ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ബാല്യവും കൗമാരവും യൗവനവുമായിരുന്നു മാഷിന്റെ മനസ്സിൽ. ജീവിതം കണ്ണടച്ച് തുറക്കുമ്പോഴേക്കും എരിഞ്ഞ് തീരുകയാണ്. പ്രൈമറി വിദ്യാലയത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ, അവരെ അക്ഷരങ്ങളും വാക്കുകളും എല്ലാം ഓരോന്നായി പഠിപ്പിക്കുമ്പോൾ, അവർ പിഞ്ചുവായിൽ ഉറക്കെ ഉച്ചരിക്കുമ്പോൾ എന്തൊരു ഹരമായിരുന്നു. തന്റെ രക്തത്തിലലിഞ്ഞു ചേർന്നതാണ് അധ്യാപനം എന്നാണ് വിശ്വസിച്ചിരുന്നത്. കാലം കഴിഞ്ഞപ്പോൾ നാട്ടുകാർ മാഷിനെ മറന്നു. വഴിയിൽ എവിടെവെച്ചെങ്കിലും കണ്ടാൽ ബഹുമാനം കൊണ്ടു മാറി നിൽക്കും. ഒരു കുശലാന്വേഷണം നടത്താൻ പോലും ആരും മുന്നോട്ടുവരില്ല. ഇന്ന് ഇപ്പോൾ പ്രായമായി, ഒന്നിനും ആവതില്ലാതെ തനിയെ ഈ തറവാട്ടിൽ കിടന്ന് ബുദ്ധിമുട്ടുമ്പോൾ ആരും കൂട്ടിനില്ല. ആയ കാലത്ത് കല്യാണം കഴിക്കാത്തതിന്റെ പ്രശ്നമാണ് എന്നാണെല്ലാവരും പിറുപിറുക്കുന്നത്. അല്ലാതെ അവരുടെ മക്കളെ എഴുത്തും വായനയും പഠിപ്പിച്ചു എന്നുെവച്ച് മാഷിനെ ജീവിതകാലം മുഴുവൻ പോറ്റിക്കൊള്ളാമെന്ന് ഏൽക്കാൻ പറ്റില്ലല്ലോ. അപ്പോ പിന്നെ അവരുടെ ഭാഗത്ത് തന്നെ ന്യായം. മാഷ് നെടുവീർപ്പിട്ടു. ലോകത്തിന് ഇപ്പോൾ തന്റെ കണ്ണിൽ വെറും കരി പുതഞ്ഞ ചിമ്മിനിയുടെ നിറമാണ്. എവിടെ നോക്കിയാലും മങ്ങൽ മാത്രം. പെൻഷൻ തുക കൊണ്ട് ജീവിതം തള്ളി നീക്കുന്നതിൽ പ്രയാസം ഉണ്ടായിട്ടല്ല. പട്ടിണിയേക്കാൾ പ്രശ്നം ഏകാന്തതയാണ്. മിണ്ടാനും പറയാനും ആരുമില്ലാതെ പ്രഭാതം മുതൽ പ്രദോഷം വരെ ചുവരുകളോടും ഉമ്മറത്ത് ഞാന്നു കിടക്കുന്ന മുല്ല വള്ളികളോടും പരിഭവം പറയുമ്പോൾ ശ്മശാനത്തിൽ എരിഞ്ഞ് തീർന്ന ചിതകളോട് സംസാരിക്കുന്ന പ്രതീതിയാണ്. എന്നും ഒരേ കാര്യങ്ങൾ ചിന്തിക്കുന്നു, ഒരേ പുസ്തകങ്ങൾ വായിക്കുന്നു. അടുപ്പത്ത് അരി തിളക്കുമ്പോൾ ഓർമയുടെ വക്കിൽനിന്ന് ഞെട്ടിയുണർന്നു കലം തൊടുമ്പോൾ കൈ പൊള്ളുന്നു. ജീവിതത്തിന് ഓളം ഉണ്ട്, താളം ഉണ്ട്... എന്നും ഒരേ താളം ആണെങ്കിൽ മടുത്ത് പോകില്ലേ...? കുട്ടികളെ പഠിപ്പിച്ചത് കൊണ്ട് തനിക്ക് ഇതുവരെ ഒരു ഉപകാരവും ഉണ്ടായിട്ടില്ലേ? അന്ന് തോന്നിയ സംതൃപ്തിയും അനുഭൂതിയും അല്ലാതെ വേറെ ഒന്നും? പെൻഷൻ കിട്ടുന്നുണ്ടല്ലോ... അതെ, അതിൽ കൂടുതൽ എന്ത് ആഗ്രഹിക്കാനാണ്? അതുകൊണ്ട് പിള്ളേരെ ശപിക്കാൻ പറ്റില്ലല്ലോ. തനിക്ക് പിന്നെ എന്താണ് വേണ്ടത്? അറിയില്ല...
