representative image

കവിതയും ജൈവ ഭാവനയും

മനുഷ്യരാശിയുടെ എക്കാലത്തെയും വലിയൊരു സ്വപ്നം ജീവിതംതന്നെ കവിതയായിത്തീരുക എന്നതാണ്. സ്വപ്നം എന്നത് ശൂന്യതയുടെ ചുരുക്കമല്ല. അത് ജീവിക്കുന്ന കാലത്തിൽ നാം നടത്തുന്ന ഇടപെടലുകളിൽനിന്ന് രൂപപ്പെട്ടുവരുന്ന ഒന്നാണ്. നുറുകൊല്ലം മുമ്പുള്ള ജനതയുടെ സ്വപ്നവും ഇന്നത്തെ ജനതയുടെ സ്വപ്നവും മൗലികമായിട്ട് വ്യത്യസ്തമായിരിക്കും. പ്രാചീന മനുഷ്യരെ പരിശോധിച്ചാൽ അവരുടേത് അവികസിത കവിതയോട് കൂടുതൽ അടുത്തുനിൽക്കുന്ന ജീവിതമായിരുന്നുവെന്ന് കാണാം. ഏറ്റവും പ്രാചീന മനുഷ്യർ ഇന്നത്തെ രീതിയിൽ പൗരരായിരുന്നില്ല എന്ന് നമുക്കറിയാം. എ.എൽ. ബാഷാം 'വണ്ടർ ദാറ്റ് വാസ് ഇന്ത്യ' എന്ന കൃതിയിൽ പൗരർ എന്ന വാക്കിന്, ശത്രുക്കൾ എന്ന അർഥവും കൂടിയുണ്ട് എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഇന്നും ചിലപ്പോൾ പൗരർ എന്നത്, മനുഷ്യർ എന്നതിന്റെ എതിർപക്ഷത്ത് നിൽക്കുന്ന അവസ്ഥ വരാം.

ഇന്നലെകളിൽ പൗരത്വമെന്നത് ഇവിടെ ജനിച്ച് ഇവിടെ മരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനിലേക്കും സ്വാഭാവികമായി വന്നുചേരുന്ന രാഷ്ട്രീയ കർതൃത്വമായിരുന്നു. എന്നാൽ ഇന്ന്, നാം നമ്മുടെ പൗരത്വം തെളിയി​േക്കണ്ട അവസ്ഥയാണ്. ആദിയിൽ പൗരർ അല്ലാതിരുന്ന, ഭരണകൂടവും പട്ടാളവും പൊലീസും ഒന്നുമില്ലാതിരുന്ന കാലത്ത്, ഈ പ്രകൃതിയിൽ ജീവിച്ച മനുഷ്യരെയാണ് നാം പൊതുവിൽ പ്രാകൃതർ എന്ന് വിളിക്കാറുള്ളത്. അതിന് ചെറിയൊരു ഭേദഗതി ആവശ്യമുണ്ടെന്ന് തോന്നുന്നു. ആദിയിൽ രൂപംകൊണ്ട മനുഷ്യരെ ആദിമർ എന്ന് വിളിക്കുന്നതായിരിക്കും ഉചിതം. ആദിമർ പ്രകൃതിയുമായി പ്രാഥമികമായി ഇടപെടുന്ന മുറക്കാണ് അവർ പ്രാകൃതരായിത്തീരുന്നത്.

അവർക്ക് ഭാഷയുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ശരീരമാണ്. ശരീരമാണ് അവരുടെ ഭൂപടം. അതാണ് ഭാഷ. അതാണ് അവരുടെ ലോകം. ആ ശരീരമാകട്ടെ, ജന്തുക്കളുടെതിൽനിന്ന് അത്രയൊന്നും വ്യത്യസ്തവുമല്ല. ജന്തുക്കളെ അടക്കി ഭരിച്ചത് രണ്ടുവികാരങ്ങളാണ്. ഒന്ന്, ഇര തേടുക.മറ്റൊന്ന് ഇണചേരുക. ഇന്നും ജന്തുജീവിതത്തെ ഈ രണ്ടു വികാരങ്ങൾ തന്നെയാണ് ഭരിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ജന്തുക്കൾക്ക് ചരിത്രപരമായി മാറ്റം ചെറിയ തോതിൽ വന്നുകൊണ്ടിരിക്കുന്നു എന്നു കാണാം. പാഠപുസ്തകത്തിൽ നമ്മൾ മുമ്പ് പരിചയിച്ച മൃഗങ്ങളെയല്ല ഇപ്പോൾ 2022െൻറ തുടക്കത്തിൽ മാധ്യമങ്ങളിലൂടെ കടന്നുപോകുേമ്പാൾ നാം കാണുന്നത്. അത് വിശദമായി പഠിക്കേണ്ട വിഷയമാണ്. പാഠപുസ്തകത്തിലെ പണ്ടത്തെ മൃഗങ്ങളെ നാം സൗകര്യത്തിന് മനുഷ്യരുടെ വിപരീതമായിട്ട് തെറ്റിദ്ധരിച്ചിരുന്നു. പണ്ട് നമ്മൾ പഠിച്ചിട്ടുള്ളത്, മനുഷ്യരിലുള്ള മാറ്റത്തെക്കുറിച്ചാണ്. മൃഗങ്ങൾ അതേപോലെ എന്നും നിശ്ചലമായിരിക്കും എന്നാണ് നമ്മുടെ യുക്തി. പക്ഷേ, വർത്തമാനകാല മൃഗാനുഭവങ്ങൾ മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ഒരാലോചന മാത്രമാണിത്. അസന്നിഗ്ധമായ ഒരു തീരുമാനമല്ല.

കോവിഡ് കാലത്ത് ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെ കാഴ്ച ടി.വിയിൽ കാണിച്ചിരുന്നു. വർഗീസ് എന്നയാളുടെ കടയുടെ മുന്നിലേക്ക് ഒരു മാൻ വരുന്നു. ആളുകൾ വരാത്തതിനാൽ കച്ചവടക്കാർക്ക് മാത്രമല്ല, ജന്തുക്കൾക്കും പ്രയാസമാണ്. കടയിലിലുള്ള കുറച്ച് ഭക്ഷണം ആ മാനിന് കൊടുത്തു. അടുത്ത ദിവസം ഈ മാനും കൂടെ മൂന്ന് മാനും കൂടി വരുകയാണ്. നമ്മുടെ ഭരണഘടന പറയുന്ന സാഹോദര്യമൊക്കെ ഈ മാൻ പ്രകടിപ്പിക്കുകയാണ്. എനിക്ക് മാത്രം ഭക്ഷണം പോരാ, എന്നെപ്പോലെ ഭക്ഷണം കിട്ടാത്ത ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരുമായുള്ള മറ്റു മാൻസുഹൃത്തുക്കൾ കൂടിയുണ്ട്. അവർക്കും ഭക്ഷണം വേണം എന്ന തിരിച്ചറിവിലേക്ക് ഒരു ജന്തു വളരുകയാണ്. നമ്മുടെ പഴയ പാഠപുസ്തകങ്ങളെല്ലാം പൊളിയുകയാണ്.

ഒരു ജന്തു കഥ കൂടി പറയാം. കുറച്ചു മുമ്പുള്ളതാണ്. ഒരു മാൻ കൂട്ടം ഓടുന്നു. പിറകെ ഒരു പുലി. മാൻകൂട്ടത്തിെൻറ അടുത്ത് പുലിക്ക് എത്താൻ കഴിയുന്നില്ല. പക്ഷേ, മാൻകൂട്ടത്തിൽനിന്ന് ഒരുമാൻ- ഗർഭിണിയാണത്- ഓടാനാവാതെ കിതച്ചിട്ട് അവിടെ നിന്നുപോവുകയാണ്. നമ്മെ അമ്പരപ്പിച്ചുകൊണ്ട് ആ പുലി അവിടെ നിൽക്കുകയാണ്. സ്നേഹത്തോടെ മാനിനെ നോക്കുന്നു. മാൻ പതുക്കെ ഒരു തിരക്കുമില്ലാതെ തിരിച്ച് നടക്കുകയാണ്. ഇടക്ക് മാൻ തിരിഞ്ഞുനോക്കുന്നുണ്ട്. പുലി മാനിനെയും നോക്കുന്നുണ്ട്. സ്നേഹാർദ്രമായ നോട്ടം. നമ്മുടെ പതിവ് വിപരീതം പൊളിയുന്നു. കാട്ടിലെ നിയമം തിരുത്തിയെഴുതപ്പെടുന്നു. സൗഹൃദത്തിന്റെ ഒരു പുതിയ ലോകം രൂപപ്പെടുകയാണ്. അതിനടുത്ത ദിവസം പത്രത്തിലൊരു വാർത്തയുണ്ടായിരുന്നു. അപകടത്തിൽപെട്ട ഗർഭിണിയെ സഹായിക്കാൻ ചെന്നവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചതി​െനക്കുറിച്ച്. ഇനി പറയൂ, 'മൃഗീയം' എന്ന വാക്ക് ആർക്കാണ് കൂടുതൽ ഉചിതം

സംസ്കാരത്തിന്റെയും സർഗാത്മകതയുടെയും കാര്യത്തിൽ ജന്തുക്കളും മനുഷ്യരും തമ്മിലുള്ള ആദാനപ്രദാനങ്ങൾ ചരിത്രത്തിലുടനീളം കാണാം. ആദിമ മനുഷ്യരുടെ ആചാര്യർ ജന്തുക്കളായിരുന്നു. അവർ പ്രകൃതിയെ അഭിമുഖീകരിച്ചത്, പ്രധാനമായിട്ടും ജന്തുക്കളെ അനുകരിച്ചുകൊണ്ടാണ്. ഒറ്റക്കൊറ്റക്ക് എടുത്താൽ ഇന്നും മനുഷ്യരേക്കാൾ മുന്നിൽ ജന്തുക്കളാണ്. കരുത്തിന്റെ കാര്യത്തിൽ സിംഹത്തോട്; നമ്മൾ എത്ര ഭക്ഷണം കഴിച്ച് തടിച്ചാലും ആനക്കൊപ്പം എത്താൻ കഴിയില്ല. പക്ഷേ, മനുഷ്യരാണ് ജന്തുക്കളെ പറ്റിയുള്ള തീരുമാനങ്ങളൊക്കെ അറിയിക്കുന്നത്.

