ഇനി കഴുകൻ മാത്രം സന്തോഷിക്കും

എനിക്ക് പറയാനുള്ളത് അയാളെക്കുറിച്ചല്ല; അയാളുടെ സമീപനങ്ങളെക്കുറിച്ചാണ്. അയാളുടെ ചിത്രങ്ങളെപ്പറ്റിയാണ്. അത്ര വലിയ കലാകാരനൊന്നുമായിരുന്നില്ലയാൾ. തരക്കേടില്ലാതെ വരക്കുമെന്നു മാത്രം. ചിലപ്പോൾ വെറും നാലുവരകൾ കൊണ്ട് നാൽപ്പത്തെട്ടർഥങ്ങളുണ്ടാക്കുന്ന പല രൂപങ്ങളെയും കോറിയിട്ടിരുന്നു.

മറ്റു ചിലപ്പോൾ തലങ്ങും വിലങ്ങുമുള്ള കുത്തിവരകളിൽ എന്തൊക്കെയോ നിറങ്ങൾ ചേർത്തു പിടിപ്പിച്ചു. ചിലരത് ‘അബ്സ്ട്രാക്റ്റ് ആർട്ട്’ ആണെന്ന് പറയുകയുണ്ടായി. ഒരു പക്ഷേ, ഈ കണ്ടതുണ്ടമുള്ള കുത്തിക്കോറിവരകൾ തലമണ്ടക്കകത്തെ ആശയത്തർക്കങ്ങളോ കലഹങ്ങളോ ആണെങ്കിലോ?

ഈയിടെ തീർത്ത ചിത്രത്തിൽ കഴുകനെ മാത്രമേ എല്ലാവർക്കും കാണാനായുള്ളൂ. ബാക്കിയൊന്നും വ്യക്തമായിരുന്നില്ല. പക്ഷേ, അടിക്കുറിപ്പ് വായിച്ചതോടെ പലർക്കും പലതും ബോധ്യപ്പെട്ടു. യുദ്ധവും ശവങ്ങളും യാതനകളും വേദനകളും വേർപാടുകളും അതിനിടയിൽ പലരെപ്പോലെ ഞാനും കണ്ടു.

‘ഇനി കഴുകൻ മാത്രം സന്തോഷിക്കും’ എന്ന് അടിക്കുറിപ്പുപോലെ സകലരും കരുതിയതാണ് പ്രതിഷേധത്തിന്റെ സ്വരമുയരാനിടയാക്കിയത്. വരച്ചവർ പറയുന്നതും നമ്മൾ മനസ്സിലാക്കുന്നതും ചിലർ വിമർശിക്കുന്നതും എല്ലാം വിവിധ അർഥങ്ങളിലൂടെയാണല്ലോ എന്നതാവാം കലയുടെ ഇന്ദ്രജാലം.

അയാളിങ്ങനെ വരക്കും. വല്ലപ്പോഴും ആരെങ്കിലും എന്തെങ്കിലും കൈയിൽ ​െവച്ചുകൊടുത്ത് ഇഷ്ടമുള്ള പടവുമെടുത്ത് പോകും. പണമയാൾ ആഗ്രഹിക്കാത്തതുപോലെ. പരിഭവം പറഞ്ഞതായറിവുമില്ല. പക്ഷേ, ഇന്നയാൾ ലോകശ്രദ്ധ നേടിയ ചിത്രകാരനാണ്. കാരണം, വരയിലെ വ്യത്യസ്തത തന്നെ.

ഇനി മുതൽ ആ ചിത്രങ്ങൾക്കും മൂല്യമേറുകയാണ്; വില മാറുകയാണ്. അതെ, ആ പ്രൈസ് ടാഗുകൾക്കിനി ഒരു വൻ കഥ പറയാനുണ്ടാകും; അയാൾക്കും. കാരണം, പുതിയ ആ പോർട്രേയ്റ്റ്, അയാളോട് പറഞ്ഞ വസ്തുതകൾ അത്ഭുതമാണ്, അതിഭീകരമാണ്.

അയാളാദ്യം വരച്ചുതുടങ്ങിയത്, കണ്ണുകളാണ്. കറുപ്പും വെളുപ്പും അടങ്ങിയ നിറങ്ങൾ പോലെ തന്നെ, ഇരുട്ടും തെളിച്ചവും കലർന്ന ജീവിതമായിരുന്നു ഇയാളുടേതെന്ന് ആ ഉരുണ്ട നയനങ്ങൾ തന്നെ പറയാൻ തുടങ്ങി.