മാഷ് ചാരുകസേരയിൽനിന്ന് എഴുന്നേറ്റ് തൂണിൽ പിടിച്ചു നടക്കാൻ ശ്രമിക്കവേ അടി തെറ്റി വീഴാൻ പോയി. പക്ഷേ ബലിഷ്ഠമായ രണ്ട് കൈകൾ അദ്ദേഹത്തെ താങ്ങി. അത്ഭുതത്തോടെ തല ഉയർത്തി നോക്കി. കരി പിടിച്ച ലോകത്തിന്റെ ചിത്രമല്ലാതെ ഒന്നും കാണാൻ കഴിഞ്ഞില്ല.
''എന്താ മാഷേ ഇത്? നോക്കിയും കണ്ടും ഒക്കെ നടക്കണ്ടേ? അല്ലെങ്കിൽ വീഴില്ലേ? ഈ വയസ്സാം കാലത്ത് പണി ഉണ്ടാക്കണോ?.'' ശരീരത്തിൽ നിന്ന് പിടി വിടാതെയുള്ള ആഗതന്റെ ചോദ്യം മാഷിന്റെ അകത്തട്ടിൽ അലയടിച്ചു. ഈ ശബ്ദം... എവിടെയോ... ഉണ്ട്... ചില മിനുക്ക് പണികൾ നടന്നിട്ടുണ്ട് എന്നല്ലാതെ അതിന് മാറ്റം ഒന്നും ഇല്ലല്ലോ.മാഷ് ഓർത്തെടുക്കാൻ ശ്രമിച്ചു.
''മാഷ് വാ, നമുക്ക് അകത്തിരിക്കാം''.
ആഗതൻ മാഷിനെ പിടിച്ച് അകത്തെ മുറിയിലെ കയറ്റു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി. മേശമേൽ പത്രത്തിന് മുകളിലായിെവച്ചിരുന്ന കണ്ണട എടുത്ത് മാഷിന്റെ കണ്ണുകളിൽെവച്ചു കൊടുത്തു. എന്നിട്ട് മുറിയിലെ ജാലകങ്ങൾ തുറന്നു. വെളിച്ചം തുള്ളി തുള്ളിയായി കടന്ന് വന്നപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന അരോഗദൃഢഗാത്രനായ, നല്ല പോലെ വസ്ത്രം ധരിച്ച മനുഷ്യന്റെ മുഖം തെളിഞ്ഞുവന്നു. ആ മുഖത്ത് താൻ പണ്ട് പഠിപ്പിച്ച ഒരു കുഞ്ഞിന്റെ പുഞ്ചിരി ഉണ്ടായിരുന്നു.
''നീ...'' മാഷ് അവന്റെ നേരെ കൈ ചൂണ്ടി തന്റെ ഓർമകൾ പരതി.
''വേണ്ട മാഷേ... ഓർത്ത് എടുക്കൽ അത്ര നിർബന്ധം ഉള്ള കാര്യം ഒന്നും അല്ല.'' അയാൾ മാഷിന്റെ കാൽചുവട്ടിലായി നിലത്ത് ചമ്രം പടിഞ്ഞിരുന്നു. ആ കാലുകൾ മടിയിലേക്ക്ച്ചവെച്ച് തടവി. ഹൃദയത്തിന്റെ ഏതോ അറയിൽ മുറിവേറ്റ് രക്തം മിഴിനീരായി ഒലിച്ചിറങ്ങുമ്പോൾ അത് തുടക്കാൻ ഉള്ള ശേഷി പോലും മാഷിന് ഉണ്ടായിരുന്നില്ല..
''അയ്യേ... മാഷ് കരയാണോ? അറിയാലോ കരയുന്നവർക്ക് ചൂരൽ കൊണ്ടുള്ള നല്ല അടിയാണ് ശിക്ഷ!! മാഷ് എന്നെക്കൊണ്ട് അത് ചെയ്യിക്കരുത്.'' അയാൾ പൊട്ടിച്ചിരിച്ചു.
''മാഷ് വല്ലതും കഴിച്ചാരുന്നോ?'' അയാളുടെ സ്നേഹത്തോടെ ഉള്ള ആ ചോദ്യത്തിന് മുന്നിൽ മാഷിന് മൗനം മാത്രമേ മറുപടി ഉണ്ടായിരുന്നുള്ളൂ...
''ഉണ്ടാവില്ല, എനിക്കറിയാം.'' അയാള് എഴുന്നേറ്റ് പോയി ഉമ്മറപ്പടിയിൽ െവച്ചിരുന്ന പൊതികളുമായിവന്നു. അതെല്ലാം തറയിൽ നിരത്തിെവച്ചു. വിപുലമായ ഒരു സദ്യതന്നെ ഉണ്ടായിരുന്നു അതിൽ. എല്ലാവിധ കറികളും കൂട്ടാനും. വിളമ്പി വെച്ച ചോറിലേക്ക് എല്ലാം ചേർത്ത് കുഴച്ച് ഉരുളയാക്കി മാഷിന്റെ വായിൽവെച്ചു കൊടുത്തു...നിറഞ്ഞുവന്ന കണ്ണുകൾകൊണ്ട് വീണ്ടും കാഴ്ചകൾ അവ്യക്തമായപ്പോൾ അദ്ദേഹം തേങ്ങി.
മാഷിന്റെ കൈകൾ കഴുകി കൊടുക്കുമ്പോൾ അയാൾ അദ്ദേഹത്തിന്റെ കവിളിൽ ഒന്ന് തട്ടി. ''നല്ല കുട്ടി.'' എവിടെയോ നഷ്ടപ്പെട്ട ചിലത് തിരിച്ചു കിട്ടിയ പ്രതീതിയോടെ മാഷ് കരഞ്ഞു.
''മാഷിന് ഓർമയുണ്ടോ, ഞാൻ നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത്, ഒരു ദിവസം മാഷ് എന്നോട് 'വാത്സല്യം' എന്ന് ബോർഡിൽ എഴുതാൻ പറഞ്ഞു. നാല് വർഷം സ്കൂളിൽ പോയിട്ടും ഒരു അക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്ത എന്നെ സംബന്ധിച്ച് അത് ഒരു കടുത്ത പരീക്ഷണമായിരുന്നു. മാഷ് തന്ന ചോക്ക് കൈയിൽ പിടിച്ച് മിഴിച്ചുനിന്ന എന്നെ മാഷ് തൂക്കിയെടുത്ത് വെളിയിലേക്കിട്ടു. എന്നിട്ട് പറഞ്ഞു; പോയി തുലയെടാ നശൂലമേ.നാണക്കേട് ഉണ്ടാക്കാൻ വന്നിരിക്കുന്നു. എഴുതാനും വായിക്കാനും അറിയാതെ ജീവിക്കാൻ പറ്റില്ല. അറിയുമോ നിനക്ക് എന്ന്... കുട്ടികളുടെ പരിഹാസത്തിന്റെയും മാഷിന്റെ ദേഷ്യത്തിന്റെയും സമ്മിശ്ര നോട്ടങ്ങളെ തലകുനിച്ച് ആവാഹിച്ച്, പൊട്ടിക്കരഞ്ഞ് അവിടെനിന്ന് പടിയിറങ്ങിയതിൽ പിന്നെ ഞാൻ ഒരു സ്കൂളിലും പോയിട്ടില്ല. കരഞ്ഞു തളർന്ന് അമ്മയുടെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ അമ്മ പറഞ്ഞു: മാഷിന് അറിയാം എഴുത്തും വായനയും അറിയാതെ ജീവിക്കാൻ പറ്റില്ല എന്ന്, എന്നിട്ട് എന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ അദ്ദേഹം ശ്രമിക്കാതെ ഇറക്കി വിട്ടിരിക്കുന്നു, പഠിക്കാനാണല്ലോ സ്കൂളിൽ വിടുന്നത്. മോൻ വിഷമിക്കണ്ട, നമുക്ക് വേറെ സ്കൂളിൽ പോകാം. പക്ഷേ അന്നേരം ഞാൻ പറഞ്ഞത് എന്താണ് എന്നറിയോ മാഷിന്? എഴുത്തും വായനയും അറിയാതെ ജീവിക്കണം എന്ന്. അന്ന് മുതൽ ഞാൻ പണിക്ക് പോയി തുടങ്ങി. എല്ല് മുറിയെ, കൈയിലും കാലിലും തഴമ്പ് വരുവോളം രാപ്പകലില്ലാതെ കൂപ്പിലും ക്വാറിയിലും ഞാൻ പണിയെടുത്തു. വർഷങ്ങൾക്കിപ്പുറം ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതും എഴുത്തും വായനയും അറിയാതെയാണ് എന്ന് പറഞ്ഞാൽ മാഷ് വിശ്വസിക്കുമോ?''
