അപനിർമാണം മുതൽ അപസർപ്പകം വരെ; അൻവർ അബ്ദുള്ള എന്ന എഴുത്തുകാരൻ

ഥകളിലൂടെയും നോവലുകളിലൂടെയും വ്യത്യസ്തമായ, തീർത്തും പുതുമയുള്ള അവതരണത്താലും വേറിട്ട വഴികളിലൂടെ സഞ്ചരിപ്പിച്ചും അത്ഭുതപ്പെടുത്തിയ, അക്ഷരങ്ങളിലൂടെ വിസ്മയ ലോകങ്ങൾ കാട്ടിത്തന്ന, എഴുത്തിന്‍റെ ആ ആലേഖനത്തിന്‍റെ, ആ രചനാനൈപുണ്യത്തിന് ഇരുപത്തഞ്ചിന്‍റെ നിറ യൗവനം... അക്ഷരങ്ങളിലൂടെയുള്ള അൻവർ അബ്ദുള്ള മാജിക്കിന് ഇത് രജതജൂബിലിയാണ്... ആദ്യത്തെ കഥയായ 'കുടുംബപ്രശ്നങ്ങൾ' 1995ൽ തന്‍റെ ഇരുപതാം വയസിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത് മുതൽ തുടങ്ങുന്നു ആ എഴുത്തെന്ന മായാജാലം. 2020ൽ പുനർ നിർമിച്ച് പ്രസിദ്ധീകരിച്ച 'പ്രൈം വിറ്റ്നസ്' എന്ന നോവലിനിടക്ക് സംഭവിച്ചതെല്ലാം ഒന്നിനൊന്ന് പുതുമയുള്ള സൃഷ്ടികളായിരുന്നു... ബഹുഭൂരിപക്ഷം എഴുത്തുകാരും കൈെവക്കുവാൻ, കടന്നുചെല്ലാൻ മടിക്കുന്ന മേഖലയാണ് അപസർപ്പകം, അവിടെയാണ് അൻവർ അബ്ദുള്ള വ്യത്യസ്തനാകുന്നത്. ഒരു മുഖ്യ കഥാപാത്രത്തെ നായകനാക്കി ബുദ്ധിശക്തിയുടെ കൂർമ്മത കൊണ്ടും, ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള അന്വേഷണ യാത്രകൾ കൊണ്ടും കുഴപ്പം പിടിച്ച കേസുകൾ അന്വേഷിച്ച് കണ്ടെത്തുന്ന ഒന്നല്ല രണ്ടല്ല നാല് നോവലുകളാണ് 'ഡിറ്റക്ടീവ് ശിവശങ്കരർ പെരുമാൾ' എന്ന അപസർപ്പക നായകനെ കേന്ദ്രീകരിച്ച് അദ്ദേഹം എഴുതിയത്... സിറ്റി ഓഫ് എം, മരണത്തിന്‍റെ തിരക്കഥ, കംപാർട്മെന്‍റ്, പ്രൈം വിറ്റ്നസ് എന്നീ നാല് നോവലുകൾ...


Photo from Facebook


 അതേ തൂലികയിൽ നിന്നു തന്നെയാണ് തീർത്തും നൂതനമായ രചനാരീതിയിൽ പിറന്ന, മനസ് നിറക്കുന്ന വൈകാരിക മുഹൂർത്തങ്ങൾക്കിടയിലും ആകാംഷ നിലനിർത്തുന്ന ആലേഖന മാന്ത്രികതക്കിടയിലും ആഴത്തിൽ ചിന്തിപ്പിക്കുന്നതും, വിസ്മയാവഹമായ വായനനാനുഭവം സമ്മാനിക്കുന്നതുമായ അദ്ദേഹത്തിന്‍റെ മറ്റ് നോവലുകളായ ഗതി, ഡ്രാക്കുള, റിപ്പബ്ലിക് തുടങ്ങിയവ.

ആദ്യ നോവൽ 'പ്രൈം വിറ്റ്നസ്' കുറ്റാന്വേഷണ നോവലുകളുടെ സ്ഥിരം ശൈലികളെ ആകെ മൊത്തം പൊളിച്ചടുക്കി മാറ്റിമറിച്ച മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച അപസർപ്പക നോവലാണ്... ഡിറ്റക്ടീവ് ശിവശങ്കർ പെരുമാൾ അങ്ങനെ മനസ്സിൽ കയറി കൂടി ഒരിക്കലും അപ്രത്യക്ഷനാകാത്ത ഒരു മാന്ത്രികനെ പോലെ...