ഒറ്റ നോട്ടത്തിലാണ് അവളെ, ശ്രുതിയെ എഡ്‌വിൻ കൂട്ടിച്ചേർത്തതത്രെ! പ്രണയം പൂക്കുന്നത് ഏതു നേരത്തുമാവാം, ഏതു കാലത്തുമാവാം. പൂത്തുവിരിഞ്ഞെങ്കിലും ജാതിയെന്ന എക്കാലത്തേയും വില്ലൻ കടന്നു വരുന്നു. അതും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ! പ്രണയത്തിന് ജാതിയില്ല, മതവുമില്ല എന്ന് ആരു പറഞ്ഞു? അതിനു മാത്രം മാറ്റം വന്നിട്ടില്ല ഇന്നും. ഉണ്ടോ?

‘‘ഒരു മതവിശ്വാസവും പിൻപറ്റാതെ മനുഷ്യരായി ജീവിക്കാം’’.

-എഡ്‌വിൻ.

‘‘അതെ... അതാണ് നമുക്ക് വേണ്ടത്’’.

-ശ്രുതി.

ശരിയാണ്, ഒരാൾ, ഒരാൾ മാത്രമല്ലാതാവുന്നതോടെയാണ് സ്നേഹം വള്ളിപ്പടർപ്പാവുന്നത്. അയാൾ അവന്റെ കൂർത്ത മൂക്കുകൾ വരച്ചു തുടങ്ങി. ആ മൂക്കുകൾ തൊട്ടാണത്രെ, അവൾ ആദ്യമായി അവനോട്

‘‘വിളിച്ചിറക്കാൻ ധൈര്യമുണ്ടോ..?’’

എന്ന് ചോദിച്ചത്. ആലോചന വേണ്ടതില്ലാത്ത വേഗത്തിലുള്ള മറുപടിയിൽ, ഒരാളുടെ തയാറെടുപ്പുകളുടെ തീവ്രതയും കാഴ്ചപ്പാടും പ്രകാശവേഗതയിൽ പ്രസരിച്ചുകൊണ്ടിരിക്കും.

‘‘വിളിച്ചിറക്കാനല്ല, മാന്യമായി ചോദിക്കാനാണ് എനിക്കിഷ്ടം’’.

‘‘തരുന്നില്ലെന്ന് പറഞ്ഞാൽ...?’’

‘‘ഇറങ്ങി വരാൻ നീ തയാറാണെങ്കിൽ ഞാൻ സ്വീകരിക്കും’’.

‘‘ഞാൻ വരും. നീയില്ലാതെ ഈ ലോകമെന്തിനാണെനിക്ക്...?’’

അത് കേട്ട് അവൻ പുഞ്ചിരിച്ചു. അയാളവന്റെ ഇടപ്പല്ലുകൾ വരക്കാൻ തുടങ്ങിയിരുന്നു. ഇവനെങ്ങനെയിത്ര സുന്ദരമായി ചിരിക്കാനാവുന്നു. ചില ചിരികൾ കൊതിപ്പിച്ചു കൊണ്ടേയിരിക്കുമെന്നുള്ളതെത്ര സത്യം..!

ചെറുകട്ടിമീശക്ക് താഴെ, ആ ചിരി നിലാവു പൊഴിക്കുന്നതായി ചിത്രകാരൻ കണ്ടു. ഒരു നിലാവും നിലനിൽക്കാനുള്ളതല്ലല്ലോ.!

മാന്യമായി ചെന്നു ചോദിച്ചു. കൊടുത്തില്ല. അവൻ വിളിച്ചു. അവൾ എല്ലാം ധിക്കരിച്ചിറങ്ങാൻ തുനിഞ്ഞു.

അച്ഛനും ആങ്ങളയും തടയുന്നു. സ്വാഭാവികമായുണ്ടാവാറുള്ള ആചാരരീതികൾ. ചെറിയ വാക്ക് തർക്കം. അത് മൂത്ത നേരം,

‘‘ഞാനെന്റെയിഷ്ടത്തിന് പോവാ... എന്നെയാരും തടയണ്ട...’’

അവളുടെ പതർച്ച പറന്നകന്ന സ്വരം. കോപം കലക്കിയൊഴിച്ച ചെവികൾക്കത് കേൾക്കാനായില്ല. കിട്ടിയ വടിയുമായി ആങ്ങളയുടെ ആഞ്ഞടി.