ഒരു അർധവിരാമം കണക്കെ അയാൾ പറഞ്ഞു നിർത്തി. ഞെട്ടിത്തരിച്ച് ഇരിക്കുകയായിരുന്ന മാഷ് മറുപടി പറയാനാകാതെ കുഴഞ്ഞു. വീണ്ടും
''നീ...'' എന്ന് പറഞ്ഞു, മുഴുമിപ്പിച്ചില്ല.
''വേണ്ട മാഷേ, വർഷങ്ങൾക്കിപ്പുറം മാഷ് പറഞ്ഞത് തെറ്റാണ് എന്ന് സ്ഥാപിച്ചെടുക്കാനോ പഴയതെല്ലാം ഓർമിപ്പിച്ച് മാഷിനെ വേദനിപ്പിക്കാനോ അല്ല ഞാൻ വന്നത്. അന്ന് മാഷ് എന്നെ പുറത്താക്കിയത് ഒരുപക്ഷേ, പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിലായിരിക്കാം, അല്ലാതെ ഒരിക്കലും ഒരു അധ്യാപകൻ തന്റെ ശിഷ്യനെ വെറുക്കില്ലെന്ന് എനിക്കറിയാം, പക്ഷേ അന്നത്തെ ആ നിമിഷത്തിന് എന്റെ ജീവിതത്തിന്റെ വിലയുണ്ടെന്ന് എനിക്ക് മനസ്സിലാക്കി തന്നത് മാഷാണ്. മാഷിന് ഒരു കാര്യം അറിയുമോ, എനിക്ക് മാഷ് ദൈവത്തെ പോലെയായിരുന്നു, അവതാര പുരുഷനായിരുന്നു, അത്ഭുത മനുഷ്യനായിരുന്നു. ഞങ്ങൾക്ക് മുന്നിൽ മാഷ് വിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, മാഷിന് എല്ലാം അറിയാം... മാഷ് ഓരോ പുസ്തകം വായിക്കാൻ പറയുമ്പോൾ കവലയിലെ പൊതുവായനശാലയിൽനിന്നും അതെല്ലാം ഞാൻ തപ്പിയെടുക്കും. ചട്ടയിലെ ചിത്രങ്ങൾ നോക്കി. എന്നിട്ട് അതിലെ താളുകൾ മറിച്ചു എല്ലാം മനസ്സിലായി എന്ന മട്ടിൽ ആസ്വദിക്കും. അക്ഷരങ്ങൾ അറിയാത്തതിൽ ഞാൻ എന്ത് മാത്രം കരഞ്ഞിട്ടുണ്ട് എന്നറിയാമോ?'' അയാൾ കണ്ണുതുടച്ചു തുടർന്നു; ''അന്നൊക്കെ ഞാൻ വിചാരിക്കും എനിക്കും പഠിക്കാൻ പറ്റുമെന്ന്. ആ ശുഭ പ്രതീക്ഷയിലായിരുന്നു ഞാൻ സ്കൂളിൽ വന്നു കൊണ്ടിരുന്നത്. ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ല അല്ലേ മാഷേ.'' അയാൾ മന്ദസ്മിതം തൂകി.
മാഷ് തന്റെ കൈകൾ കൊണ്ട് അയാളുടെ മുഖം തഴുകി.
''മോനേ... നീ എന്നോട് ക്ഷമി....'' അത് മുഴുമിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല. മാഷിന്റെ ചുണ്ടിൽ വിരൽ ചേർത്തുവെച്ചു.
''വേണ്ട മാഷേ... എനിക്ക് ഇങ്ങനത്തെ വികാര നിർഭരമായ നിമിഷങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല.'' അയാൾ ചിരിച്ചു, ഒപ്പം മാഷും..
