തൃശൂർ: വിശ്വനാടകങ്ങളിൽ അരങ്ങിലേറിയ തൃശൂരിലെ 10 ദിനരാത്രങ്ങൾക്ക് ചൊവ്വാഴ്ച സമാപനം. കെ.ടി. മുഹമ്മദ് തിയറ്റർ മുറ്റത്തെ പ്രത്യേക വേദിയിൽ വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയാകും.
റോയ്സ്റ്റണ്‍ ആബേല്‍ ചിട്ടപ്പെടുത്തിയ മാന്ത്രിക സംഗീതം മംഗനിയാര്‍ സെഡക്ഷനോടെയാണ് നാടകദിനത്തിന് സമാപനം കുറിക്കുന്നത്. പവലിയന് തിയറ്ററില്‍ ചൊവ്വാഴ്ച രാത്രി 8.45ന് മംഗനിയാര്‍ സംഗീതം ആരാധകര്‍ക്ക് മുന്നിലെത്തും.
സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാര്‍ സെഡക്ഷന്റെ പ്രത്യേകത. രാജസ്ഥാനിലെ ജയ്സാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍ ജില്ലകളില്‍ താമസിക്കുന്ന മുസ്ലിം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാര്‍.
തൃശൂർ: ചോദ്യങ്ങൾ ചോദിക്കുന്നവർ എല്ലാം അർബൻ നക്സൽ ആകുന്നെന്ന് പ്രമുഖ അക്കാദമിക വിദഗ്ധൻ ഡോ. ശിവ് വിശ്വനാഥൻ. ഇറ്റ്ഫോക്കിനോടനുബന്ധിച്ച പൊതുപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ തിരിച്ചു പിടിക്കാൻ നമ്മൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ കൂട്ടക്കൊലകളുടെ കഥകൾ നമ്മൾ ഇപ്പോഴും വ്യക്തികളിലേക്ക് ചുരുക്കുന്നു. ഇന്ത്യൻ രാഷ്ട്രീയം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ചലച്ചിത്ര മേഖലയിൽ പോലും അതിന്റെ പ്രതിഫലനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ: കലയോട് ആഭിമുഖ്യമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് ആർട്ടിസ്റ്റ് ശരൺ. കെ.ടി. മുഹമ്മദ് തിയേറ്ററിലെത്തിയ കുമാരൻ വളവന്റെ ‘ഫ്ലയിംഗ് ചാരിയറ്റ്’എന്ന നാടകത്തിന്റെ ഭാഗമായിരുന്നു ശരൺ. ഇറ്റ്ഫോക്കിന്റെ തുടക്കം മുതൽ രംഗസജ്ജീകരണങ്ങൾ ഒരുക്കുന്നതിന് ഉൾപ്പെടെ ശരൺ സജീവമായിരുന്നു.
പിന്നീട് രംഗകലയുടെ ഭാഗമായി. കല എന്നത് മനസിലാക്കാനുള്ളത് എന്നതിനേക്കാൾ അനുഭവിക്കാനുള്ളതാണെന്നും ശരൺ പറയുന്നു. ഇന്ത്യനോസ്ട്രം തിയറ്റർ കമ്പനിയുടെ നിരവധി പ്രദർശനങ്ങളുടെ ഭാഗമാണ് ശരൺ. ഇപ്പോൾ ഗോപൻ ചിദംബരത്തിന്റെ കീഴിൽ അഭിനയത്തിൽ ഗവേഷണ വിദ്യാർഥിയാണ്
തൃശൂർ: അധികാരം എല്ലാവരെയും ഹിറ്റ്ലർ ആക്കിയേക്കുമെന്ന് സംവിധായകൻ ഹാസിം അമരവിള. ആർടിസ്റ്റ് ഇൻ കോൺവർസ്റ്റേഷനിൽ സംവിധായകൻ പ്രിയനന്ദനനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൈം ട്രാവലിലൂടെ സമകാലിക രാഷ്ട്രീയ സാധ്യതകളാണ് സോവിയറ്റ് സ്റ്റേഷൻ കടവ് നാടകമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവം ചോരാതെ ചരിത്രത്തെ നുറുങ്ങ് ചിരിയിലൂടെ അവതരിപ്പിച്ചതാണ് സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന് നടൻ കണ്ണൻ നായർ പറഞ്ഞു. മുരളീ കൃഷ്ണന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷകാരമായിരുന്നു കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെ കനൽ സാംസ്കാരിക വേദി അവതരിപ്പിച്ച സോവിയറ്റ് സ്റ്റേഷൻ കടവ്.
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകം കൂടിയാണ് സോവിയറ്റ് സ്റ്റേഷൻ കടവ് നാടകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.