങളും വിസ്മൃതിയിലായിക്കൂടാ.

കുഞ്ഞിമായിൻ എന്ന ആദ്യ റെബൽ

ബ്രിട്ടീഷുകാർ രാജ്യദ്രോഹക്കുറ്റം ചുമത്തി കോയമ്പത്തൂർ ജയിലിലടച്ച് അവിടെവെച്ച് മരണപ്പെട്ട തലശ്ശേരിയിലെ കുഞ്ഞിമായിനെ ആവിഷ്കരിച്ചതുമാത്രം മതി ബേബിയെന്ന പ്രതിഭയുടെ മഹത്ത്വം അറിയാൻ. വെള്ളപ്പട്ടാളത്തിന്റെയും കൂലിപ്പടയാളികളുടെയും മുഖത്തുനോക്കി ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച കുഞ്ഞിമായിൻ രാജ്യദ്രോഹിയായി. വില്യം ​ലോഗന്റെ ഒരു പരാമർശത്തിൽനിന്നാണ് ബേബി കുഞ്ഞിമായിനെ വീ​ണ്ടെടുക്കുന്നത്. ബേബി ഏകനായി വരുന്ന കുഞ്ഞിമായിൻ 60ൽ അധികം വേദികളിൽ അവതരിപ്പിക്ക​പ്പെട്ടു. 1921ലെ സംഭവം അര മണിക്കൂറിൽനിന്ന് ഒന്നര മണിക്കൂറിലേക്ക് നാടകമായി വളർന്നു. മലബാർ കലാപത്തിന് പശ്ചാത്തലമായ കർഷക പ്രശ്നങ്ങളെയാണ് നാടകം വിളിച്ചുപറഞ്ഞത്. വയനാട് മുതൽ ഡൽഹി വരെയുള്ള കർഷക സമരങ്ങൾ...

ബേബിയും ലൂയിസും

ബേബിയും വയനാട്ടിൽനിന്ന് തുടങ്ങി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ കർഷക സമരത്തിനിടെ ആത്മാഹുതി ചെയ്ത ലൂയിസും തമ്മിൽ പാരസ്പര്യമുണ്ട്. ലൂയിസിന്റെ പൊളിറ്റിക്കൽ തിയറ്ററായിരുന്നു ആ ജീവത്യാഗം. തമിഴ്നാട് പൊലീസിന്റെയും വനപാലകരുടെയും ക്രൂരതകൾക്കുമുന്നിൽ സ്വയം തീകൊളുത്തി മരിച്ച ലൂയിസും നാടകക്കാരനായിരുന്നു. ലൂയിസിനെക്കുറിച്ച് ഒരു തിരക്കഥയും ബേബി രചിച്ചിട്ടുണ്ട്. ‘നാടുഗദ്ദിക’യുടെ ചരിത്രം ഇപ്പോൾ അച്ചടിയിലാണ്. 1981ൽ സർക്കാർ നിരോധിച്ച നാടകം പിന്നെയും വേദികളിലെത്തി. കേരളത്തിൽ ആദ്യമായി കലാവിഷ്‍കാരത്തിന്റെ പേരിൽ കലാകാരൻമാർ അറസ്റ്റ് ചെയ്യപ്പെട്ടത് ഈ നാടകത്തിന്റെ പേരിലാണ്. അടിയ-പണിയ വിഭാഗത്തിൽനിന്നുള്ളവരായിരുന്നു അവർ. ‘നാടുഗദ്ദിക’യുടെ ഇംഗ്ലീഷ് പരിഭാഷ വന്നതും കാലിക്കറ്റ് സർവകലാശാലയിൽ അത് പാഠ്യവിഷയമായതും ചരിത്രം.

നിറമുള്ള പാട്ടുകളും കഥകളുംകൊണ്ട് നിറഞ്ഞതായിരുന്നു ബേബിയുടെ മനസ്സ്. വയനാട്ടിലെ മാത്രമല്ല, ലോകത്തെങ്ങുമുള്ള ഗോത്രജീവിതത്തിന്റെ താളമായിരുന്നു ആ മനസ്സ് നിറയെ. ജീവിതസഖി ഷേർളിയും മക്കൾ ശാന്തിയും ഗീതിയുമെല്ലാം ബേബിയുടെ വഴിയിൽ സഞ്ചരിച്ചു. ‘കനവി’ലെ മക്കൾക്കൊപ്പമാണ് അവരും ജീവിച്ചത്. ധ്യാനത്തിലേക്കും ആശ്രമങ്ങളിലേക്കും ബേബി പിന്നീട് സഞ്ചരിച്ചു. ഓരോ യാത്രയും കഴിഞ്ഞാൽ ഓരോ എഴുത്തുമായി ബേബിയെത്തി. സാധുവിൽ സാധു, ശുദ്ധരിൽ ശുദ്ധനായി അയാൾ ജീവിതം അടയാളപ്പെടുത്തി. വിപ്ലവകാരിയെയും സന്യാസിയെയും അയാൾ നമിച്ചു. മേധ പട്കറും സ്വാമി അഗ്നിവേശും പോലെ സമരമുഖങ്ങളിൽനിന്ന് സമരമുഖങ്ങളിലേക്ക് സഞ്ചരിച്ച അനേകർക്കു മുന്നിൽ അയാൾ തല കുമ്പിട്ടു. തെളിഞ്ഞ ആകാശത്തിൽ വിപ്ലവനക്ഷത്രങ്ങളെ അയാൾ സ്വപ്നംകണ്ടു. ആ പ്രകാശത്തിൽ വഴിനടന്നു. സെപ്റ്റംബർ 2 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശിലേരിയിലെ ശാന്തികവാടത്തിൽ വെള്ളപുതച്ച ആ ദേഹത്തിൽ തീ ആളിപ്പടർന്നപ്പോൾ മകൾ ശാന്തി അപ്പക്ക് പ്രിയപ്പെട്ട ബാവുൾ ഗാനങ്ങൾ പാടി. 

Tags:    
News Summary - KJ Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT