അഴീക്കോടും ബഷീറും

മലയാളത്തിന്റെ ഹൃദയവും മസ്​തിഷ്കവും തമ്മിലുള്ള പവിത്ര സംഗമമായിരുന്നു വൈക്കം മുഹമ്മദ് ബഷീറും സുകുമാർ അഴീക്കോടും തമ്മിലുള്ള ബന്ധം. എഴുത്തുകാരനും നിരൂപകനും തമ്മിലുള്ള സാഹിത്യ ബന്ധമായിരുന്നില്ല അത്. ബഷീർ ബേപ്പൂർ സുൽത്താനായി മാറുന്നതിനു മുമ്പേ ആരംഭിച്ചതായിരുന്നു ആ ബന്ധം. അഴീക്കോട്, കോഴിക്കോട് സർവകലാശാലയിൽ െപ്രാ വൈസ്​ ചാൻസലറായി എത്തിയതോടെ ആ ബന്ധം സുദൃഢമായിത്തീർന്നു. ഗൗരവക്കാരനും ക്ഷിപ്രകോപിയുമായിരുന്ന അഴീക്കോട്, ബഷീറിനു മുന്നിലെത്തുമ്പോൾ അവയെല്ലാം മറന്നുപോവുകയും ബഷീറിയൻ തമാശകളിൽ ലയിച്ച് കുലുങ്ങി കുലുങ്ങി ചിരിക്കുകയും ചെയ്തു.

സൗഹൃദത്തിന്റെ ആഴം കൂടിയതുകൊണ്ടോ മറ്റോ അഴീക്കോട്, ബഷീറിനെക്കുറിച്ചോ ബഷീറിന്റെ രചനകളെപ്പറ്റിയോ ഏറെയൊന്നും എഴുതിയതായി കണ്ടിട്ടില്ല. ബഷീർ മരിച്ച് രണ്ടുവർഷം കഴിഞ്ഞപ്പോൾ പോൾ മണലിൽ എഡിറ്റു ചെയ്ത ‘ബാല്യകാലസഖി’യെക്കുറിച്ചുള്ള സമാഹാരത്തിന് ആമുഖ ലേഖനമായി ചേർത്ത അഴീക്കോട് എഴുതിയ ‘ബഷീറിന് ഒരു ആമുഖം’ എന്ന പതിനാലുപുറം വരുന്ന പ്രൗഢപ്രബന്ധം ആരംഭിക്കുന്നത് ഇങ്ങനെയാണ്: ‘‘ഞാൻ ഇന്നോളം വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി ഒന്നും എഴുതിയിട്ടില്ല. ഇപ്പോൾ എനിക്ക് എഴുപത് കഴിഞ്ഞു. ഇരുപതാമത്തെ വയസ്സുതൊട്ട് അദ്ദേഹത്തിന്റെ കഥകൾ ഞാൻ വായിച്ചുവരുന്നുണ്ട്. തമ്മിൽ കണ്ടു പരിചയപ്പെട്ടിട്ട് മുപ്പതു വർഷം കഴിഞ്ഞിരിക്കണം. പിന്നീട് പിന്നീട് അദ്ദേഹത്തോട് വളരെ വളരെ അടുക്കുകയുണ്ടായി. എന്നിട്ടും ബഷീറിനെപ്പറ്റി ഞാൻ ഒരക്ഷരം എഴുതിയില്ല. കരുതിക്കൂട്ടി എഴുതാതിരുന്നു എന്നല്ല പറഞ്ഞുവരുന്നത്. എന്തുകൊണ്ടോ, അങ്ങനെയാണ് സംഭവിച്ചത്. ഞങ്ങൾ തമ്മിൽ മണിക്കൂറുകളോളം അടുത്തിരുന്ന് ലക്കില്ലാതെ അതുമിതും പറഞ്ഞിരിക്കുന്നതിനിടയിൽ, ഒരിക്കലെങ്കിലും അദ്ദേഹം എന്നോട് അതിനെപ്പറ്റി പറഞ്ഞിരുന്നില്ല. ഇത്ര വലിയ സാഹിത്യകാരന്റെ ഇഷ്​ടനാകാൻവേണ്ടി എന്നെങ്കിലും ബഷീർ വിമർശനം എഴുതുന്നതിനെക്കുറിച്ച് ഞാൻ അങ്ങോട്ട് സംസാരിച്ചു എന്നതും ഉണ്ടായില്ല. ഞങ്ങൾക്ക് സാഹിത്യത്തിനപ്പുറത്ത് ഗൗരവമേറിയ അനേകം വിഷയങ്ങൾ സംസാരിക്കാനുണ്ടായിരുന്നു; തമാശ പറയാനും.’’