തുടർന്നു വായിച്ച ഡ്രാക്കുള, ഗതി, റിപ്പബ്ലിക് എന്നീ നോവലുകൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ തീവ്രത കൊണ്ടും, എഴുത്തിലെ ചടുലത കൊണ്ടും, മനുഷ്യാവസ്ഥകളുടെ നേർചിത്രങ്ങളുടെ കാട്ടലുകൾ കൊണ്ടും വേറിട്ട് നിൽക്കുന്നവയായിരുന്നു. 'ഡ്രാക്കുള' എന്ന നോവലിന്‍റെ പേര് സൂചിപ്പിക്കുന്ന ഭയമെന്ന വികാരം മനുഷ്യൻ അധികാരമാകുന്ന ഡ്രാക്കുള പിടിത്തതിന്‍റെ കരവലയത്തിൽ പെട്ടുപോകുന്ന എന്നെന്നും പ്രസക്തമായ സാമൂഹികാവസ്ഥയുടെ വരച്ചുകാട്ടലാണ്.

ഗതി എന്ന നോവൽ മനുഷ്യാവസ്ഥകളുടെ ഗതിവിഗതികളുടെ നേർചിത്രമാണ്. നിസഹായനും സാഹചര്യങ്ങളുടെ നീരാളിപിടുത്തത്തിൽ പെട്ടുപോകുന്നവനുമായ നിസ്സാരനായ മനുഷ്യന്‍റെ പല പല അവസ്ഥാന്തരങ്ങൾ. 'ഗോവർദ്ധനന്‍റെ യാത്രകൾ' എന്ന ആനന്ദിന്‍റെ നോവലാണ് ഗതിയുടെ വായനാശേഷം മനസ്സിൽ ആദ്യം വന്നത്. അതിൽ നിന്നും തന്നെ മനസ്സിലാക്കാം ഈ ചെറു നോവലിന്‍റെ മികവ്. !


Photo courtesy: Facebook (Anvar Abdullah)


റിപ്പബ്ലിക് എന്ന നോവൽ വ്യത്യസ്തമായ പശ്ചാത്തലത്തിൽ ത്രില്ലർ മൂഡിൽ പോകുന്ന കഥയാണ്. മാനസിക വ്യാപാരങ്ങളുടെ ഏറ്റ കുറച്ചിലുകൾ, മനുഷ്യൻ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയാലും മാറുന്നില്ല, മാറില്ല എന്ന പ്രപഞ്ച സത്യം വിളിച്ച് പറയുന്നു. തികച്ചും പുതുമയുള്ള കഥ പറച്ചിൽ രീതിയും അക്ഷരകൂട്ടിചേർക്കലുകളും. മനുഷ്യന്‍റെ ഗതിവിഗതികളെ 'ഗതി' എന്ന നോവലിനേക്കാൾ മനോഹരമായി ചിത്രീകരിച്ച കൃതികൾ അത്യപൂർവ്വമായിരിക്കും.

'ഓപ്പറേഷൻ ബ്ലൂസ്റ്റാർ' ഫാസ്റ്റ് പേസ് ക്രൈം ത്രില്ലർ ആയിരുന്നു. കായിക ഇനത്തിലെ റിലേ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, അതിൽ നിന്നും അടുത്തതിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു എക്സ്ട്രീം വെറൈറ്റി ഐറ്റം ആയിരുന്നു അത്. 'സിറ്റി ഓഫ് എം', 'മരണത്തിന്‍റെ തിരക്കഥ' പെരുമാൾ സീരിസിലെ ആദ്യ രണ്ട് പുസ്തകങ്ങളാണ്... ആദ്യത്തേത്തിൽ പെരുമാളിന്‍റെ വരവും കേസന്വേഷണവും ആക്ഷനും കട്ടുമൊക്കയായി ക്ലൈമാക്സിൽ അവസാനിച്ചപ്പോൾ, രണ്ടാമത്തെ നോവലിൽ പെരുമാളിന്‍റെ ബുദ്ധിശക്തിയുടെ ഒരു റേഞ്ച് കാണിച്ച് തന്നു. ശൂന്യതയിൽ നിന്നും അത്ഭുതങ്ങൾ കാട്ടുന്ന മാന്ത്രികനെ പോലെ ശൂന്യതയിൽ നിന്നും ബുദ്ധി ശക്തി എന്ന മാജിക്കിനാൽ കുറ്റവാളിയെ കണ്ടെത്തുന്ന പെരുമാൾ...!


