കൊച്ചി: സി.പി.എം ആഭിമുഖ്യമുള്ള പുരോഗമന കലാസാഹിത്യസംഘത്തിന്‍റെ (പു.ക.സ) ചടങ്ങിൽ നിന്ന് നടൻ ഹരീഷ് പേരടിയെ വിലക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി നടൻ ജോയ് മാത്യു. സത്യം വിളിച്ചു പറയുന്നവരെയും സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെയും ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാെണന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
'അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു.ക.സ എന്ന പാർട്ടി സംഘടന ഹരീഷിനെ ഒഴിവാക്കിയത്. പു.ക.സ എന്നാൽ "പുകഴ്ത്തലുകാരുടെയും കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം' എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക. സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ്, ആനന്ദകരവുമാണ്' -ജോയ് മാത്യു അഭിപ്രായപ്പെട്ടു.
പ്രമുഖ നാടകപ്രവർത്തകൻ എ. ശാന്തകുമാറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് 'ശാന്തനോർമ'എന്ന പേരിൽ കോഴിക്കോട് ടൗൺഹാളിൽ നാല് ദിവസത്തെ പരിപാടികളിൽ വ്യാഴാഴ്ച അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ഹരീഷ് പേരടിയായിരുന്നു. എന്നാൽ, ഇദേദഹം സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ഫേസ്ബുക്കിൽ എഴുതിയതിന്റെ പേരിൽ വിലക്കുകയായിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയാകേണ്ടിയിരുന്ന നടൻ സുധീഷിനെ ഉദ്ഘാടകനാക്കിയാണ് ഹരീഷിനെ ഒഴിവാക്കിയത്. ഹരീഷ് പങ്കെടുക്കേണ്ടതില്ലെന്ന് പു.ക.സ നേതാക്കൾ അറിയിക്കുകയായിരുന്നു.
കോയമ്പത്തൂരിലെ സിനിമ സൈറ്റിൽ നിന്ന് അവധി ചോദിച്ച് എറണാകുളത്തെ വീട്ടിലെത്തിയ ശേഷം ഭാര്യ ബിന്ദുവിനെയും കൂട്ടി കോഴിക്കോട്ടേക്ക് തിരിക്കുന്നതിനിടെയാണ് സംഘാടകർ വിളിച്ചതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളായിരുന്നു അവർ പറഞ്ഞതെന്ന് ഹരീഷ് എഴുതുന്നു. ശാന്തനെയോർക്കാൻ തനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലയെന്നും ഹരീഷ് പറഞ്ഞു.
പിണറായി വിജയനെതിരായ പ്രതിഷേധവും കറുത്ത മാസ്ക് നിരോധിക്കലും കൊടുമ്പിരികൊണ്ട കഴിഞ്ഞ ദിവസം ഹരീഷ് പേരടി ഫേസ്ബുക്കിൽ പിണറായിക്കെതിരെ പരോക്ഷമായ പോസ്റ്റ് ഇട്ടിരുന്നു. രണ്ട് ദിവസത്തേക്കെങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്കും ധരിക്കുക. പേടിതൂറിയനായ ഫാഷിസ്റ്റിന് നേരെയുള്ള പ്രതിഷേധമാണിതെന്നായിരുന്നു ഫേസ്ബുക്ക് പ്രതിഷേധക്കുറിപ്പ്. ഇതാണ് പു.ക.സയെ പ്രകോപിപ്പിച്ചത്. ഈ പോസ്റ്റാണ് ഹരീഷിനെ ചടങ്ങിൽ നിന്ന് വിലക്കാൻ കാരണമെന്നും പങ്കെടുക്കേണ്ട എന്ന കാര്യം അദ്ദേഹത്തെ അറിയിക്കാൻ വൈകിപ്പോയതിൽ ഖേദമുണ്ടെന്നും പു.ക.സ ജില്ല സെക്രട്ടറി യു. ഹേമന്ദ് കുമാർ പറഞ്ഞു.
സത്യം വിളിച്ചു പറയുന്നവരെ -
സ്വന്തമായി ചിന്താശക്തിയും സ്വാതന്ത്യ ബോധവുമുള്ളവരെ ഒറ്റപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നത് വ്യാജ കമ്മ്യൂണിസത്തിന്റെ അഹന്തകളിൽ ഒന്നാണ് -
അത് കൊണ്ടാണ് സുഹൃത്തും മനുഷ്യപ്പറ്റുള്ള നാടകപ്രവർത്തകനുമായ എ ശാന്തകുമാറിന്റെ അനുസ്മരണ ചടങ്ങിൽ നിന്നും പു.ക.സ എന്ന പാർട്ടി സംഘടന
ഹരീഷിനെ ഒഴിവാക്കിയത് .
പു ക സ എന്നാൽ "പുകഴ്ത്തലുകാരുടെയും
കാലഹരണപ്പെട്ടവരുടെയും സാഹിത്യ സംഘം "എന്നായതിനാൽ ഹരീഷ് സന്തോഷിക്കുക .
സ്വന്തം തീർച്ചകളുടെ സ്വാതന്ത്യം എന്നത് അടിമകളുടെ പാരതതന്ത്ര്യത്തേക്കാൾ എത്രയോ മഹത്തരമാണ് ,ആനന്ദകരവുമാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.