തിരുവനന്തപുരം: കവി സച്ചിദാനന്ദന് ഫേസ്ബുക്കിന്റെ താൽക്കാലിക വിലക്ക്. ഫേസ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാൻഡേർഡ്സ് ലംഘിച്ചതിനാണ് നടപടിയെന്ന് ഫേസ്ബുക് അറിയിച്ചതായി സച്ചിദാനന്ദൻ പ്രതികരിച്ചു.
കേരളത്തിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ വാട്സ്ആപ്പിൽ വ്യാപകമായി പ്രചരിച്ച വിഡിയോ ഷെയർ ചെയ്തതാണ് വിലക്കിന് കാരണമെന്ന് സച്ചിദാനന്ദൻ അറിയിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താനടക്കമുള്ള ബി.ജെ.പിയുടെ വിമർശകർ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും കേന്ദ്ര സർക്കാറും ഫേസ്ബുക്കും ധരണയുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇത്തരം അനുഭവങ്ങൾ മറ്റുപലർക്കും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 മണിക്കൂർ വിലക്കാണ് സച്ചിദാനന്ദന്‍റെ അക്കൗണ്ടിനുള്ളത്. 30 ദിവസം ലൈവ് വിഡിയോയിൽ പ്രത്യക്ഷപ്പെടാൻ കഴിയില്ലെന്നും നിബന്ധനയുണ്ട്. ഇന്ത്യയില്‍ വര്‍ഗീയത ശക്തമായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന കാരണത്താല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനൽകിയയാളാണ് സച്ചിദാനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.