നെറ്റിയിലെ തുന്നിട്ട പാടുകൾ വരക്കും മുമ്പ് അതൊഴിവാക്കണോ എന്നറിയാനായി വിളിച്ചപ്പോൾ

‘‘അതെല്ലാം ഓർമ്മകളാണ്. ഒന്നും മിസ്സാവരുത്’’.

മറുപടിയിൽ നാലു സ്റ്റിച്ചുകളുടെ സങ്കലചിഹ്നങ്ങൾ വരച്ചു ചേർത്തു. എത്രയൊക്കെ ശ്രമിച്ചാലും ഓർമ്മകൾ ഓർമ്മകൾ തന്നെയാണ്. മറന്നെന്ന് ഭാവിക്കാനേ ആർക്കും കഴിയൂ.

‘‘മുടികൾ നരച്ചിരുന്നോ..?’’

‘‘ങും... മുമ്പിൽ ആകെ ഒമ്പതെണ്ണം...!’’

‘‘അതൊരു നരയല്ലല്ലോ..? എന്നാലും എണ്ണം ഇത്ര കൃത്യമായി..?’’

‘‘എഡ്‌വിനെ എനിക്കല്ലാതെ മറ്റാർക്കാണ് അറിയാനാവുക? പിന്നെ, നര ആദ്യം ബാധിക്കുന്നത് നമ്മുടെയൊക്കെ മനസ്സിനെയല്ലേ?’’

‘‘തീർച്ചയായും...’’

വര തുടർന്നു. ഇടതൂർന്ന നീണ്ട കറുത്ത മുടികൾക്കിടയിൽ ഒമ്പത് വെള്ളിനൂലുകൾ സൂചി ബ്രഷിനാൽ തീർക്കപ്പെട്ടു. സൗന്ദര്യത്തിൽ മുടിക്കുള്ള സ്ഥാനം ഏറെയേറെ വലുതുതന്നെ.

തുടിച്ച കവിളുകൾ.

‘‘കവിൾ ഭാഗ്യവാനല്ലേ.. എന്തോരം ചുംബനങ്ങളവിടെ അമർന്നു പിടയുന്നു...’’

ഇടക്കിങ്ങനെ പറയുന്നതവൾ ഓർത്തെടുത്തപ്പോൾ ചുംബിക്കാനൊരാളുണ്ടാവുക എന്നതാണീ ലോകത്തിലെ മഹാഭാഗ്യങ്ങളിലൊന്ന് എന്ന വിചാരം അയാളിലുമുണ്ടായി. ജീവിത സായാഹ്നത്തിലാ ചിന്ത വിങ്ങലുണ്ടാക്കുന്നതായി അയാൾ മനസ്സിലാക്കി. എന്തും അതത് സമയത്ത് നടന്നില്ലെങ്കിൽ പിന്നെന്തു ഫലം?

ഹ്യൂമൻ അനാട്ടമി, വരയിൽ വലിയ പാടുള്ള ഒന്നാണ്. ഒരു കുഞ്ഞുവര പോലും ഫിഗറിനെ ബാധിച്ചേക്കും. ഇതാണെങ്കിൽ അത്യപൂർവമായ ഒരു ചിത്രവുമാണ്. സൂക്ഷ്മതക്കൊടുവിൽ മിനുക്കുപണികൂടി തീർന്നതോടെ ഏഴു പകലിരവുകൾക്കപ്പുറം അയാൾ ശ്രുതിയെ വിളിച്ചു.

‘‘നാളെ കൊണ്ടു പോകാം. മഴയില്ലാത്തതിനാൽ പെട്ടെന്നുണങ്ങി കിട്ടി’’.

ശരിയാ, മഴയില്ല. കർക്കടക മഴയും വന്നില്ല. വിളകൾ വീണ്ടുകീറി. ചിങ്ങം വിങ്ങലോടെ നവവത്സരാശംസകൾ പോലും ഉരിയാടാതെ തലകുമ്പിട്ടു നിൽക്കുന്നു. എത്ര പെട്ടെന്നാണ് കാലവും കോലവും മാറുന്നത് എന്ന ആലോചനകൾക്കിടയിലും അവൾ ആശ്വാസാനന്ദത്തോടെ മറുപടി പറഞ്ഞു.

‘‘താങ്ക് യൂ... പല ചിത്രകാരൻമാരും നിരസിച്ചതാണ് നിങ്ങൾ ഏറ്റെടുത്തത്’’.

