ന്യൂഡൽഹി: കൊങ്കണി സാഹിത്യകാരൻ ദാമോദർ മൗസോക്കും പ്രമുഖ അസമീസ് കവിയും എഴുത്തുകാരനുമായ നീൽമണി ഫൂക്കനും ജ്ഞാനപീഠം പുരസ്കാരം. മൗസോക്ക് ഈ വർഷത്തെയും ഫൂക്കന് കഴിഞ്ഞ വർഷത്തെ പുരസ്കാരവുമാണ് ഒരുമിച്ച് പ്രഖ്യാപിച്ചത്.
ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മൗസോ. ദക്ഷിണ ഗോവയിലെ മജോർദയിൽ 1944ലാണ് ജനനം. സൂദ്, കാർമേലിൻ, സൂനാമി സിമോൺ എന്നിവയാണ് പ്രധാന കൃതികൾ. കാർമേലിൻ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഗോവയിലെ ശ്രദ്ധേയനായ മനുഷ്യാവകാശപ്രവർത്തകൻ കൂടിയാണ്. 2015ൽ പ്രഫസർ കൽബുർഗിയെ കൊലപ്പെടുത്തിയപ്പോൾ രൂക്ഷമായി പ്രതികരിച്ച അദ്ദേഹം തീവ്ര ഹിന്ദുസംഘടനകളുടെ കണ്ണിലെ കരടായി. ഗോവ സർക്കാർ ഇദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
അസമിലെ ബിംബകൽപന കാവ്യശാഖയിൽ പ്രധാനിയാണ് നീൽമണി ഫൂക്കൻ. 1933ൽ ഡെർഗാവോണിലാണ് ജനനം. കൊബിത (കവിത) എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പത്മശ്രീബഹുമതിയും ലഭിച്ചിട്ടുണ്ട്. സൂര്യ ഹേനു നമി അഹേ എയ് നൊടിയേടി, ഗുലാപി ജമുർ ലഗ്ന, കോബിത എന്നിവയാണ് പ്രധാന കൃതികൾ. യൂറോപ്യൻ, ജാപ്പനീസ് കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.