എന്നാൽ, പ്രഭാഷണങ്ങളിൽ -അഴീക്കോട് ബഷീറിനെയും ബഷീർ സാഹിത്യത്തെയും നിരന്തരം പരാമർശിച്ചു. ബഷീർ കഥാപാത്രങ്ങളെ പലതവണ ഉദ്ധരിച്ചു. ബഷീറിയൻ പ്രയോഗങ്ങളെ പ്രഭാഷണങ്ങളിലൂടെ സാമാന്യ ജനതയുടെ ഇടയിൽപോലുമെത്തിച്ചു. ബഷീർ അഴീക്കോടിന്റെ പ്രസംഗരീതി ഇഷ്​ടപ്പെട്ട ആളായിരുന്നു. അഴീക്കോടിന്റെ പ്രഭാഷണത്തെ ‘സാഗരഗർജനം’ എന്ന് വിശേഷിപ്പിച്ചത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറാണല്ലോ. ഗൗരവക്കാരനായ അഴീക്കോടിനെ ‘കളി’യാക്കാനും അദ്ദേഹത്തെപ്പറ്റി നിർദോഷമായ ഫലിതങ്ങൾ പറയാനും ബഷീർ മടികാണിച്ചിരുന്നില്ല. അവ ആസ്വദിക്കാൻ അഴീക്കോടിലെ ഗൗരവക്കാരന് അങ്ങേയറ്റം കഴിഞ്ഞിരുന്നു.

പെൻഷൻ പറ്റിയ കാലത്ത്, ഒരു വാശിക്കെന്നോണം, അഴീക്കോട് ൈഡ്രവിങ് പഠിക്കാൻ തുടങ്ങി എന്ന വാർത്ത വന്നപ്പോൾ സുൽത്താന്റെ കമന്റ് ഇങ്ങനെ: ‘‘കോഴിക്കോട് ഇനി അരക്ഷിതാവസ്​ഥയായിരിക്കും. ജീവനിൽ കൊതിയുള്ളവർ സ്വയം സൂക്ഷിക്കുക.’’

അഴീക്കോടിന്റെ കൈയക്ഷരം ഒട്ടും വായനക്ഷമമല്ല. ഒപ്പുപോലെ മലയാളാക്ഷരങ്ങൾ കൂട്ടിയെഴുതുകയായിരുന്നു അഴീക്കോടിന്റെ രീതി. അതിനെപ്പറ്റി ബഷീർ നിരവധി തവണ എഴുതിയിട്ടുണ്ട്. ഒരു കത്തിന്റെ അവസാനം ചേർത്ത പ്രത്യേക അറിയിപ്പ് ഇങ്ങനെയായിരുന്നു: ‘‘താങ്കൾ അയച്ച വാറോല വായിക്കാൻ കഴിഞ്ഞില്ല. എന്റെ ഭാര്യ, മക്കൾ, ഭാര്യയുടെ അനിയത്തിമാർ, അയൽക്കാരായ സൗമിനി, ദാക്ഷായണി, ഖദീജ, പാറുക്കുട്ടി, മാളു, ചിന്നൂട്ടി എന്നിവർ ശ്രമിച്ചിട്ടും വായിക്കാൻ കഴിഞ്ഞില്ല. പെണ്ണുങ്ങൾ എല്ലാം സുന്ദരികൾ. അതിൽ ഏറ്റവും സുന്ദരി സഖാവ് ചിന്നൂട്ടി. 19 വയസ്സ്. റഷ്യൻ കമ്യൂണിസ്റ്റാണ്. സഖാവ് ചിന്നൂട്ടിയുടെ അഭിപ്രായം താങ്കൾ അമേരിക്കൻ ചാരനാണെന്നാണ്. ആയതിനാൽ താങ്കളുടെ വാറോല റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. താങ്കൾ വേദവിധി പ്രകാരം സഖാവ് ചിന്നൂട്ടിയെ പാണിഗ്രഹണം ചെയ്യാൻ തയാറാണെങ്കിൽ താങ്കൾക്ക് റഷ്യ അഭയം തരും! ചിന്തിക്കാൻ സൗകര്യമുണ്ടെങ്കിൽ ചിന്തിക്കുക. സഖാവ് ചിന്നൂട്ടി ഏതിനും തയ്യാർ!’’

