സർക്കാർ സംവിധാനത്തിന്റെ അകത്തളങ്ങൾ തുറന്നു കാണിക്കുന്ന രചനകളാണ് സർവിസ് സ്റ്റോറികൾ. ഭരണത്തിൽ ഏത് കക്ഷിയായാലും നിർവഹണത്തിൽ മുഖ്യപങ്ക് ഉദ്യോഗസ്ഥ സംവിധാനമായ എക്സിക്യൂട്ടിവിനാണ്. ഉദ്യോഗസ്ഥ വൃന്ദം ജനപക്ഷമാവുമ്പോഴാണ് ജനക്ഷേമം പുലരുക.
നീതിയുടെയും ജനപക്ഷ നിലപാടുകളുടെയും ഭാഗമായി നിലകൊള്ളുന്ന ഉദ്യോഗസ്ഥരുടെ തുറന്നു പറച്ചിലുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അബ്ദുൽ ലത്തീഫ് മാറഞ്ചേരി രചിച്ച ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ എന്ന സർവിസ് സ്റ്റോറി ഇത്തരം ഒരു തുറന്നു പറച്ചിലാണ്. ബ്യൂറോക്രസിയുടെ അകത്തളങ്ങളിലേക്ക് വെളിച്ചം വീശുന്ന അനുഭവകഥനമാണ് 43 അധ്യായങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽ സെക്കൻഡ് േഗ്രഡ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ച് ഗവ. അഡീഷനൽ സെക്രട്ടറിയായി വിരമിച്ച 30 വർഷത്തെ നേർക്കാഴ്ചകളാണ് ഈ സർവിസ് സ്റ്റോറിയുടെ ഉള്ളടക്കം. വിവിധ കാലങ്ങളിലായി 20 ലേറെ വ്യത്യസ്ത വകുപ്പുകളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചപ്പോൾ തൊട്ടറിഞ്ഞ അനുഭവങ്ങൾ, ഇടപെടലുകൾ, നിരീക്ഷണങ്ങൾ എന്നിവ ഈ കൃതിയെ മൂല്യവത്താക്കുന്നു.
എ.ഇ.ഒ ഓഫിസ് ജീവനക്കാരനായിരുന്ന പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ആശ്രിത നിയമനത്തിനായി അപേക്ഷ സമർപ്പിച്ച് പലതവണ സെക്രേട്ടറിയറ്റിന്റെ പടി കയറിയിറങ്ങിയ മഹേഷിന്റെയും സ്റ്റെല്ലയുടെയും അനുഭവം അനാവരണം ചെയ്യുമ്പോൾ ചുവപ്പുനാടയിൽ കുരുങ്ങിയ നിരവധി പേരുടെ കണ്ണീരൊപ്പ് തെളിയുന്നു.
പല കാരണങ്ങൾ പറഞ്ഞ് എ.ഇ.ഒ ഓഫിസിൽ ഒരു വർഷത്തിലേറെ തട്ടിക്കളിച്ച ഫയൽ ഡി.ഡി.ഇ ഓഫിസിൽ മാസങ്ങൾ വിശ്രമിച്ച് പിന്നീട് ഡി.പി.ഐ ഓഫിസിൽനിന്ന് മാസങ്ങൾക്കുശേഷം സെക്രേട്ടറിയറ്റിൽ എത്തുന്നു. സെക്രേട്ടറിയറ്റിൽ ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ ഫയലിന് ജീവൻ വെച്ചാൽ അപേക്ഷകനെ പറ്റിയുള്ള അന്വേഷണത്തിനായി വീണ്ടും കലക്ടറേറ്റിലേക്ക്. ആ ഫയലിനെ പിന്തുടർന്ന് പിന്നാലെ മഹേഷും സ്റ്റെല്ലയും.
