ആർക്കും വേണ്ടാത്ത പന്ത്
പല രാജ്യങ്ങളുടെ പേരെഴുതിയ
പലനിറ കൂടാരത്തിനടിയിൽ
ഒരു മഞ്ഞുരാത്രിയിയിലഭയം തേടി
ഒരു രാജ്യത്തിേൻറതുമല്ലാത്ത ഒരഭയാർഥി കുടുംബം
അവർക്ക് പുതക്കാൻ പല നിറങ്ങളിലുള്ള പതാകകൾ
ചൊല്ലാൻ പല ഭാഷകൾ ചേർന്ന താരാട്ട്
ആരവമുയർന്നു
ഗോളുകൾ പറന്നു
കാണികളകന്നു
പുലർച്ച തൂപ്പുകാരി മാത്രം കണ്ടു
ആർക്കും വേണ്ടാതെ കിടന്ന
ഒരു പന്ത്
വൃത്ത ജനാവലി
ഭൂഗോളം വരിഞ്ഞുമുറുക്കിക്കെട്ടിയ പന്ത്
തിരമാലകൾ കോരിയെടുത്ത വല
ഒരേ വൃത്തത്തിൽ രചിച്ച ജനാവലി
ഒരേ സ്വപ്നം പടർന്ന മൈതാനം
ഒരേ ആവേശം
ഒരേ ലക്ഷ്യം
അനേകം വികാരങ്ങൾ
വിചാരങ്ങൾ
ഡെത്ത് പെനാൽറ്റി
വികാരങ്ങളില്ലാത്തൊരു ശരീരം
കല്ലുകൾ പടുത്തുവെച്ച പോൽ പേശികൾ
ഇരുമ്പുകമ്പികൾ കൊണ്ട് പണിത മജ്ജ,ഞരമ്പ്
തീഗോളം പോലൊരു തല
ചക്രങ്ങൾ കൊണ്ട് കാലുകൾ
ചരിത്രമോ ദർശനമോ സാഹിത്യമോ
ട്രേഡ് സെൻററോ പൗരത്വമോ മസ്ജിദോ മന്ദിറോ ഏതുമാകാം
ഒന്നുകിൽ നീ
അല്ലെങ്കിൽ ഞാൻ
ഇത് തീപാറും പന്ത്
തോറ്റാൽ ഡെത്ത് പെനാൽറ്റി
നാളത്തെ കളി
നാളത്തെ കളിയിൽ
മെസ്സിയും നെയ്മറും എംബാപ്പയും റൊണാൾഡോയും ഉണ്ടായേക്കില്ല
പന്തുകൾക്ക് പകരം മിസൈലുകൾ,ബോംബുകൾ,
അതിനേക്കാൾ സൂക്ഷ്മമായതെന്തോ
കളിക്കളത്തിൽ റോബോട്ടുകൾ, അവരുടെ അനന്തരവന്മാർ
കാണികൾ വേണ്ട
കാഴ്ച മാത്രം
കൈയടിയില്ല
എണ്ണങ്ങൾ മാത്രം
കളി കഴിഞ്ഞ് പിരിഞ്ഞ് പോയേക്കില്ലാരും
ആരവങ്ങൾ ഒടുങ്ങിയേക്കില്ലൊരിക്കലും
ഒരൊറ്റ ദിവസം കൊണ്ട് ലോകക്രമം മാറും
കളിക്കുമുമ്പത്തെ റിഹേഴ്സൽ കണ്ട്
നാമിരിക്കും നേരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.