പയ്യന്നൂർ: അതിരിട്ടൊഴുകുന്ന പുഴകളെയും അതിരുകാക്കുന്ന മലകളെയും ഗീതിസാഹിത്യത്തിൽ കുടിയിരുത്തിയ കവിക്ക് ജന്മനാടിെൻറ സ്നേഹാദരം.
വണ്ണാത്തിപ്പുഴയുടെ ഓളങ്ങളിലും കൈതപ്രത്തെ കുന്നിൻ ചെരിവിലും പൊട്ടിച്ചിതറിയ പാട്ടിെൻറ പൂവട്ടക ദേശവും ഭാഷയും കടന്ന് വിശ്വമാകെ പടർത്തി പത്മശ്രീ പുരസ്കാരം നേടിയ കൈതപ്രത്തിന് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് നൽകിയ സ്നേഹാദരമാണ് അതിരുകളില്ലാത്ത അംഗീകാരമായി മാറിയത്.
സ്വന്തം പേരിനൊപ്പം ഗ്രാമത്തെ കൂടി ചേർത്തുനിർത്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി വേദഗ്രാമമെന്ന കൈതപ്രത്തെ കേരളത്തിനു പരിചയപ്പെടുത്തിയത്. പത്മശ്രീയിലൂടെ പുരസ്കൃതമാവുന്നത് കൈതപ്രം സ്ഥിതി ചെയ്യുന്ന കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമം കൂടിയാണെന്ന് സ്വീകരണ പരിപാടിക്കെത്തിയവർ ഓർമിപ്പിച്ചു.
സംഗീതജ്ഞൻ കണ്ണാടി ഭാഗവതർ മകന് ശാസ്ത്രീയ സംഗീതത്തിെൻറ ഹരിശ്രീ പകർന്നു നൽകിയപ്പോൾ അത് മലയാള ഗീതിസാഹിത്യത്തിെൻറ ചരിത്രം തിരുത്തുമെന്ന് ഒരിക്കലും കരുതിയിരിക്കില്ല. മഹാരഥന്മാരായ കവികൾ അടക്കിവാണ ഗീതി സാഹിത്യത്തിലേക്കാണ് കൈതപ്രം കടന്നുവന്ന് സ്വന്തമായ ഇടം കണ്ടെത്തിയത്. ഫാസിൽ സംവിധാനം ചെയ്ത 'എന്നെന്നും കണ്ണേട്ടൻ' എന്ന സിനിമയിലൂടെ പാട്ടിെൻറ പൂവട്ടക പൊട്ടിച്ചിതറി വർത്തമാനത്തിലും താളസമൃദ്ധമായി, ദേവദുന്ദുബി സാന്ദ്രലയമായി ഒഴുകിക്കൊണ്ടിരിക്കുന്നു.
പത്മശ്രീ ലഭിച്ച കൈതപ്രത്തെ വെള്ളിയാഴ്ച വൈകീട്ട് കണ്ടോന്താറിൽനിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ചന്തപ്പുരയിലേക്ക് തുറന്ന വാഹനത്തിൽ ആനയിച്ചു.
സ്വീകരണ പരിപാടി ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സുലജ അധ്യക്ഷത വഹിച്ചു. ക്ഷേത്രകല അക്കാദമി ചെയർമാൻ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. ദാമോദരൻ, കെ. പത്മനാഭൻ, ഇ.പി. ബാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കൈതപ്രം ഗാനങ്ങളുടെ അവതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.