കലക്ടറേറ്റിലെ വിശ്രമവും തട്ടിക്കളിയും പിന്നിട്ട് താലൂക്കിലേക്കും വില്ലേജിലേക്കും. കുത്തും കോമയും ഇല്ല എന്ന് പറഞ്ഞ് ഉടക്കിയതൊക്കെ ശരിയാക്കി വീണ്ടും താലൂക്കും ജില്ലാ കലക്ടറേറ്റും കടന്ന് സെക്രേട്ടറിയറ്റിലേക്ക്. ഓരോ കടമ്പക്കും മാസങ്ങളും വർഷങ്ങളും ദൈർഘ്യം. എല്ലാ കടമ്പയും കടന്ന് ഇരുവർക്കും ജോലി ലഭിച്ചപ്പോൾ പിന്നിട്ടത് അഞ്ചുവർഷം. അഞ്ചുവർഷത്തെ സർവിസും ശമ്പളവും നഷ്ടം.
ആദ്യ അപേക്ഷതന്നെ വില്ലേജിലെ രേഖകൾ സഹിതം ആയതിനാൽ വീണ്ടും അന്വേഷണത്തിനായി തിരികെ അയക്കേണ്ട ആവശ്യം എന്ത്, ആരുണ്ടാക്കി ഈ ചട്ടം എന്ന ഗ്രന്ഥകാരന്റെ ചോദ്യം സർക്കാർ സംവിധാനത്തിലെ പരിഷ്കാരങ്ങൾക്കുവേണ്ടി കൂടിയുള്ളതാണ്. ഇനിയും ഇത്തരം മഹേഷുമാരും സ്റ്റെല്ലമാരും ഉണ്ടായിക്കൂടാ എന്ന ദൃഢനിശ്ചയമാണ് അബ്ദുൽ ലത്തീഫിന്റെ സർവിസ് ജീവിതം മുഴുക്കെയും എന്ന് ഈ ഗ്രന്ഥം വിളിച്ചുപറയുന്നു.
അവധിയിൽ വിദേശത്ത് ജോലി ചെയ്യുന്ന കാസർകോടുള്ള ഒരു ക്ലർക്കിന് അവധി നീട്ടിക്കിട്ടണം. വർഷങ്ങളായി കെട്ടിക്കിടക്കുന്ന അപേക്ഷകളിലൊന്ന് ഇദ്ദേഹത്തിന്റേതാണ്. അപേക്ഷ പാസാക്കിക്കിട്ടാൻ കക്ഷി അവധിയെടുത്ത് രണ്ടാഴ്ചത്തെ തിരുവനന്തപുരം താമസത്തിന് തയാറായി വന്നു.
നാല് വർഷം മുമ്പ് അപേക്ഷിച്ച അവധി പാസാക്കാൻ ഗ്രന്ഥരചയിതാവിന്റെ കൈയാൽ വേണ്ടിവന്നത് ഒരുദിവസം മാത്രം. സന്തോഷാധിക്യത്താൽ കക്ഷി പാരിതോഷികം വാഗ്ദാനം ചെയ്ത് നിരസിച്ച തുകക്ക് അന്നത്തെ എട്ട് മാസത്തെ ശമ്പളത്തിന് തുല്യം എന്ന് തുറന്നുപറയുമ്പോൾ ചുവപ്പുനാട സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാട് കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.
പുസ്തകത്തിലെ ഒരു അധ്യായം മലബാറിലെ പിന്നാക്കാവസ്ഥയെ പറ്റിയാണ്. തലസ്ഥാനത്ത് ഭരണചക്രം തിരിക്കുന്ന ഉദ്യോഗസ്ഥരിൽ ചിലർ മലബാറിനോട് കാണിക്കുന്ന അവഗണന അതിൽ വ്യക്തമാക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്ന ജില്ലാതല ഓഫിസാണ് ഡി.ആർ.ഡി.എ. തൃശൂർ ഡി.ആർ.ഡി.എയിൽ ജോലി ചെയ്യവെ വൻകിട പദ്ധതികളിൻമേൽ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയും ശമ്പളത്തിനേക്കാൾ വലിയ തുക ചിലർ പോക്കറ്റിലാക്കുന്നതും വിവരിക്കുന്നു. ശക്തമായ േട്രഡ് യൂനിയനിസം ഉേദ്യാഗസ്ഥ മേഖലയെ ദുഷിപ്പിക്കുന്നതിനെ പറ്റി പുസ്തകത്തിൽ കാണാം.