Photo courtesy: facebook


'കംപാർട്മെന്‍റ്' എന്ന നോവൽ മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കുറ്റാന്വേഷണ നോവലുകളിൽ ഒന്ന് എന്ന് പറയാം. അത്രയും മനോഹരം. 'കപ്പൽചേതത്തിന്‍റെ രാത്രി', 'കുത്സിതനീക്കങ്ങളിൽ ദൈവം' നോവലുകൾ അധികം വൈകാതെ പുനർ പ്രസിദ്ധീകരിച്ച് വായിക്കുവാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..!

ഈ നോവലുകൾക്ക് പുറമേ അദ്ദേഹത്തിന്‍റെ രണ്ട് പുസ്തകങ്ങൾ, 'ടൈറ്റാനിക്ക്, ഏകാന്തതയുടെ നൂറു വർഷങ്ങൾ' ടൈറ്റാനിക്ക് കപ്പലപകടത്തിന്‍റെ നൂറാം വാർഷികത്തിൽ എഴുതിയ കപ്പൽ രഹസ്യങ്ങളുടെയും ചരിത്രത്തിന്‍റെയും സമാഹാരമാണ്. 'റിവേഴ്സ് ക്ലാപ്പ്' അദ്ദേഹത്തിന്‍റെ ചലചിത്ര സംബന്ധിയായ വിവരണങ്ങളും നിരൂപണാതികളുമാണ്. പണ്ട് റിപ്പോർട്ടർ ടിവിയിലെ 'റിവേഴ്സ് ക്ലാപ്പ്' എന്ന പരിപാടി ഒരു എപ്പിസോഡെങ്കിലും കണ്ടവർക്ക് അത് അവതരിപ്പിച്ച മനുഷ്യനെ അവതരണത്തിലെ അപൂർവ്വഹാസ്യത്താലും വിഷയജ്ഞാനത്താലും മറക്കുവാനാകില്ല. ഇതിനെല്ലാം പുറമേ നാൽപതോളം ചെറുകഥകളും ആ തൂലികയിൽ നിന്നും പിറവി കൊണ്ടു.


Photo: facebook (anvar abdullah)


ഒരു പുസ്തകം പ്രസിദ്ധീകരിച്ചാൽ മൂഢസ്വർഗ്ഗത്തിലെ മഹാരാജാവായി മാറുന്നവരുടെ, അതിന് ശേഷം എവിടെയോ പോയി മറയുന്നവരുടെ ആധുനിക യുഗത്തിൽ, സ്വാർത്ഥതയുടെയും പിടിച്ചടക്കലുകളുടെയും കുതികാൽ വെട്ടുകളുടെയും ലോകത്തിൽ, പ്രത്യേകിച്ച് സാഹിത്യ മേഖലയിൽ 10 വർഷം തികയ്ക്കുക എന്നത് തന്നെ കൊടും മത്സരങ്ങളുടെ ഇടയിൽ വലിയ വെല്ലുവിളി ആണ്. അപ്പോൾ 25 വർഷം എഴുത്ത് ജീവിതത്തിൽ തികയ്ക്കുക എന്നത് മേന്മയേറിയ നേട്ടം തന്നെ.

എഴുത്ത് ജീവിതത്തിലെ 25 വർഷങ്ങളുടെ കഥ അദ്ദേഹത്തിന്‍റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ പുറത്തിറങ്ങിയ കഥകളുടെ സമ്പൂർണ സമാഹാരത്തിലെ ആമുഖ കുറിപ്പിൽ വിശദമായി പറയുന്നുണ്ട്. ഏതൊരു വാ‍യനക്കാരനും വായിച്ചിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ കാര്യങ്ങളുടെ, ഇന്നിന്‍റെ നേർചിത്രങ്ങളുടെ തുറന്ന് പറച്ചിലാണ് ആ ഹൃദയകുറിപ്പ്. 1995ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആദ്യ കഥ -കുടുംബ പ്രശ്നങ്ങൾ. 2005ൽ അതേ ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച 'കുടുംബകഥ'. ഈ പത്ത് വർഷങ്ങൾക്ക് ഇടയിൽ പിറന്നത് പത്ത് നോവലുകളും പ്രകാശിതവും അപ്രകാശിതവുമായ അമ്പതോളം കഥകളും. 'കുടുംബ പ്രശ്നങ്ങൾ, അലിഗഡിൽ ഒരു പശു, ഡിസംബർ, ഭൂതഭാഷണം, സാഹസികയായ അന്ന, തീവണ്ടിയപകടം' തുടങ്ങിയ കഥകൾ അൻവർ അബ്ദുള്ളയുടെ കഥകളിലെ രചനാമാന്ത്രികതയുടെ ഉദാഹരങ്ങളാണ്.