''നിന്റെ ഓരോ വാക്കുകളിലും നന്മയുടെ കൈയൊപ്പുണ്ട് മോനേ.'' മാഷ് അയാളെ ചേർത്ത് പിടിച്ചു. ''ഞാൻ കാരണം നീ...''
''ഇല്ല മാഷേ, എങ്ങനെയൊക്കെ ആലോചിച്ചാലും മാഷിനെ കുറ്റപ്പെടുത്താൻ ഇതുവരെ എനിക്ക് തോന്നിയിട്ടില്ല, മാഷ് കാരണമാണ് ഞാൻ ഈ നിലയിലെത്തിയത് എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. ഞാൻ ഇപ്പോ വന്നത് എന്തിനാണ് എന്നാണ് മാഷ് കരുതിയിരിക്കുന്നത്? അന്ന് താൻ പുറത്താക്കിയ ഒരുത്തൻ നിലയും വിലയും പ്രദർശിപ്പിക്കാൻ വന്നതാണെന്നല്ലേ... എന്നാൽ അങ്ങനെയല്ല. ഞാൻ കുറച്ച് കാലം ഇവിടെ ഉണ്ടാകും.''
മാഷ് ചോദ്യ ഭാവത്തിൽ അയാളെ നോക്കി.
''ഇവിടെ എന്നുെവച്ചാൽ ഈ വീട്ടിൽ... അവസരങ്ങൾ ഉണ്ടായിട്ടും ഞാൻ എഴുതാനും വായിക്കാനും പഠിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ മാഷ് ഒന്ന് ഞെട്ടിയില്ലേ. ആ പറഞ്ഞത് സത്യമാണ്, അത് പക്ഷേ ഇങ്ങനെയൊരു നിമിഷത്തിന് വേണ്ടിയോ മാഷിനെ തരം താഴ്ത്തി സംസാരിക്കാനോ അല്ല, അക്ഷരത്തിന്റെ കൂട്ടില്ലാത്ത ജീവിതം മടുപ്പ് നിറഞ്ഞതാണ്. മാഷിന്റെ വാക്കുകൾ തന്നെയാണ് ആ സത്യം എനിക്ക് മനസ്സിലാക്കി തന്നത്. മാഷിന്റെ അടുത്തുനിന്ന് തന്നെ അതൊക്കെ പഠിക്കണം... അന്ന് പാഴായിപ്പോയ ആ ഹരിശ്രീ കുറിക്കൽ ഇന്ന് ഇവിടെെവച്ചാകട്ടെ. ഞാൻ അരിയൊക്കെ കൊണ്ടു വന്നിട്ടുണ്ട്. ദക്ഷിണ എന്താണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി, ഉടൻ ഇവിടെ എത്തും. എന്താ മാഷേ സമ്മതമാണോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ പറയണം, ഇവിടെ താമസമാക്കാൻ ഞാൻ കൊണ്ടുവന്ന പെട്ടിയും കിടക്കയും ഒക്കെ കാറിൽനിന്ന് പുറത്ത് ഇറക്കേണ്ടല്ലോ.'' അയാൾ വീണ്ടും ചിരിച്ചു. സ്വപ്നത്തിലെന്നപോലെ എല്ലാം കേട്ടുനിന്ന മാഷ് ഞൊടിയിടയിൽ അയാളെ ആലിംഗനം ചെയ്തു. മാഷിന്റെ ശുഷ്കിച്ച ശരീരം അയാൾ ചേർത്തുപിടിച്ചു. എന്നെങ്കിലും താൻ ആഗ്രഹിച്ചത് നഷ്ടമായി എന്ന് തോന്നിയിട്ടുണ്ട് എങ്കിൽ അത് ഈ നിമിഷത്തിനു വേണ്ടി തന്നെയായിരുന്നു എന്ന് അയാൾ ഓർത്തു.
വെള്ളിത്തളികയിലെ നനഞ്ഞ അരിയിൽ മാഷ് അയാളുടെ കൈകൾ കൊണ്ട് ആദ്യക്ഷരം കുറിച്ച് കൊടുത്തു. ''അ''
മാഷ് പറഞ്ഞു കൊടുത്തപ്പോൾ അയാളും ഹൃദയം കൊണ്ട് ഉച്ചരിച്ചു.
''അ''...
l
(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.