'സഹദേവന്‍റെ കണ്ണുകളടഞ്ഞു. ഇരുട്ടുവീണു. വീണ്ടും കണ്ണുതുറന്നു നോക്കുമ്പോൾ ദാസപ്പൻെറയും ജമാലുദ്ദീന്‍റെയും കൂടെ ഒരു യാചകപ്പട നീങ്ങുന്നത് കണ്ടു... രാജ്പഥിന്‍റെ വശങ്ങളിൽ നിരയായി പാർക്ക് ചെയ്ത എണ്ണമറ്റ ആഡംബര കാറുകൾക്കിടയിലൂടെ ആ പട ലോക്സഭ മന്ദിരത്തിനുനേരെ നീങ്ങി. 'പോകരുത്', സഹദേവൻ അഭ്യർഥിച്ചു. അവർ വെടിവെക്കും. ഇപ്പോൾ യാചകപ്പടയിൽ ആയിരങ്ങളുണ്ട്. ദാസപ്പന്‍റെയും ജമാലുദ്ദീന്‍റെയും കൂടെ അവർ ലോക്സഭ മന്ദിരത്തിലേക്ക് കുതിച്ചുചെന്നു. 'പോകരുത്, അവർ വെടിവെക്കും', സഹദേവൻ വിലപിച്ചു. ആയുധധാരികൾ കാവൽ നിൽക്കുന്ന ലോക്സഭ മന്ദിരത്തിന്‍റെ ഗേറ്റിലേക്ക് ദാസപ്പനും ജമാലുദ്ദീനും പിറകെ യാചകപ്പടയും കുതിച്ചുചെന്നു. അവർ അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസുകാർ അവരെ തടഞ്ഞു. ഞങ്ങൾക്ക് വിശക്കുന്നു, യാചകർ പറഞ്ഞു, ഞങ്ങൾക്ക് കിടക്കാൻ ഇടമില്ല. മാരോ ഗോലി-
ഠേ! ഠേ!
തോക്കുകൾ തുരുതുരെ ഗർജിച്ചു. ദാസപ്പന്റെ തലയുടെ ഉള്ളിലൂടെ ഒരു വെടിയുണ്ട കടന്നുപോയി. ജമാലുദ്ദീന് വയറ്റിനു താഴെയാണ് വെടിയേറ്റത്. അവന്‍റെ ഇച്ചിമ്മണി തെറിച്ച് ദൂരെ പോയിവീണു. സിനിമാ ടാക്കീസിൽ വീണ്ടും വെളിച്ചം കെട്ടു. മുൻവരിയിലെ കാണികൾ വായിൽ വിരലുകൾ കടത്തി വിസിൽ അടിച്ചു. എങ്ങും കൂരിരുട്ട്...'
(ഡൽഹി ഗാഥകൾ -എം. മുകുന്ദൻ)
ഇതൊരു സ്വപ്നമാണ്. സുപ്രീംകോടതിപോലും ആരും വിശന്നു മരിക്കരുതെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്ന വേളയാണിത്. അതിനാൽ, ലോക്സഭ മന്ദിരത്തിലേക്കുള്ള പ്രതിഷേധ ജാഥ ആരും ആഗ്രഹിക്കും. സമകാലിക ഇന്ത്യൻ വ്യവസ്ഥയിൽ ഇത്തരമൊരു സാഹചര്യം കൊതിക്കുന്ന ജനാധിപത്യവാദികളും ഏറെയാണ്. ആ ചിന്തയിലാണ്, മലയാളത്തിന്‍റെ സ്വന്തം എഴുത്തുകാരൻ എം. മുകുന്ദന്‍റെ ജെ.സി.ബി പുരസ്കാരം നേടിയ 'ഡൽഹി ഗാഥകൾ' അവസാനിക്കുന്നത്.
എന്തുകൊണ്ട് ഈ പുരസ്കാരം തേടിയെത്തിയെന്ന ചോദ്യത്തിന് ഈ നോവൽ ഒരാവർത്തി വായിച്ചാൽ മാത്രം മതി എന്നാണ് ഉത്തരം. അത്രമേൽ നമ്മുടെ രാജ്യം എത്തിനിൽക്കുന്ന ഭയാനകമായ സാഹചര്യത്തെ എഴുതിവെക്കുന്നുണ്ടിവിടെ. വായനക്കാരനെ ഒപ്പം നിർത്തുന്ന ഭാഷയിൽ തീർത്ത, മികച്ച രാഷ്ട്രീയ നോവലാണിത്. 1959 ജൂൺ 13ന് ശനിയാഴ്ച ആദ്യമായി ഡൽഹിയിലെത്തുന്ന സഹദേവനിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അന്നയാൾക്ക് 20 വയസ്സാണ്. തന്നോടുതന്നെ ഏറെ സംസാരിക്കുന്ന സഹദേവൻ നോവലിസ്റ്റ് തന്നെയാണെന്ന് ഒടുവിൽ ബോധ്യപ്പെടും.