കൈയക്ഷരത്തെ കളിയാക്കിക്കൊണ്ടുള്ള മറ്റൊരു കത്ത് ഇങ്ങനെ:

‘‘ബഹുമാനപ്പെട്ട തത്ത്വമസി,

താങ്കൾ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാൻ ഞങ്ങൾക്കും അയൽക്കാർക്കും കഴിഞ്ഞില്ല. ആയതിനാൽ പതിവുപോലെ മരുന്നുകടയിൽ കൊടുത്തു. അവരത് വായിച്ചുനോക്കി 12 ഗുളികകൾ തന്നു. രണ്ടെണ്ണം വലുത് വായിലിടാൻ ഭാവിച്ചപ്പോൾ അശരീരിയുണ്ടായി. ‘ആ ഗുളികകൾ രണ്ടും വയർ ഇളക്കാനുള്ളതാണ്.’ പത്തെണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്​ടി വിയ്യൂർക്ക് തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും വായിച്ചെടുത്തു. 29ന് എന്റെ വീട്ടിൽ ഉണ്ണാൻ വരൂ. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേദിവസം എം.ടിയെയും എൻ.പിയെയും താങ്കൾ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും കഴിവുള്ളവർ ആ ഭാഗത്തുണ്ടെങ്കിൽ എം.ടിക്കും എൻ.പിക്കും കാർഡ് ഇടണം. താങ്കളെ മലയാളം പഠിപ്പിക്കാൻ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേക്കയക്കും. പരമ സുന്ദരി. താങ്കൾ അവളെ കെട്ടുകയാണെങ്കിൽ മാസംതോറും എനിക്ക് രൂപ 250 വീതം അയക്കണം. താങ്കൾക്ക് അവളിൽ ഉണ്ടാകുന്ന ആൺകുട്ടികളെ എനിക്ക് തരണം. ഒരു ചാവേർപ്പട ഉണ്ടാക്കാനാണ്. ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ച് ജ്ഞാനിയാവുക...’

മലയാളിയുടെ മനസ്സും മനീഷയുമായിരുന്ന ഈ രണ്ട് മഹാരഥൻമാർ തമ്മിലുള്ള ആത്മസൗഹൃദം വിളിച്ചോതുന്ന നിരവധി കത്തുകൾ ബഷീർ സാഹിത്യത്തിലുണ്ട്. ‘വൈലാലിൽ’ അഴീക്കോടിനെയും മറ്റും ഭക്ഷണത്തിന് ക്ഷണിച്ചുകൊണ്ട് എഴുതിയ ഒരു കത്തിന്റെ പൂർണരൂപം ഇങ്ങനെ:

From

ഡോക്ടർ ആന്റ് ​െപ്രാഫസർ

വൈക്കം മുഹമ്മദ് ബഷീർ

ഡബിൾ ഫെല്ലോ, ഫോർ താമ്രപത്രധാരി,

മെഡലിസ്റ്റ്, റേഡിയോ സ്റ്റാർ, ടി.വി സ്റ്റാർ,

ഫിലിംസ്റ്റാർ ആന്റ് പത്മശ്രീ.

​To.

ഡോക്ടർ ആന്റ് ​െപ്രാഫസർ

സുകുമാർ അഴീക്കോട്

ഹെഡ് ഹണ്ടർ

കാനിബോൾ ചീഫ്ട്ടനും

കാതിബോൾ മതമഹാചാലക്കും

ജയിൽ, വിയ്യൂർ.

മാന്യരെ,

താങ്കൾ തല എടുക്കാൻ പോകുന്ന മാന്യൻ എനിക്ക് Rs. 10,000 only തരാനുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ തലക്കുടുക്ക എനിക്ക് തരണം. ആഷ്േട്ര ആയി ഉപയോഗിക്കാനാണ്.

മഹാനായ താങ്കളെപ്പോലെ എനിക്കും ഹെഡ് ഹണ്ടർ കാനിബോൾ മതമഹാചാലക്ക് ആയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, നടക്കാനും ഓടാനും മേല. എങ്കിലും മരച്ചുവട്ടിലെ സിദ്ധനെ കണ്ടുവണങ്ങാൻ വരുന്ന സ്​ത്രീ-പുരുഷൻമാരെ തല്ലിക്കൊന്നു ചുട്ടോ പുഴുങ്ങിയോ ഭുജിച്ചുകൊള്ളാം. താങ്കൾക്കുള്ള വലിയ പങ്ക് പ്രത്യേകം ഫ്രിഡ്ജിൽ സൂക്ഷിക്കാം.