ഫിഷറീസ് ഓഫിസറായി പൊന്നാനിയിൽ ജോലിചെയ്ത അനുഭവം സേവന സന്നദ്ധനായ ഉദ്യോഗസ്ഥന് എത്രമാത്രം നാടിനെ സേവിക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. മത്സ്യത്തൊഴിലാളി ക്ഷേമപദ്ധതികളെ കുറിച്ച് അറിവില്ലായ്മമൂലം അർഹരായ നിരവധി പേർക്ക് ആനുകൂല്യം ലഭിക്കാത്തതും ബിനാമി പേരിൽ പലരും ആനുകൂല്യം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാൻ നടത്തിയ ഇടപെടലും കടലിന്റെ മക്കളിൽനിന്ന് ലഭിച്ച സ്നേഹ ചുംബനങ്ങളുമാണ് നാല് അധ്യായങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്.
ഓഡിറ്റ് ഓഫിസറായി ജോലി ചെയ്യവെ നേരിൽ കണ്ട മറിമായങ്ങൾ, കെടുകാര്യസ്ഥതകൾ, കോടികൾ ചെലവിട്ടിട്ടും ഫലം ലഭിക്കാത്ത പദ്ധതികൾ, കാർഷിക വകുപ്പ് ശതകോടികൾ മുടക്കുമ്പോഴും കൃഷി ചുരുങ്ങി ചുരുങ്ങി വരുന്നത്, കാർഷിക അഭിവൃദ്ധിക്കായി രൂപപ്പെടുത്തുന്ന ചട്ടങ്ങൾ കൃഷിയുടെ അന്തകനായി മാറുന്നത്, ഒലിച്ചുപോകുന്ന പട്ടികവർഗ ഫണ്ടുകൾ, വൻകിട പദ്ധതികളുടെയും ശമ്പളപരിഷ്കരണത്തിന്റെയും പേരിൽ കെ.എസ്.ഇ.ബിയിൽ നടക്കുന്ന പകൽക്കൊള്ള തുടങ്ങിയവ വിവിധ അധ്യായങ്ങളിലായി വിവരിക്കുന്നു.
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടത് എഴുത്തുകാരന്റെ അർഹതക്കുള്ള അംഗീകാരമാണ്. തൃശൂർ മെഡിക്കൽ കോളജിൽ അഡ്മിനിസ്േട്രറ്റിവ് ഓഫിസറായി ജോലിചെയ്യവെ കൈക്കൂലി വീരനായ ഒരു ഡോക്ടർ കൈമടക്ക് ലഭിക്കാത്തതിന്റെ പേരിൽ അനസ്തേഷ്യ നൽകാതെ ഓപറേഷൻ ചെയ്തത് നടുക്കത്തോടെയല്ലാതെ വായിക്കാനാവില്ല.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, ചമ്രവട്ടം പദ്ധതിക്കായുള്ള മുന്നണി പോരാളി, വെള്ളാനയായ ‘കാഡ’ ഏജൻസിയുടെ പ്രവർത്തനത്തിന് താഴിട്ടത്, ഹജ്ജ് സെൽ ഓഫിസർ പദവിയിലെ സേവനം തുടങ്ങിയവയും വിവിധ അധ്യായങ്ങളാണ്. നീതിയും സത്യസന്ധതയും പുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഏറെ പ്രചോദനമാണ് ഈ പുസ്തകം.
ജനപക്ഷ സിവിൽ സർവിസിന് ഒരു കർമരേഖ; ഭരണപരിഷ്കരണത്തിന് വഴികാട്ടിയും. ഈ തുറന്നെഴുത്ത് സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ വലിയ ചർച്ചക്ക് കളമൊരുക്കേണ്ടതാണെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ് അവതാരികയിൽ ചൂണ്ടിക്കാട്ടുന്നു. ലളിതവും നാട്യങ്ങളില്ലാത്തതുമായ ശൈലിയാണ് 327 പേജുള്ള ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.