കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അൽഗോരിതങ്ങളുടെ നാട്’ എന്ന നോവലിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തിന് കോഴിക്കോട് എരഞ്ഞിപ്പാലം ലയൺസ് ക്ലബ് സഫയർ ഹാളിൽ അഷിത സ്മാരക സമിതി നൽകിയ സ്വീകരണത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉപഹാരം നൽകുന്നു.

നല്ല ബാലസാഹിത്യത്തിന് ജീവിതത്തെ മാറ്റിത്തീർക്കാനാവും -സുഭാഷ് ചന്ദ്രൻ

കോഴിക്കോട്: മികച്ച ബാലസാഹിത്യങ്ങൾക്ക് ജീവിതത്തെയും ജീവിതാവസ്ഥകളെയും മാറ്റിത്തീർക്കാനാവുമെന്ന് പ്രശസ്ത കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ‘അൽഗോരിതങ്ങളുടെ നാട്’ എന്ന കൃതിയിലൂടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലത്തെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറെ ഗൗരവമേറിയ മേഖലയാണ് ബാലസാഹിത്യമെന്നു തിരിച്ചറിഞ്ഞ് എഴുത്തുകാർ ശാസ്ത്രബോധത്തോടെ രചനയെ സമീപിക്കണം. പുതിയ വിഷയങ്ങളും ആഖ്യാന രീതികളും ബാലസാഹിത്യത്തിൽ ഉണ്ടാകണം -അദ്ദേഹം പറഞ്ഞു.

ഉണ്ണി അമ്മയമ്പലത്തെ ​ഉപഹാരം നൽകിയും പൊന്നാടയണിയിച്ചും സുഭാഷ് ചന്ദ്രൻ ആദരിച്ചു. കഥാകൃത്ത് അർഷാദ് ബത്തേരി മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾ ജീവിക്കുന്ന പുതിയ ജീവിത പരിസരത്തെ ബാലസാഹിത്യത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അഡ്വക്കേറ്റ് എ.ആർ. അരവിന്ദ് കൃഷ്ണ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, കവി ശ്യാം തറമേൽ, ബാലസാഹിത്യകാരി അഞ്ജലി രാജീവ്, വി.കെ. ഷീന, കഥാകൃത്ത് സുഭാഷ് പയ്യാവൂർ, എഴുത്തുകാരൻ സുരേന്ദ്രൻ ശ്രീമൂലനഗരം, പ്രമോദ് ഗംഗാധരൻ, പ്രദീപ് കുത്തുപറമ്പ് എന്നിവർ സംസാരിച്ചു.

കോഴിക്കോട് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ റാണി പി.കെ. സ്വാഗതവും സുരേന്ദ്രൻ ശ്രീമൂലനഗരം നന്ദിയും പറഞ്ഞു. ഉണ്ണി അമ്മയമ്പലത്തിന്റെ ‘വരൂ നമുക്ക് സൂര്യനെ തൊടാം’ എന്ന ശാസ്ത്രകൃതി സുഭാഷ് ചന്ദ്രൻ എഴുത്തുകാരി റാണി പി.കെക്കു നൽകി പ്രകാശനം ചെയ്തു. വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ എഴുത്തുകാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അഷിത സ്മാരക സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്.

പുരസ്കാരം നേടിയ 'അൽഗോരിതങ്ങളുടെ നാട്' മാധ്യമം കുട്ടികൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന ‘വെളിച്ചം’ സപ്ലിമെന്റിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നോവലാണ്. മാധ്യമം ‘വെളിച്ചം’ പ്രസിദ്ധീകരിച്ച ‘സൂക്ഷ്മജീവി സൂപ്പർ ജീവി’, ‘മാജിക് സ്കൂൾ ബസ്’, ‘കായൽക്കഥകൾ’ എന്നീ കൃതികൾക്ക് ഉണ്ണി അമ്മയമ്പലം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം നേടിയിട്ടുണ്ട്.

Tags:    
News Summary - Good childrens literature can change lives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.