തിരസ്കൃതർക്ക് സമർപ്പിക്കുന്നു
ദേശീയ തലത്തിലുള്ള അംഗീകാരമെന്ന നിലയിൽ ഏറെ സന്തോഷമുണ്ടെന്ന് എം. മുകുന്ദൻ. 150 പുസ്തകങ്ങളിൽനിന്നാണിത് തെരഞ്ഞെടുക്കപ്പെട്ടത്. ജൂറി അംഗങ്ങൾ ഏറെ പ്രഗല്ഭരാണ്. അവർ, അംഗീകരിച്ചു. ഏറെ ശ്രദ്ധിച്ചും പഠിച്ചുമാണ് തിരഞ്ഞെടുക്കുന്നത്. ജെ.സി.ബി പുരസ്കാരം രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമാണ്. ഏഷ്യയിലെ തന്നെ വിലപ്പെട്ട അംഗീകാരം. ഇംഗ്ലീഷ് സാഹിത്യകാരന്മാരാണ് പ്രധാനമായും ഇടം പിടിക്കാറുള്ളത്.
വ്യക്തിപരമായ സന്തോഷം ഇത് കൂടുതൽ പേർ വായിക്കുമെന്നതാണ്. ഡൽഹി ഗാഥകളിൽ നമ്മുടെ രാജ്യത്തിന്‍റെ മാറ്റമാണുള്ളത്. ജീർണത വരുന്നവഴി, ഹിംസാത്മമാകുന്ന നമ്മുടെ നാട്, അധികാരത്തിന്‍റെ ദുർവിനിയോഗം തുടങ്ങി എല്ലാം അതിൽ കാണാം. മാറി മാറി വന്ന അധികാരികളാണ് രാജ്യത്തിന്‍റെ ദുരവസ്ഥക്കുകാരണം. ഡൽഹിയിൽ കാണുന്നതെല്ലാം കെട്ടുകാഴ്ചകളാണ്. വലിയ വലിയ സൗധങ്ങൾ, പലപ്പോഴും ന്യൂയോർക്കിനെ വെല്ലുന്ന കാഴ്ചയാണുള്ളത്. അതിനടിയിൽ അങ്ങേയറ്റം ദരിദ്രരാണുള്ളത്, തീർത്തും പട്ടിണിപ്പാവങ്ങൾ. ഈ നോവലിലുള്ളതെല്ലാം ഞാൻ കണ്ടതും അനുഭവിച്ചതുമാണ്. ഡൽഹിയിൽ പുസ്തകം വലിയ തോതിൽ ചർച്ചചെയ്യപ്പെടുകയാണിപ്പോൾ. കാരണം, അവരുടെ കഥയാണിത്.
ന്യൂനപക്ഷത്തോടുള്ള ക്രൂരത ഭീകരമാണ്. നമ്മുടെ കേരളം പോലെയല്ല. അവിടെയാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. മൂല്യങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അതിനിടയിൽ പീഡിപ്പിക്കപ്പെടുന്നവരെ കുറിച്ച് ചിന്തിക്കാൻ ആരും സമയം കണ്ടെത്തുന്നില്ല. പ്രതികരണശേഷി നഷ്ടപ്പെട്ടവരാണവർ. ക്രൂരതകൾ കണ്ടില്ലെന്നു നടിക്കുകയാണ്. സ്വന്തം ജീവിതം ആഘോഷിക്കുന്ന ജനതയായി മാറി. പുതിയ സാഹചര്യം ഏറെ സങ്കടകരമാണ്.
2010ലാണ് നോവൽ എഴുതുന്നത്. മാറിയ ഡൽഹിയുടെ മുഖം അപ്പോഴേക്കും വ്യക്തമായിത്തുടങ്ങിയിരുന്നു. നിർഭയ സംഭവം ഉൾപ്പെടെ ഓർമവേണം. ഡൽഹിയിൽ താമസിച്ചുകൊണ്ടുതന്നെയാണ് നോവൽ എഴുതിയത്. അതുകൊണ്ട്, എല്ലാ കാര്യങ്ങളിലും വ്യക്തതവരുത്താനായി. ജെ.സി.ബി പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഞാൻ പറഞ്ഞത്, ഈ നോവൽ ഡൽഹിയിലെ ദരിദ്രർക്ക്, തിരസ്കൃതർക്ക് സമർപ്പിക്കുന്നുവെന്നാണ്. അതാണ്, ഇപ്പോഴും പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.