Photo courtesy: facebook


 നോവലുകളിൽ കാണുന്ന ആ പുതുമയും തെളിമയും വൈവിധ്യവും അദ്ദേഹത്തിന്‍റെ കഥകളിലും ദർശിക്കുവാനാകും. സ്വതസിദ്ധമായ ശൈലിയിൽ കഥ പറയുന്നതിനോടൊപ്പം, കഥ ആവശ്യപ്പെടുന്ന വൈകാരികത നിലനിർത്തി കൊണ്ട് തന്നെ വായനക്കാരനെ ചിന്തിപ്പിക്കുക കൂടി ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. അൻവർ അബ്ദുള്ള എന്ന എഴുത്തുകാരന്‍റെ ഏറ്റവും വലിയ വിജയവും അത് തന്നെയാണ്.

പെരുമാൾ സീരിസിലെ പോലെ, പ്രത്യേകിച്ച് പ്രൈം വിറ്റ്നസ്, കംപാർട്മെന്‍റ് പോലത്തെ മികച്ചതും വ്യത്യസ്തവുമായ അപസർപ്പക കുറ്റാന്വേഷണ നോവലുകളും, 'ഗതി, ഡ്രാക്കുള' പോലുള്ള ക്ലാസിക്കുകൾ സൃഷ്ടിച്ചതും ഒരാളെന്ന് വിശ്വസിക്കുക പ്രയാസമാണ്. പലവിധമായ സാഹിത്യമേഖലയിൽ പെട്ട കൃതികളെ ഒരേ പോലെ മനോഹരമായി സൃഷ്ടിക്കുവാൻ സാധിക്കുന്നവർ അപൂർവമാണ്.


Photo courtesy: facebook (Anil Vega)


എന്തും ഏതും ഇച്ഛാനുസരണം ആവശ്യം പോലെ മനസ്സ് നിറഞ്ഞ് ലഭിക്കുന്ന, കല്ലുപ്പ് മുതൽ ലാപ്ടോപ് വരെ കിട്ടുന്ന ബഹുനിലമാളികയായ ഒരു വമ്പൻ സൂപ്പർ മാർക്കറ്റാണ് സാഹിത്യ മേഖലയിൽ അൻവർ അബ്ദുള്ള എന്ന എഴുത്തുകാരൻ. ഇവിടെ നിന്നും എന്തും ലഭിക്കും. ഡിറ്റക്ടീവ് നോവലുകൾ വേണോ? ലോകോത്തര നിലവാരത്തിലുള്ള സാധനങ്ങൾ റെഡിയാണ്. മനുഷ്യാവസ്ഥകളുടെ നേർചിത്രങ്ങൾ കാട്ടുന്ന ക്ലാസിക്കുകൾ വേണോ? ക്രൈം ത്രില്ലർ വേണോ? അതും ഇവിടുന്ന് ലഭ്യം. ചരിത്രവും സിനിമയും ഉണ്ടിവിടെ. ചെറുകഥകളുടെ ഒരു മികച്ച ശേഖരം തന്നെയുണ്ട്. ചുരുങ്ങിയ കാലത്തിനിടക്ക് സൃഷ്ടിച്ചത് അനേകമനേകം കഥകളാണ്. ചുരുക്കി പറഞ്ഞാൽ ഈ സൂപ്പർ മാർക്കറ്റിൽ കയറുന്ന ഒരാളും നിരാശനായി മടങ്ങുകയില്ല എന്ന് സാരം. മനസ്സ് നിറക്കുന്ന വായനാനുഭവം സമ്മാനിക്കുമെന്ന കാര്യം ഉറപ്പ്. എഴുത്തിന്‍റെ വഴിയിൽ 25 വർഷങ്ങൾ പിന്നിടുമ്പോൾ അൻവർ അബ്ദുള്ളയുടെ തൂലികയിൽ നിന്നും ഇനിയേറെ അക്ഷരാത്ഭുതങ്ങൾ ജനിക്കട്ടേയെന്ന് ആഗ്രഹിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.