കാരണം, ജന്തുക്കൾക്ക് തങ്ങളുടെ പറ്റത്തിൽനിന്ന് പുറത്തു കടക്കാൻ കഴിഞ്ഞില്ല. മനുഷ്യർക്ക് ഒരു സമൂഹം രൂപ​െപ്പടുത്തിയെടുക്കാൻ കഴിഞ്ഞു. ആഴത്തിൽ ആലോചിച്ചാൽ, പഴയ ജന്തുപറ്റത്തിെൻറ തുടർച്ചയാണ് ആൾക്കൂട്ടം. പക്ഷേ, ജന്തുപറ്റത്തിൽനിന്നുള്ള വൈവിധ്യം കൂടിയാണ് സമൂഹം. ഈ സാമൂഹികത സർഗാത്മകമാകുേമ്പാൾ ജന്തുജീവിതത്തിെൻറ ജൈവപരത പോലും അത് പൊളിക്കുന്നു. മനുഷ്യന്റെ സാമൂഹികതയിലേക്ക് ജന്തുക്കളും പരിണമിക്കുന്നുവെന്നാണ് നേര​േത്ത പറഞ്ഞ മാനിന്റെ ഉദാഹരണം സൂചിപ്പിക്കുന്നത്. അത് മറ്റൊരു തരത്തിൽ, ജന്തുക്കളുടെ സർഗാത്മകതയിലേക്കുള്ള സഞ്ചാരം കൂടിയാണത്.

സർഗാത്മകത പതുക്കെ ഇഴയുന്ന ഒരു ലോകത്തുനിന്ന് വളരെ വേഗത്തിലുള്ള ഒരു സഞ്ചാരമാണ്. യാന്ത്രികത യന്ത്രത്തിെൻറ അതിർത്തിയാണ്. യന്ത്രം പോലും ആ അതിർത്തിക്കപ്പുറത്തേക്ക് കടക്കുന്നുവെന്നതാണ് ആധുനിക റോബോട്ടുകൾ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതായത്, പഴയകാലത്തെ പ്രോഗ്രാം ചെയ്ത റോേബാട്ടുകൾ ചെയ്യപ്പെട്ട പ്രോഗ്രാമിനനുസരിച്ച് മാത്രം പ്രവർത്തിക്കുേമ്പാൾ പുതിയ കാലഘട്ടത്തിലെ റോബോട്ടുകൾ നൽകപ്പെട്ട പ്രോഗ്രാമുകൾക്ക് അപ്പുറം സ്വന്തം പ്രോഗ്രാമുകൾ സൃഷ്ടിക്കാൻ പ്രാപ്തി സമ്പാദിച്ചുകഴിഞ്ഞിരിക്കുന്നു. ജന്തു അതിെൻറ ജൈവപരിമിതിക്ക് പുറത്തേക്ക് കടന്നുകഴിഞ്ഞിരിക്കുന്നു.

യാന്ത്രികതക്ക് അപ്പുറം കടക്കാൻ യന്ത്രങ്ങൾക്കും കഴിഞ്ഞിരിക്കുന്നു. ഇത് രണ്ടും സത്യത്തിൽ, മനുഷ്യജീവിതത്തോട് ചേർന്നുനിൽക്കുകയാണ്. ആധുനിക ജീവിതത്തെ യന്ത്രങ്ങളിൽനിന്ന് വേർപെടുത്താൻ പറ്റില്ല.അതോടൊപ്പംതന്നെ, ആധുനിക ജീവിതത്തിെൻറ തന്നെ ഭാഗമായി, മനുഷ്യരോടൊപ്പാ ജന്തുക്കളും തുടരുകയാണ്. അതുകൊണ്ട് ജൈവ ജീവിതവും യാന്ത്രിക ജീവിതവും രണ്ടും നമ്മുടെ ജീവിതത്തിെൻറ ഭാഗമാണ്. ഈ ജൈവ ജീവിതത്തോടും യാന്ത്രിക ജീവിതത്തോടും സമ്പർക്കത്തിലേർപ്പെട്ടുകൊണ്ടുതന്നെയാണ് നമ്മുടെ സർഗാത്മകത പ്രവർത്തിക്കുന്നത്. കണക്കും കവിതയും കൂടിച്ചേർന്നൊരു കലമ്പൽ.

(കെ.എം. റഷീദിെൻറ 'നിഴലിനെ ഓടിക്കുന്ന വിദ്യ' പുസ്തക സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ നടത്തിയ പ്രഭാഷണത്തിൽനിന്ന്)

തയാറാക്കിയത്: ​കെ.കെ. സുനീറ

Tags:    
News Summary - KEN Kunhahamed says about Poetry and biological imagination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.