മാതൃത്വത്തിന്‍റെ കവിയത്രി എന്നാണ് ബാലാമണിയമ്മ അറിയപ്പെടുന്നത്. മാതൃത്വത്തെക്കുറിച്ചും മനുഷ്യമനസിന്‍റെ ആഴങ്ങളെക്കുറിച്ചുമായിരുന്നു ബാലാമണിഅമ്മയുടെ കവിതകളേറെയും. എന്നാൽ ബാലാമണിയമ്മയുടെ 113ാം ജന്മവാർഷിക ദിനമായ ഇന്ന് ആദരമായി ഡൂഡിൽ ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. ആർട്ടിസ്റ്റ് ദേവിക രാമചന്ദ്രനാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഉമ്മറത്തിരുന്ന് കവിതകളെഴുതുന്ന ബാലാമണിയമ്മയെ ഡൂഡിലിൽ കാണാം.
തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ 1909 ജൂലൈ 19നാണ് ബാലാമണിയമ്മ ജനിച്ചത്. ചെറുപ്പം മുതലേ കവിതകളെഴുതിയിരുന്ന ബാലാമണിയമ്മക്ക് ഔദ്യോഗിക വിദ്യഭ്യാസം ലഭിച്ചിരുന്നില്ല. അമ്മാവനായ നാലപ്പാട്ട് നാരായണ മേനോന്‍റെ കീഴിലായിരുന്നു ശിക്ഷണം. 1930ൽ പുറത്തിറങ്ങിയ കൂപ്പുകൈ ആയിരുന്നു ബാലമണിയമ്മയുടെ ആദ്യത്തെ കവിത സമാഹാരം. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. സരസ്വതി സമ്മാൻ, പത്മഭൂഷൺ എന്നിവ നൽകി രാജ്യം അവരെ ആദരിച്ചു.
അമ്മ (1934), മുത്തശ്ശി (1962), മഴുവിന്റെ കഥ (1966) എന്നിവയാണ് ബാലാമണിയമ്മയുടെ പ്രശസ്തമായ കൃതികൾ. കവിത, ഗദ്യം, വിവർത്തനം എന്നിങ്ങനെ ഇരുപതിലധികം സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2004ൽ അന്തരിച്ചു. പ്രശസ്ത എഴുത്തുകാരി കമല ദാസ് മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.