‘‘അറിയില്ലേ, കലാകാരന്റെ ജീവിതമെന്നും വെല്ലുവിളികളേതു കൂടിയാണ്. കറുപ്പുനിറം മാത്രമേ ഇത്തിരി ചേർത്തിട്ടുള്ളൂ’’.

‘‘ദുഃഖപൂർണമായ ജീവിതത്തിനുടമക്ക് കൂട്ടേണ്ടത് കറുപ്പല്ലാതെ പിന്നെ മറ്റേത് നിറമാണ്.?’’

ചില വിങ്ങലുകൾ തമാശയിലൂടെ പറയുന്നത് വലിയ സിദ്ധിയാണെങ്കിലും അവൾ പറഞ്ഞതൊരു തമാശയാണെന്ന് അയാൾ കരുതിയില്ല.

‘‘കലശത്തിൽ വിഭൂതിയിനി ഒരു നുള്ളു പോലും ബാക്കിയില്ല’’.

‘‘ദാറ്റ് മീൻസ്, എഡ്‌വിൻ പൂർണമായും എനിക്കൊപ്പം തന്നെ, എന്നല്ലേ.!’’

‘‘അതെയതെ... ഇങ്ങനെയൊരു ചിത്രം എന്റെ ജീവിതത്തിൽ ആദ്യത്തെയാണ്. ഒരു പക്ഷേ, അവസാനത്തേയും’’.

‘‘ഇനി നിങ്ങളുടെ നാമം കൂടി ചരിത്രമാവുകയാണ്. ആർട്ടിസ്റ്റ് ഹരിയെന്ന പേര്, ലോകമറിയും’’.

‘‘ഇതുവരെ ആരും വരച്ചിട്ടില്ലാത്ത, പ്രണയവും ജീവനും മരണവും ചാലിച്ചെഴുതുന്ന ചിത്രം. ഒരു യുവാവിന്റെ ചിതാഭസ്മം കൊണ്ടു രചിക്കുന്ന പരേതന്റെ ഛായാചിത്രം! ഹോ... നിങ്ങൾക്ക് ഇങ്ങനെയൊരു ചിന്ത എങ്ങനെയുണ്ടായി...?’’

‘‘സംസ്കാരച്ചടങ്ങുകൾക്കു ശേഷം ചിതാഭസ്മം പുഴയിലേക്കൊഴുക്കാമെന്ന് ചിലർ പറഞ്ഞുവെങ്കിലും അത്തരം വിശ്വാസങ്ങൾക്കെതിരായിരുന്ന എഡ്‌വിനോട് ചെയ്യുന്ന അനീതിയാവും അതെന്ന് തോന്നി’’.

കൈയിൽ വാങ്ങിയ ശേഷം ശ്രുതി ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു. നിത്യസ്നേഹത്തിന്റെ കഥ പറയാൻ ഇതിനു കഴിയും. മരിക്കാത്ത ഓർമയായി തന്റെ പ്രിയന്റെ വിഭൂതി മാറിയിരിക്കുന്നു.

പ്രതിഫലം ചോദിച്ച് കൊണ്ടവൾ കണ്ണുനീരിനിടയിലും ബാഗ് തുറന്നു.

‘‘ഇതിന് കൂലി വേണ്ട. മരിച്ചവർ ജീവിക്കട്ടെ, അതല്ലേ വേണ്ടത്. അല്ല, ചിലർ മരിക്കുന്നില്ലല്ലോ..!’’

‘‘ഇല്ല... ആരും മരിക്കാതിരുന്നെങ്കിൽ...’’ എന്നവൾ.

ചാലുകൾ തീർത്ത അശ്രുകണങ്ങൾ അറ്റം കാണാത്ത ഓർമകൾ പറഞ്ഞു കൊണ്ടിരുന്നു. പിന്നെയും പിന്നെയും. ആ കഥയിൽ മറ്റൊരു കഥക്കുമില്ലാത്ത ആന്തരികമായ ഒരു ഗരിമയുണ്ട്, ആർദ്രതയുണ്ട്. ഒരു വർഷം മാത്രം ഒന്നിച്ചുറങ്ങിക്കണ്ട സ്വപ്നങ്ങളുണ്ട്, ഇഷ്ടങ്ങളുണ്ട്. അതുകൊണ്ടുതന്നെ ആശ്വാസം കിട്ടുവോളം അവൾ കരയട്ടെ, അല്ലേ...?

അയാൾക്ക് പിന്നീടൊന്നും പറയാൻ കഴിഞ്ഞില്ല, അവൾക്കും.

Tags:    
News Summary - Ini Kazhukan Mathram Santhoshikkum-Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.