നമ്മുടെ അഖണ്ഡഭോജനാലയം 8നോ 10നോ ആക്കാം. 8ന് ഞങ്ങൾ രണ്ടു മൂന്ന് കാനിബോൾ കുടുംബങ്ങൾ കാറിൽ ഹെഡ് ഹണ്ടിങ്ങിന് പോകുന്നുണ്ട്. 9ന് എപ്പോൾ തിരികെ വരുമെന്ന് അറിഞ്ഞുകൂടാ. മഹാകാനിബോളായ അങ്ങുന്നിന്റെ സൗകര്യം അനുസരിച്ചുള്ള തിയതി ഉടനെ അറിയിക്കണം. 8-10 ഇതിൽ ഏതാണ് സൗകര്യം? തത്ത്വമസി,

വേറെ വിശേഷങ്ങൾ ഒന്നുമില്ല. താങ്കൾക്കും ഭാര്യമാർക്കും പിള്ളേർക്കും സുഖമെന്ന് വിശ്വസിക്കുന്നു. പെണ്ണും പിടക്കോഴിയുമില്ലെങ്കിൽ ഒറ്റാന്തടി മുച്ചാൺ വയറായി കഴിയുന്നതാണ് ഹെഡ് ഹണ്ടർ ജോലിക്ക് ഉത്തമം. താങ്കൾ വരുമ്പോൾ ഒരു പെണ്ണിനെ പൊരിച്ചുവെച്ചേക്കാം.

ലോകത്തിൽ ശാന്തിയും സമാധാനവും പുലരണമല്ലോ. താങ്കൾക്ക് വലിയ വിശപ്പ് നേർന്നുകൊണ്ട്,

ബേപ്പൂർ, 1981,

വൈക്കം മുഹമ്മദ് ബഷീർ

N.B: സർക്കസിലെ െപ്രാഫസറൻമാരെ കേട്ടിട്ടില്ലെ? എനിക്ക് ഞാണിൻമേൽ കളി അറിയാം. തൻമൂലം െപ്രാഫസർ... ശുഭം.’

ബഷീർ ഫലിതങ്ങളിലെ നായകനാവാൻ അഴീക്കോടിന് പലതവണ അവസരമുണ്ടായിട്ടുണ്ട്. ഒരു തമാശ ഇങ്ങനെ: ‘ഏറെ വൈകിയാണ് നടൻ വി.കെ. ശ്രീരാമൻ ബഷീറിനെ പരിചയപ്പെട്ടത്. ഒരു ദിവസം ഒരു ചങ്ങാതിയുടെ കൂടെ ശ്രീരാമൻ ബേപ്പൂരിലെത്തി. ബഷീർ മരച്ചുവട്ടിൽ ഇരിക്കുകയാണ്. ശ്രീരാമൻ ബഷീറിന്റെ മുന്നിലിട്ട കസേരയിലിരിക്കാതെ കുറച്ച് ദൂരെ ഒരു ചെറിയ തെങ്ങും ചാരി അങ്ങനെ നിന്നു.

‘‘അയാളാരാ?’’

‘‘ശ്രീരാമൻ’’

‘‘എന്നാലേയ് ആ തെങ്ങിന്റെ ചോട്ടിൽനിന്ന് അയാളോട് മാറിനിൽക്കാൻ പറ. അതിലൊരു ഉണങ്ങിയ തേങ്ങയുണ്ട്. ശനിയാഴ്ച സുകുമാർ അഴീക്കോട് വരും. അതിന് കണക്കാക്കി വെച്ചതാണ്.’’

െപ്രാ വൈസ്​ ചാൻസലർ പദവിയൊന്നും ഈ തമാശകൾക്ക് തടസ്സമായിരുന്നില്ല. അഴീക്കോട് കോഴിക്കോട് സർവകലാശാലയിൽ എത്തിയതോടെ ബേപ്പൂരിലെ സ്​ഥിരം സന്ദർശകനായി മാറി. ബഷീറിന് ചെയ്യാൻ മടിയുള്ള കാര്യങ്ങളെല്ലാം അഴീക്കോട് ഏറ്റെടുത്ത് ചെയ്തുകൊടുക്കുമായിരുന്ന​െത്ര. ബഷീറിന്റെ മകൻ അനീസിനെ സ്​കൂളിൽ ചേർക്കാൻ കൊണ്ടുപോയത് സുകുമാർ അഴീക്കോടായിരുന്നു.                                            

Tags:    
News Summary - Azhikode and Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT